രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രമുഖ വ്യക്തികളെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി:  രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കേന്ദ്രമന്ത്രിമാര്‍, ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യവസായികള്‍ എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഉള്‍പ്പടെയുള്ളവരും അവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. ചൈനീസ് സര്‍ക്കാരുമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഷെന്‍സെന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സ്ഥാപനം സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ ഇവരെ നിരീക്ഷിക്കുകയാണെന്നാണ് പ്രമുഖ ദേശീയ ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈബ്രിഡ് വാർ ഫേയർ എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിഗ് ഡാറ്റാ ടൂളുകൾ എന്നിവ ഉപയോഗിച്ചാണ് നിരീക്ഷണം. വെബ് സൈറ്റുകൾ, സാമൂഹ്യ മാധ്യമങ്ങൾ, ഗവേഷണ പേപ്പറുകൾ, ലേഖനങ്ങൾ, പേറ്റൻ്റുകൾ, എന്നിവയിൽ നിന്നെല്ലാമാണ് വിവരം ശേഖരിക്കുന്നത്.

ചൈനീസ് സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ഈ കമ്പനികളുടെ ബിഗ്‌ഡേറ്റ പരിശോധിച്ചതിലൂടെയാണ് ഇന്ത്യന്‍ നിരീക്ഷണം പുറത്ത് വന്നത്. മുഖ്യമന്ത്രിമാരായ മമതാബാനര്‍ജി, ഉദ്ദവ് താക്കറെ, അശോക് ഗെഹ്ലോട്ട്, നവീന്‍ പട്ട്‌നായിക്, അമരീന്ദര്‍ സിംഗ്, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌സിംഗ്, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മറ്റ് ജസ്റ്റിസുമാര്‍, രത്തന്‍ ടാറ്റയടക്കമുള്ള ചില വ്യവസായികളടക്കം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ ഇ-മെയിലുകളിലേക്ക് നുഴഞ്ഞ് കയറിയാണോ നീരീക്ഷണം എന്നതില്‍ വ്യക്തതയില്ല. കമൽനാഥ്, ശങ്കർ സിംഗ് വഗേല, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധാ രാമയ്യ, നടിയും കോൺഗ്രസ് പ്രവർത്തകയുമായ ദിവ്യാ സ്പന്ദന, ശശി തരൂർ, മീനാക്ഷി ലേഖി, എം കരുണാനിധി, എന്നിവരെ കുറിച്ചും വിവരങ്ങൾ ശേഖരിച്ചു എന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇന്ത്യയിലെ വിവരശേഖരണത്തിൻ്റെ വാർത്തയോട് ഷെൻസെൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം ഇത്തരത്തിൽ ഇന്ത്യക്കാരെ നിരീക്ഷിക്കാന്‍ ആരേയും ചൈനീസ് സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഡൽഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കിയിട്ടുണ്ട്.

2018 ഏപ്രിലില്‍ തുടങ്ങിയ ഷെന്‍ഷെനില്‍ അമ്പതോളം പേരാണ് ചൈനയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ 20 ഡാറ്റാ പ്രൊസസിംഗ് സെന്ററുകളുണ്ട്. പ്രതിദിനം 150 ദശലക്ഷം വിവരങ്ങളാണ് ഇവര്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നതെന്നാണ് സൂചന.

അതിര്‍ത്തി തര്‍ക്കവും സംഘര്‍ഷ സാധ്യതയും നിലനില്‍ക്കെ പ്രധാനമന്ത്രി, സംയുക്ത സൈനിക മേധാവി, രാഷ്ട്രപതി എന്നിവരടക്കം നിരീക്ഷണത്തിലെന്നത് വലിയ പ്രാധാന്യമുള്ള വാര്‍ത്തയാണ്. സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമയത്ത് രാജ്യസുരക്ഷയിലെ കൈകടത്തല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വരുമ്പോഴും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയായേക്കുമെന്നാണ് സൂചനകള്‍.  ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ഇതുവരേയും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. സേനപിന്‍മാറ്റത്തിനുള്ള അഞ്ചിന സംയുക്തപ്രസ്താവനയ്ക്ക് ശേഷവും അതിര്‍ത്തിയിലെ സാഹചര്യത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. അതേ സമയം രാജ്യം സൈനികര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന സന്ദേശം പാര്‍ലമെന്റില്‍ നിന്നും പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭാ ടി വിയോട് സംസാരിക്കുകയായിരുന്നു മോദി.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം