സ്പാനിഷ് ഫ്ലൂ കാലത്തെ ബെംഗളുരുവിനെ കുറിച്ച്

മഹാമാരികളുടെ ചരിത്രം പലപ്പോഴും അങ്ങനെ തന്നെയാണ്. ചരിത്രത്തില്‍ നിന്നും നാം എത്ര മുന്നോട്ടാഞ്ഞാലും ചിലതൊക്കെ പല പേരുകളില്‍ വീണ്ടും തിരിച്ചു വന്നു നമ്മെ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കും.

1918 ജൂൺ- മുംബൈ നഗരത്തിൽ പൊടുന്നനെ തികച്ചും പരിചിതമല്ലാത്ത ഒരു അസുഖം പടർന്നുപിടിക്കുന്നു. ആകസ്മികം എന്നു തന്നെ പറയും വിധത്തില്‍  ആയിരക്കണക്കിന് ജനങ്ങളിൽ പനി, ചുമ,  ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവ പ്രത്യക്ഷപ്പെടുന്നു. അതെ,  ഈ കൊറോണക്കാലത്തിന്  മുമ്പും ഇങ്ങനെ ചില ആരോഗ്യ അരക്ഷിതാവസ്ഥ ലോകം കണ്ടിട്ടുണ്ട്. ജന്മം സ്പെയിനിൽ അല്ലെങ്കിലും സ്പാനിഷ് ഫ്ലൂ എന്നറിയപ്പെടുന്ന മഹാമാരിയുടെ വരവായിരുന്നു അത്. ആയിരക്കണക്കിന് ജനങ്ങൾ ശ്വാസകോശങ്ങളിൽ ദ്രവം നിറഞ്ഞ് ഓക്സിജൻ വിനിമയം അസാധ്യമാകുന്നതോടെ മരിച്ചു വീഴാൻ തുടങ്ങി.എല്ലാ മഹാമാരികളുടെയും മാതാവാണെന്നാണ് ശാസ്ത്രജ്ഞന്മാർ സാക്ഷ്യപെടുത്തിയ  ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ അപഹരിച്ച  സ്പാനിഷ് ഫ്ലുവിനെക്കുറിച്ച് പറയുന്നത്.

ലോകത്താകമാനം അഞ്ചു കോടിയില്‍ ഏറെ മനുഷ്യരുടെ ജീവന്‍ എടുത്ത സ്പാനിഷ് ഫ്ലൂ എന്ന പകർച്ചവ്യാധി 1918-ലെ വസന്തകാലത്താണ് പൊട്ടിപ്പുറപ്പെടുന്നത്. അമേരിക്കയില്‍ നിന്നാണ് ഇതിന്‍റെ ഉത്ഭവം. ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലമായതിനാല്‍ മറ്റ് യൂറോപ്യൻ രാജ്യങ്ങളൊക്കെയും അസുഖ വിവരം മറച്ചു വച്ചു. യുദ്ധ കാലമായതിനാല്‍ എല്ലാ വാര്‍ത്തകള്‍ക്കും വിലക്കുണ്ടായിരുന്നു. പക്ഷെ സ്പെയിന്‍ ഇക്കാര്യത്തില്‍ നീതി പുലര്‍ത്തി. കരുതല്‍ ഇല്ലെങ്കില്‍ മനുഷ്യ വംശത്തെ തന്നെ ഇല്ലാതാക്കിയേക്കുന്ന മഹാമാരിയെ കുറിച്ചു സ്പെയിൻ ലോകത്തെ അറിയിച്ചു. ഫ്ലൂ വിനൊപ്പം സ്പാനിഷ് എന്ന പേരു കൂടി ചാര്‍ത്തപെട്ടതു അങ്ങനെയാണ്.

യൂറോപ്പിൽ നിന്ന് തിരിച്ച് വന്ന സൈനികരിലൂടെയാണ് സ്പാനിഷ് ഫ്ലൂ നമ്മുടെ രാജ്യത്ത് എത്തിയത്. അതും മുംബൈ നഗരത്തിൽ. പിന്നെ പതിയെ പതിയെ മറ്റു നഗരങ്ങളിലേക്കും.

കാട്ടുതീ കണക്കെ പടർന്ന വൈറസ് വ്യാപനം മൈസൂരിനെ തീവ്രമായി തന്നെ ബാധിച്ചു എന്ന് തന്നെ പറയാം. പ്ളേഗിനു പോലും അത്ര തീവ്രമായി കീഴടക്കാന്‍ പറ്റാതെ പോയ മൈസൂരു നഗരത്തിനു സ്പാനിഷ് ഫ്ലുവിന്‍റെ മുന്നില്‍ വിയര്‍ക്കേണ്ടി വന്നു.

യുദ്ധകാലം ആയതിനാൽ അവശ്യവസ്തുക്കളുടെ വിലയും കുതിച്ചുയർന്നു. കാലവർഷവും ചതിച്ചതോടെ സ്ഥിതിഗതികൾ അതിരൂക്ഷമായി. ബെംഗളൂരു നഗരത്തിൽ ജൂൺ അവസാനവാരം റിപ്പോർട്ട് ചെയ്ത അസുഖം അത്ര വലിയ ആഘാതം ഏൽപ്പിക്കാതെ കടന്നുപോയെങ്കിലും  സെപ്റ്റംബറിലെ രണ്ടാം വരവിൽ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് നഗരത്തെ തള്ളിയിട്ടു. ഒരു കുടുംബത്തിലെ എല്ലാവരും അസുഖ ബാധിതരാവുന്ന അവസ്ഥ വരെ ഉണ്ടായി.
ആശുപത്രികളിൽ രോഗികളെ കൊണ്ട് നിറഞ്ഞു. ഡോക്ടർമാരും നഴ്സുമാരും  രോഗികൾക്കിടയിലൂടെ നെട്ടോട്ടമോടുകയായിരുന്നു. കോവിഡ് 19 നെ അപേക്ഷിച്ച് സ്പാനിഷ് ഫ്ലുവിനെ മരണനിരക്ക് വളരെ കൂടുതലായിരുന്നു. വാർധക്യത്തെ മാത്രമല്ല യുവത്വത്തെയും പിടിച്ചുലച്ചു കൊണ്ട് മരണനിരക്ക് കൂടിക്കൊണ്ടേയിരുന്നു.

എല്ലാ മേഖലയിലെ ജനങ്ങളെയും അസുഖം ബാധിച്ചതോടെ നഗരവീഥികളിലും ഓഫീസുകളിലും ആൾപ്പെരുമാറ്റം ഇല്ലാതെയായി.ഒക്ടോബർ ആദ്യവാരം സിറ്റി മുൻസിപ്പൽ കൗൺസിൽ പ്രസിഡണ്ട് കെ പി പുട്ടണ്ണ ചെട്ടിയുടെ നേതൃത്വത്തിൽ ആരോഗ്യ രംഗത്ത് മെച്ചപ്പെട്ട നിരവധി പദ്ധതികൾ നടപ്പിലാക്കി. എല്ലാവരിലേക്കും മരുന്നുകൾ എത്തിക്കാൻ മെഡിക്കൽ സ്റ്റോറുകൾ പതിവിൽ കൂടുതൽ സമയം തുറന്നു പ്രവർത്തിച്ചു. പ്രതിരോധ മരുന്നായ  തൈമോൾ സംഭരിച്ചു  വച്ചു.ഇന്ന് അമേരിക്കയിൽ കാണുന്നതുപോലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞപ്പോൾ ആശുപത്രിക്ക് പുറത്ത് താൽക്കാലിക  ടെന്റുകൾ ഉയർന്നു. അസുഖബാധിതരെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകർ തീവ്ര പരിശ്രമത്തിലേർപ്പെട്ടു. രോഗികളുടെയും ഡോക്ടർമാരുടെയും അനുപാതം ക്രമാതീതമായി വർധിച്ചപ്പോൾ സർവീസിൽ നിന്ന് വിരമിച്ച ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും കർമ്മനിരതരായി. ഇന്നുള്ളത് പോലെ മൊബൈൽ ഫോൺ, ടിവി ബോധവൽക്കരണം ആയിരുന്നില്ല അന്നത്തേത്,  കാരണം കാലം വളരെ പുറകിലാണ്. ഒപ്പം  വിവര സാങ്കേതിക വിദ്യയും. ആരോഗ്യ  ബോധവൽക്കാരണത്തിനായി കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ലഘുലേഖകൾ അച്ചടിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. അസുഖബാധിതരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ,  എങ്ങനെയാണ് അസുഖം മറ്റുള്ളവരിലേക്ക് പകരുന്നത്, അസുഖബാധിതർ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ട് കഴിയേണ്ടതിന്റെ ആവശ്യകഥ എന്നിവ ഉൾപ്പെടുത്തിയായിരുന്നു ലഘുലേഖകൾ. രോഗികളുടെ അടുത്ത് പോകുന്നവർ വൃത്തിയുള്ള തൂവാലയിൽ ഒരു ടീസ്പൂൺ നീലഗിരി തൈലം കുടഞ്ഞ് മൂക്കിനും വായ്ക്ക് ചുറ്റും കെട്ടണമെന്ന് നിർദേശിച്ചു.

ഇന്നത്തെ ജനങ്ങൾ എത്രമാത്രം സന്നദ്ധ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു എന്നത് മൊബൈൽ ഫോണുകളിലൂടെയും ടെലിവിഷനിലൂടെയും നമ്മൾക്ക് കാണാൻ കഴിയുന്നതാണ്. ചുറ്റുമുള്ള മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കു പോലും ഭക്ഷണം എത്തിക്കാനും നമ്മൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ലോക്ക്  ഡൌണ്‍  കാലഘട്ടങ്ങളിൽ ബുദ്ധിമുട്ടുന്നവർക്ക് കൈത്താങ്ങേകിക്കൊണ്ട്  തന്നെയാണ് നമ്മൾ കോറോണയ്ക്കെതിരെ പോരാടുന്നത്. വിശക്കുന്നവന് ഒരുപിടി അന്നം വച്ചു നീട്ടാൻ അന്നും സന്നദ്ധമായ കരങ്ങളുണ്ടായിരുന്നു. ബംഗളുരു നഗരത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് അന്നത്തെ ചീഫ് ഓഫീസർ ആയിരുന്ന ആർ സുബ്ബറാവു ആയിരുന്നു. നഗരത്തെ വിവിധ ബ്ലോക്കുകളായി തിരിച്ച് അദ്ദേഹം ഗവൺമെൻറ് തയ്യാറാക്കി നൽകിയ പാൽ,കഞ്ഞി തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കാറുകളിലും കുതിര വണ്ടികളിലും ലോറികളിലും വിതരണം ചെയ്യാൻ നേതൃത്വം നൽകി.

ഫാദർ  ബ്രിയാർഡ്, രാമചന്ദ്ര റാവു, റവ:ഡി എ റീസ്, ബി.ഉസ്മാൻ ഖാൻ, ചിന്നസ്വാമി ഷെട്ടി, ഗുലാം ദാസ്‌തംഗീർ, ബി കെ ഗരുഡാചാർ, ആർ ഗോപാലസ്വാമി അയ്യർ എന്നിങ്ങനെ നിരവധി പേരാണ് അന്നത്തെ ദുരന്തഭൂമിയിൽ സഹജീവികൾക്ക് വേണ്ടി കർമ്മനിരതരായത്. തൻറെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി കെ പി പുട്ടണ്ണ തെരുവിലിറങ്ങി തന്നെ പ്രവർത്തിച്ചു.

നവംബർ അവസാന വാരത്തോടെ  സ്പാനിഷ് ഫ്ലൂ നിയന്ത്രണ വിധേയമായി. മൈസൂരിൽ 1,95,000 പേരും ബെംഗളൂരുവിൽ മാത്രം 40,000 പേരും മരണത്തിനു കീഴടങ്ങി. ആധുനിക ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയായിട്ടാണ് സ്പാനിഷ് ഫ്ലൂവിനെ ലോകം കണക്കാക്കുന്നത്. വീടുകളിൽ തന്നെയിരിക്കുക  സ്വയം സുരക്ഷിതരാവുക എന്നതിലൂടെ സ്പാനിഷ് ഫ്ലൂവിന്‍റെ ആവർത്തനം ആകാതിരിക്കട്ടെ ഈ കൊറോണക്കാലം എന്ന് നമുക്ക് പ്രത്യാശിക്കാം.

(എഴുത്തിനു കടപ്പാട് :  മീരാ അയ്യർ  സ്വതന്ത്ര വിവര്‍ത്തനം : കീര്‍ത്തി എം)


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം