പ്രശാന്ത് ഭൂഷൺ നിലപാടുകളുടേയും ആർജ്ജവത്തിൻ്റേയും പ്രതീകമാണ്

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

പ്രശാന്ത് ഭൂഷൺ കേസിൽ രാജ്യത്തെ പരമോന്നത നീതിപീഠം വലിയൊരു ആശയ കുഴപ്പത്തിലൂടെ കടന്നു പോകുകയാണ്

 

വല്ലാത്തൊരു കെണിയിലാണ് പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിലെ പ്രമുഖ ജഡ്ജി ഏമാന്മാരെ കൊണ്ടെത്തിച്ചിരിക്കുന്നത്. അദ്ദേഹത്തെ ശിക്ഷിച്ചാൽ ഇതൊരു അന്താരാഷ്‌ട്ര വാർത്തയാകും. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് വലിയ ചർച്ചകൾ ഉണ്ടാകും, അദ്ദേഹത്തിന്റെ ട്വീറ്റ് കൂടുതൽ ആളുകൾ  വായിക്കും, നിലപാടുകൾ വലിയ ചർച്ചയാകും, ഡൽഹിയിലെ വഴിയോരങ്ങളിൽ ഹാർളി ഡേവിഡ്‌സൺ ബൈക്കിൽ കറങ്ങുന്ന വലിയ ജഡ്ജി ഏമാനെക്കുറിച്ച് ലോകം മുഴുക്കെ ട്രോളുകൾ വരും..

മാത്രമല്ല, മുൻ ചീഫ് ജസ്റ്റിസിന്റെ ബാബരി മസ്ജിദ് വിധിയും, വിധി ന്യായത്തിലെ ചർച്ചയായ ചില ഉദ്ധരണികളും, പ്രത്യുപകാരമായി കോടതിയിൽ നിന്നും വിരമിച്ചു നേരെ രാജ്യസഭയിലേക്ക് പോയി ഇരിപ്പു ഉറപ്പിച്ചതും എല്ലാം വീണ്ടും പുനർ വായിക്ക പെടും. പണ്ടത്തെ പല കഥകളും ചരിത്രവുമെല്ലാം വീണ്ടും എപ്പിസോഡുകളായി വരും. വിനീത വിധേയനായി ദാസ്യവേല ചെയ്യുന്ന ഇന്ത്യൻ മാധ്യമങ്ങളെപ്പോലെയല്ലല്ലോ വിദേശ മാധ്യമങ്ങൾ. അന്താരാഷട്ര വേദികളിൽ, അവർ ഇന്ത്യൻ ജുഡീഷ്യറിയെ വിചാരണ ചെയ്യും, അകവും പുറവും  കീറി മുറിച്ചു പരിശോധിക്കും.

ഇനി ശിക്ഷിക്കാതെ വിട്ടാലോ, അതും പൊല്ലാപ്പാകും, പുതിയ കീഴ് വഴക്കങ്ങൾ സൃഷ്ടിക്കും, പ്രശാന്ത് ഭൂഷണ് ഒരു താര പരിവേഷം ലഭിക്കും. അദ്ദേഹത്തെ അനുകരിച്ച് കൂടുതൽ ആളുകൾ ശബ്ദിക്കാൻ തുടങ്ങും. രാജ സിംഹാസനത്തിനു അത് ക്ഷീണവും പുതിയ ഭീഷണികളും സൃഷ്ടിക്കും.

രണ്ടായാലും പ്രശ്നമാണ് ……

മുട്ടിലിഴയുമെന്നാണ് അവർ കരുതിയിരിക്കുക. നടപ്പു രീതിയും അതാണല്ലോ ..!
പലയാളുകളും ചെയ്തും പറഞ്ഞും ശീലിച്ചിട്ടുള്ളത്. അത് തന്നെ ….

പക്ഷേ, അയാൾ മാപ്പ് പറഞ്ഞില്ല, മുട്ടിലിഴഞ്ഞതുമില്ല. താൻ എഴുതിയതും പറഞ്ഞതും തികഞ്ഞ ബോധ്യത്തോടെയാണ്. ഈ ഭരണഘടനാ സ്ഥാപനത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണത്. ഒരു പൗരനെന്ന നിലക്കുള്ള ഉത്തരവാദിത്തമാണത്. അതുകൊണ്ട് തന്നെ ദയ യാചിക്കുന്നില്ല,
മാപ്പ് പറയുന്നുമില്ല. കോടതി നൽകുന്ന വിധി സ്വീകരിക്കാൻ  തയ്യാർ…!

ബ്രിട്ടീഷ് കാർക്കെതിരെ പണ്ട് മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകൾ പോലെ …!

നിയമവാഴ്ചയുടെയും ജനാധിപത്യത്തിന്റെയും നിലനിൽപിന് വേണ്ടി ശബ്ദമുയർത്തേണ്ട മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുട്ടിലിഴയുമ്പോൾ,
ഒത്തു തീർപ്പിനു തയ്യാറാകുമ്പോൾ, മാപ്പു പറച്ചിലിന് മത്സരിക്കുമ്പോൾ…

കറുത്ത കോട്ടിട്ട ഒരു കുറിയ മനുഷ്യൻ, ഒരു ആധുനിക ഇന്ത്യക്കാരൻ ഏകനായി നട്ടെല്ലുയർത്തിപ്പിടിച്ച് ശബ്ദമുയർത്തുന്നത് നിലനിൽക്കുന്ന വ്യവസ്ഥിതിയോടാണ്, അതിനകത്തെ ചില  ദുഷിപ്പുകളോടാണ് …

മൂന്ന് ദിവസം സമയം കൊടുത്തു മാപ്പ് പറയാൻ അദ്ദേഹം പറഞ്ഞില്ല. പിന്നെയും അര മണിക്കൂർ സമയം കൊടുത്തു. അപ്പോഴും പറഞ്ഞില്ല. അവസാനം ഒത്തുതീർപ്പിന്റെ ഭാഷ, ഔദ്യോഗിക പരിവേഷം ചാർത്തി പ്രയോഗിച്ചു നോക്കി. എന്നിട്ടും അദ്ദേഹത്തിന്റെ നിലപാടിൽ മാറ്റമുണ്ടായില്ല. അതോടെ വാദം കേൾക്കൽ അവസാനിപ്പിച്ചു. വിധി മറ്റൊരു ദിവസം പ്രഖ്യാപിക്കും. ആ വിധി എന്ത് തന്നെയാകട്ടെ, ചരിത്രത്തിന്റെ അത്യപൂർവ്വ നിമിഷങ്ങളിൽ ചില മനുഷ്യർ അവരുടെ നിലപാടുകൾ കൊണ്ട്, സ്വന്തം ബോധ്യങ്ങളോടുള്ള ഉറച്ച പ്രതിബദ്ധത കൊണ്ട്, ഒറ്റയ്ക്ക് പൊരുതാനുള്ള ആത്മധൈര്യം കൊണ്ട് മറ്റുള്ളവരിലേക്ക് പോരാട്ടവീര്യം പകർന്നു നൽകും ….

ഗാന്ധിജിയുടെ മെലിഞ്ഞൊട്ടിയ, ശാരീരികമായി തികച്ചും ദുർബലമായ ആ  ശരീരത്തെ ഒരു തോക്കിലെ തിരകൊണ്ട് ബ്രിട്ടീഷുകാർക്ക് ഇല്ലാതാക്കാമായിരുന്നു. പക്ഷേ അവർ തോറ്റത്, ഒരിഞ്ച് പിറകോട്ട് മാറാൻ തയ്യാറല്ലാത്ത, നല്ല മനോബലമുള്ള നിശ്ചയദാർഢ്യത്തിന് മുന്നിലാണ്. ആ നിശ്ചയദാർഢ്യം മാത്രം കൈമുതലായ ഇന്ത്യൻ ജനതയുടെ മുന്നിലാണ്.

ജയിലും ശിക്ഷയും പേടിച്ച് മാപ്പ് പറഞ്ഞ കുറെപ്പേരെ ഇന്ത്യൻ സ്വാതന്ത്ര്യ സമര         ചരിത്രത്തിൽ കാണുവാൻ കഴിയും. പക്ഷേ എല്ലാവരെയും ആ പട്ടികയിൽ പ്രതീക്ഷിക്കരുത് എന്നതാണ് ഗാന്ധിജി ബ്രിട്ടീഷുകാരെ പഠിപ്പിച്ച പാഠം.

ഇന്ദ്രപ്രസ്ഥ ഭരണകൂടത്തിലെ രാജാവിനും മന്ത്രിക്കും അവരുടെ കിങ്കരന്മാർക്കും പ്രശാന്ത് ഭൂഷൺ നൽകുന്ന പാഠവും മറ്റൊന്നല്ല. സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചുകൊണ്ട് ജൂണ്‍ 27-നും 29-നും നടത്തിയ രണ്ട് ട്വീറ്റുകളാണ് ഭൂഷണെതിരേ സ്വമേധയാ കോടതിയലക്ഷ്യ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്. വിധിക്കെതിരേ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും അതില്‍ തീര്‍പ്പാകുംവരെ ശിക്ഷവിധിക്കരുതെന്നുമുള്ള ഭൂഷന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

മറ്റൊരു കോടതിയലക്ഷ്യ കേസും ഭൂഷണ്‍ നേരിടുന്നുണ്ട്. 2009-ല്‍ തെഹല്‍ക്ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മുൻകാല സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരില്‍ നിരവധി പേർ അഴിമതിക്കാരാണെന്ന് വിശേഷിപ്പിച്ചതാണ് കേസിനാധാരം. ഏതായാലും കോടതി വിധി വരുന്നത് വരെ നമുക്ക് കാത്തിരിക്കാം…

കൊറോണകാലത്തെ  ഓണം    

ഓണം എന്നാൽ മലയാളിക്ക് ആഘോഷത്തിൻ്റെ നാളുകളാണ്. ചിങ്ങ മാസത്തിലെ അത്തം മുതൽ പത്ത് ദിവസം നീളുന്ന പൊന്നോണം.

ഓണം കേവലം ഒരു വികാരം മാത്രമല്ല, ജീവിത സന്തോഷങ്ങൾ, വിവിധങ്ങളായ ആഘോഷങ്ങൾ, ഉത്സവ മേളങ്ങൾ എല്ലാം ഒരുമിക്കുന്ന ഒരു ഒത്തു ചേരലാണ് .

ലോകത്തിൻ്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ, ആവേശത്തോടെ, ഒറ്റ മനസ്സോടെ ആർത്തു ഉല്ലസിച്ചു ആഘോഷിക്കുന്ന ഉത്സവ മേളം ..!

ഓർമ്മകളുടെ അടിതട്ടിൽ ഉറങ്ങുന്ന ഓണം ..
തുമ്പപൂവിന്റെയും ആർപ്പുവിളികളുടെയും ഓണം ..
ഊഞ്ഞാലാട്ടത്തിന്റെ, കൈകൊട്ടി കളിയുടെ ഓണം ..
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഓണം ..

കാലഹരണപെട്ടുപോകുന്ന ഓർമ്മകളാകുമ്പോൾ ഒരിക്കൽ കൂടി വന്നെത്തുന്നു പെന്നോണം ………

അത്തം മുതലുള്ള ഓണം കേവലമൊരു ആഘോഷമല്ല. നിരവധി അർത്ഥ തലങ്ങൾ. മാവേലിയും വാമനനും-ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന, പോയ കാല സംസ്‌കൃതിയുടെ ഓർമ ചെപ്പുകൾ. തണൽ ചൊരിഞ്ഞ മരങ്ങളിൽ വിരിഞ്ഞുനിന്ന പൂക്കളുടെ സുഗന്ധം അത് പ്രസരിപ്പിക്കുന്നു.
പൂവേ… പൊലി.. പൂവേ… വിളികളുമായി പൂ പറിക്കാൻ നടന്ന ഒരു കുട്ടിക്കാലം എല്ലാവർക്കുമുണ്ടാകും.

ആ കാലത്തിലേക്കുള്ള തിരിഞ്ഞുനടത്തമാണ് ഈ കൊറോണകാലത്തെ ഓണം നമ്മെ ഓർമിപ്പിക്കുന്നത്. ഒത്തുചേരലുകൾ ഇല്ലാത്ത അമിത ആഘോഷങ്ങൾ ഒന്നും ഇല്ലാത്ത ഒരു ഓണം ..!


ആഘോഷങ്ങളില്ലാത്ത ഓണം മലയാളിക്ക് ചിന്തിക്കാൻ പോലും സാധ്യമല്ല” കാണം വിറ്റും ഓണം കൂടണം” എന്നാണ് പഴമൊഴി .

പക്ഷെ ഈ മഹാമാരി ലോകമെമ്പാടുമുള്ള മലയാളികളുടെ ആഘോഷ ആവേശങ്ങളെ തകർത്തു കളഞ്ഞു ..!

പക്ഷെ, ഓണത്തിന്റെ ആരവവും ആവേശവും ആഘോഷവും എല്ലാം എന്നും മലയാളി മനസ്സുകളിൽ നിറഞ്ഞു തന്നെ നിൽക്കും ..

ഒരു കോറോണക്കും തകർക്കാൻ കഴിയാത്ത വൈകാരിക അനുഭവമായി ഈ ഓണത്തിനും ലോക മെമ്പാടുമുള്ള മലയാളി നെഞ്ചിലേറ്റും, ഒരിക്കലും അടങ്ങാത്ത വികാര വായ്‌പോടെ …

പുതിയ ചില ഓണ സങ്കൽപ്പങ്ങൾ ഒരുപക്ഷെ അവരുടെ ജീവിത രീതികളിൽ വിരുന്നിനെത്തിയേക്കാം ..

“കരുതലോണം, വീട്ടിലിരുന്നോണം,  മാസ്കിട്ടോണം ‘ …..പക്ഷെ അതൊന്നും  അവരുടെ മനസ്സുകളിൽ വിടരുന്ന പ്രതീക്ഷയുടെ സ്നേഹത്തിന്റെ, ഊഷ്മളതയുടെ  പൊലിമകൾക്കു ഒരു കുറവും വരുത്തില്ല …

ആർപ്പും, പൂവിളിയും ഓണത്തപ്പനും, ഊഞ്ഞാലാട്ടവും, പുത്തൻ കൊടിയുടുപ്പും ,സദ്യ വട്ടങ്ങളും, കൈകൊട്ടിക്കളിയുമുള്ള ഒരോണം …..

ഒരു കോറോണക്കും, ഒരു മഹാമാരിക്കും ഇതിനെയെല്ലാം മലയാളി മനസ്സുകളിൽ നിന്നും പറിച്ചുമാറ്റുക അസാധ്യം …!

ഈ ദുരിത കാലവും കടന്നു പോകും ……ചിങ്ങ മാസത്തിലെ പൊൻ പുലരികൾ സ്വർണവർണ രശ്മികളോടെ മലയാളി ജീവിതത്തെ സമ്പുഷ്ടമാക്കുക തന്നെ ചെയ്യും .

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ …!

jomon stephan I jomonks2004@gmail.com


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം