കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റ് വിളനിലമാവുമ്പോള്‍

കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റ് വിളനിലമാവുമ്പോള്‍
-സുരേഷ് കോടൂര്‍

ഭാഗം ഒന്ന്

”കാര്‍ഷികബില്‍ ആര്‍ക്ക്, എന്തിന്?”

 

കര്‍ഷകരുടെ അതിജീവനത്തിനായുള്ള ഐതിഹാസികമായ പോരാട്ടം ഡല്‍ഹിയില്‍ ആഴ്ചകള്‍ പിന്നിടുന്നു. ഡല്‍ഹിയിലെ കൊടും തണുപ്പിലും തീഷ്ണമായ കര്‍ഷക സമരത്തിന്റെ തീജ്വാലകള്‍ അധികാര കേന്ദ്രങ്ങളെ അത്യന്തം ഭയപ്പെടുത്തുന്നു. കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്ത് പലയിടങ്ങളിലായി ഉയര്‍ന്നുവന്ന കര്‍ഷക തൊഴിലാളി പ്രക്ഷോഭങ്ങള്‍ അധികാരങ്ങളുടെ അടുത്തേക്ക് വളര്‍ന്നെത്തിയിരിക്കുന്നു. കര്‍ഷകരുടെ ആളിക്കത്തുന്ന ഈ പ്രതിരോധ സമരം പക്ഷെ കര്‍ഷകര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. കര്‍ഷകരെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല ഈ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുള്ളത്. സര്‍ക്കാര്‍ പുതിയതായി പാസാക്കിയ കര്‍ഷക ബില്ലുകള്‍ കര്‍ഷകരെ മാത്രമല്ല ഈ രാജ്യത്തെ സാമാന്യ ജനങ്ങളുടെ ജീവിതത്തെയും, നമ്മുടെ ഭക്ഷ്യ സുരക്ഷയെയും, ജനാധിപത്യ അവകാശങ്ങളേയും, രാജ്യത്തിന്റെ ഭാവിയെത്തന്നെയും ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് എല്ലാ വിഭാഗം ജനങ്ങളും ഈ സമരത്തിന് പിന്തുണ നല്‍കുന്നതും, വിവിധ രീതികളില്‍ അതിന്റെ ഭാഗമാവുന്നതും. ഇന്ത്യയിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണ ഈ കര്‍ഷക സമരം ആവശ്യപ്പെടുന്നു, അര്‍ഹിക്കുന്നു.

ഇന്ത്യയിലെ കാര്‍ഷിക മേഖലയെ, വലിയൊരു വിഭാഗം ചെറുകിട ഇടത്തരം കര്‍ഷകരെ മുഴുവന്‍ ദുരിതത്തിലാക്കി, ഏതാനും ചില കുത്തക കമ്പനികള്‍ക്ക് താലത്തില്‍ വെച്ച് ദാനം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റവും പുതിയ ശ്രമങ്ങള്‍ ആണ് 3 കാര്‍ഷിക ബില്ലുകളുടെ രൂപത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഭീഷണിയായി ഇപ്പോള്‍ വന്നിട്ടുള്ളത്. ആ ബില്ലുകള്‍ തങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുരിതത്തിലാഴ്ത്തും എന്ന തിരിച്ചറിവില്‍ നിന്നാണ് കര്‍ഷകര്‍ അതിശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.

എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമങ്ങളുമായി ഇത്ര ധൃതിയില്‍, അതും രാജ്യം കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിലും ജാഗ്രതയിലുമായിരിക്കുന്ന ഈ അവസരത്തില്‍, എല്ലാ ജനാധിപത്യ രീതികളെയും കീഴ്വഴക്കങ്ങളെയും ലംഘിച്ചുകൊണ്ട് നടപ്പില്‍ വരുത്താന്‍ ഇറങ്ങിപ്പുറപ്പെട്ടത് എന്നത് ഒരു പ്രധാന ചോദ്യമാണ്. എന്തായിരുന്നു ഇതിന് പിന്നിലെ ചേതോവികാരം? കാത്തുനില്‍ക്കാന്‍ കഴിയാത്ത എന്ത് അടിയന്തിര പ്രാധാന്യമുള്ള പ്രശ്‌നമാണ് ഈ ബില്ലുകളെ ഇപ്പോള്‍തന്നെ അവതരിപ്പിക്കാന്‍ കാരണമാക്കിയത്? ഇതിനുള്ള ഉത്തരം ഈ ബില്ലുകളെക്കുറിച്ച് നീതി ആയോഗ് നല്‍കിയ വിശദീകരണത്തിലുണ്ട്. പുതിയ കാര്‍ഷിക നിയമങ്ങളുടെ പിന്നിലുള്ള സര്‍ക്കാരിന്റെ യഥാര്‍ത്ഥ താല്‍പ്പര്യത്തെ അത് വെളിവാക്കുന്നുണ്ട്. അവര്‍ പറയുന്നു ”രാജ്യത്ത് ഇപ്പോള്‍ ധാന്യങ്ങളുടെ വര്‍ദ്ധിച്ച മിച്ച ഉത്പാദനമാണ് (large surplus of grains). അവ കുമിഞ്ഞു കൂടിയിരിക്കുന്നു. എന്നാല്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുതല്‍ ആണ് എന്നതുകൊണ്ട് അവ അന്താരാഷ്ട്ര വിപണിയില്‍ (overseas markets) വില്‍ക്കുന്നതിന് പ്രയാസം നേരിടുന്നു. ഇപ്പോഴത്തെ ഉത്പാദനവും ആഭ്യന്തര ആവശ്യവും താരതമ്യം ചെയ്താല്‍ രാജ്യത്തുണ്ടാക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ 20-25% എങ്കിലും വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കണം”. അതായത് മിച്ചമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണികളില്‍ വിറ്റ് ലാഭം കൊയ്യാനുള്ള അവസരത്തിലാണ് സര്‍ക്കാരിന്റെ കണ്ണ്. ആ അവസരം വേണ്ടുവോളം ഉപയോഗിച്ച് പരമാവധി ലാഭം കൊയ്യാനുള്ള അവസരം കോര്‍പറേറ്റ് കുത്തക കമ്പനികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കോര്‍പ്പറേറ്റുകളാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരിക്കുന്ന ഭരണകൂടം സ്വാഭാവികമായും ചെയ്യുന്നത് തന്നെ. അതിനുള്ള എല്ലാ തടസ്സങ്ങളെയും എത്രയും വേഗം നീക്കം ചെയ്യാനായി കോര്‍പറേറ്റുകളുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ധമാണ് സര്‍കാരിന്റെ ഈ ബില്ലുകളുടെ പിന്നിലെ ചാലക ശക്തി. ഇതിനുള്ള ഒരു പ്രധാന തടസ്സം ഇന്ത്യയിലെ ‘കൂടിയ ജനാധിപത്യമാണ്’ എന്ന് വേറുതെയല്ല നീതി ആയോഗിന്റെ തന്നെ തലവന്‍ പച്ചക്ക് പറഞ്ഞുവെച്ചത്. ആ ‘ജനാധിപത്യമെന്ന തടസ്സം നീക്കുക എന്നത് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന അജണ്ട ആണ്. സര്‍ക്കാര്‍ അതിന് പരമാവധി പലവഴികളിലും ശ്രമിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഈ ബില്ലുകളിലെ ജനാധിപത്യ വിരുദ്ധത ഒട്ടും യാദൃശ്ചികമല്ല.

”ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ നമ്മള്‍ കമ്മിരാജ്യം എന്ന നിലയില്‍ നിന്ന് മിച്ചരാജ്യമായി മാറിയിട്ടുള്ളതുകൊണ്ട് നമ്മുടെ നയങ്ങള്‍ മിച്ച ഉല്പാദനങ്ങള്‍ എങ്ങിനെ മാനേജ് ചെയ്യാം എന്നതില്‍ ഊന്നുന്നതായി മാറിയിട്ടുണ്ട്” എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന നയരൂപീകരണ സമിതിയായ നീതി ആയോഗിന്റെ തലവന്‍ പ്രസ്താവിച്ചത്. അതായത് നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിലധികം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നാം ഉത്പാദിപ്പിക്കുന്നു എന്നും, അതുകൊണ്ട് ബാക്കിയാവുന്നത് കയറ്റുമതി ചെയ്തു വിദേശ വിപണിയില്‍ വില്‍ക്കേണ്ടതുണ്ടെന്നും, അങ്ങനെ വില്‍ക്കുന്നതിനു തടസ്സമാകുന്നത് നമ്മുടെ കാര്‍ഷികമേഖലയിലെ വര്‍ദ്ധിച്ച ചിലവായതുകൊണ്ട് അത് കുറയ്ക്കണമെന്നും, ആ ചെലവ് കുറക്കേണ്ടത് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളുകളുടെ എണ്ണം പരമാവധി കുറച്ചുകൊണ്ടാണെന്നും, ആ എണ്ണം കുറക്കല്‍ സാധിക്കേണ്ടത് വന്‍കിട കര്‍ഷകരെയും കോര്‍പറേറ്റ് കുത്തകകളെയും മാത്രം ഈ രംഗത്ത് നിലനിര്‍ത്തി എല്ലാ ചെറുകിട കര്‍ഷകരെയും ഈ രംഗത്ത് നിന്ന് ഒഴിപ്പിച്ചു കൊണ്ടാണെന്നുമാണ് സര്‍ക്കാരിന്റെ സമീപനം. അഥവാ നയങ്ങളുടെ കാതല്‍. ഈ നയത്തിന്റെ സമഗ്രമായ പ്രയോഗവല്‍ക്കരണം ആണ് ഈ കാര്‍ഷികബില്ലുകള്‍. ഇതാണ് പുതിയ ബില്ലുകളുടെ യഥാര്‍ത്ഥ സത്ത (crux) അഥവാ ആത്യന്തികമായ ലക്ഷ്യം. ഈ ബില്ലുകളിലെ വ്യവസ്ഥകളൊക്കെ ഈ നയസമീപനത്ത്തിന്റെ പ്രതിഫലനമാണ്, അത് നടപ്പിലാക്കാനുള്ള നിര്‍ദേശങ്ങളാണ്.

സര്‍ക്കാരിന്റെ ഈ നയസമീപനത്തെ കൃത്യമായും മനസ്സിലാക്കി പുതിയ കാര്‍ഷിക ബില്ലുകളെ സൂക്ഷ്മമായി വായിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഈ ബില്ലുകള്‍ ഇത്രയും കര്‍ഷകവിരുദ്ധവും, ജനവിരുദ്ധവും, അതേസമയം കോര്‍പറേറ്റ് സൗഹൃദവുമാവുന്നത് എന്ന് നമുക്ക് തെളിഞ്ഞുകിട്ടും

സര്‍ക്കാറും ഉദ്യോഗസ്ഥ സ്തുതിപാഠകരും മിച്ച ഉത്പാദനം എന്ന് ആവര്‍ത്തിച്ചു പറയുന്ന അതേ അവസരത്തിലാണ് ആഗോള വിശപ്പ് സൂചിക (Global Hunger Index) നമ്മളെ നോക്കി പരിഹസിക്കുന്നു എന്ന യാഥാര്‍ഥ്യം നമ്മെ തുറിച്ചു നോക്കുന്നത്. സര്‍ക്കാരും ഉദ്യോഗസ്ഥരും നയവിദഗ്ദരും കാണാന്‍ കൂട്ടാക്കാത്ത തികച്ചും വ്യത്യസ്തമായ പച്ചയായ യാഥാര്‍ഥ്യമാണ് വിശപ്പ് സൂചികയിലെ ഇന്ത്യയുടെ സ്ഥാനം വിളിച്ചു പറയുന്നത്. ആഗോള സൂചികയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വിശന്നിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 107ല്‍ 94മത് സ്ഥാനവുമായി ലോകത്തിനുമുന്നില്‍ നില്‍ക്കുന്ന ദയനീയതയാണ് ഇന്ത്യ. പാകിസ്ഥാനും, ബംഗ്ലാദേശിനും, നേപ്പാളിനുമൊക്കെ താഴെ ഏറ്റവും പിന്നിലായ ഒരു രാജ്യത്തെ ഒട്ടിയ വയറുമായി ദിവസവും ഉറങ്ങാന്‍ കിടക്കുന്ന കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കി മിച്ച ഭക്ഷ്യ ഉത്പാദനത്തെ കുറിച്ച് പറയുന്നത് അശ്ലീലമാണ്. മനുഷ്യത്വത്തിനെതിരെയുള്ള ക്രിമിനല്‍ കുറ്റമാണ്. ഈ പറയുന്ന മിച്ചമുണ്ടാക്കിതരുന്ന കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും പട്ടിണിയിലാണ് എന്നാണ് 94 എന്ന സംഖ്യ ഉച്ചത്തില്‍ വിളിച്ചു പറയുന്നത്. ജോലിയില്ലാതെ, ഭക്ഷണത്തിനു വഴിയില്ലാതെ, വിശന്നിരിക്കുന്ന ജനതയോട് വെറും നാല് മാസത്തെ കാലയളവില്‍ 65ലക്ഷം ടണ്‍ ധാന്യങ്ങള്‍ ഗോഡൌണുകളില്‍ നശിച്ചുപോയി എന്ന് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പറയാന്‍ ജനങ്ങളോട് തരിമ്പും ഉത്തരവാദിത്തമില്ലാത്ത ഒരു ഭരണകൂടത്തിന് മാത്രമേ കഴിയൂ.

മിച്ചമുള്ളതിനെ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് വലതുപക്ഷ ഉദാരവല്‍ക്കരണക്കാര്‍ക്കുള്ള മറുപടി പരമാവധി ലാഭം കിട്ടുന്ന വിപണിയില്‍ വില്‍ക്കുക എന്നതാണ്. ഇതിനെയാണ് വളരെ കൃത്യമായും നവ-ഉദാരവല്‍ക്കരണ രാഷ്ട്രീയം (neo-liberal politics) എന്ന് വിളിക്കുന്നത്. അത്തരമൊരു വലത് പ്രത്യശാസ്ത്ര ലോകവീക്ഷണം പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ മിച്ചമുള്ളത് വിപണിയില്‍ വിറ്റ് ലാഭമുണ്ടാക്കാനുള്ളതാണ് എന്ന് ആലോചിക്കാന്‍ കഴിയൂ. ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകന്റെ വിയര്‍പ്പാണ് ആ മിച്ചമെന്നും, അവന്റെ വിശന്ന വയറിലേക്കാണ് ആ മിച്ചം പോകേണ്ടതെന്നുമുള്ള ബദല്‍ ജനപക്ഷ വീക്ഷണത്തെയാണ് ഇടത് പ്രത്യയശാസ്ത്രം അഥവാ ഇടതുപക്ഷം എന്ന് വിളിക്കുന്നത്. ഈ ബില്ലുകളിലൂടെ സ്വന്തം കൃഷിയിടങ്ങളില്‍ നിന്ന് നിഷ്‌കാസിതരാവുന്ന പാവപ്പെട്ട കര്‍ഷകര്‍ പിന്നെ എവിടേക്കാണ് പോകേണ്ടത് എന്നതിന് സര്‍ക്കാരോ അവരുടെ ഉദ്യോഗസ്ഥ നയരൂപീകരണ കേന്ദ്രങ്ങള്‍ക്കോ ഒരു ഉത്തരവുമില്ല. കാരണം അത് അവരെ സംബന്ധിച്ചിടത്തോളം ഒരു പരിഗണനാ വിഷയം പോലുമല്ല. കോര്‍പറേറ്റുകളുടെ പുതിയ ‘ഹരിതമേധ’ത്തിനുള്ള രാജ്യവീഥി ഒരുക്കുക എന്നതാണ് ഈ ബില്ലുകളുടെ ധര്‍മം. ആ പുതിയ അശ്വമേധത്തില്‍ ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് പുത്തന്‍ അസംബ്ലി ലൈനുകളും കര്‍ഷകര്‍ക്ക് മരണപ്പാടങ്ങളും ആയി പരിണമിക്കുന്നു. നീതി ആയോഗ് തന്നെ പറയുന്നത് പുതിയ കാര്‍ഷിക ബില്ലുകള്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കാതിരുന്ന 1991ലെ ഉദാരവല്‍ക്കരണ പരിഷ്‌കാരങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ളതാണ് എന്നാണ്. രാജ്യത്തിന്റെ മറ്റ് മേഖലകളെ മുഴുവന്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുത്ത ‘പരിഷ്‌കാരങ്ങളുടെ’ അടുത്ത പടിയാണ് പുതിയ കാര്‍ഷിക ബില്ലുകള്‍ എന്ന് സാരം.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ സംബന്ധിച്ചും, കരാര്‍ കൃഷി നടത്തുന്നതിനെ സംബന്ധിച്ചും ഉള്ള രണ്ട് പുതിയ ബില്ലുകളും നിലവിലുള്ള അവശ്യ സാധന സംരക്ഷണ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ഒരു ഭേദഗതി ബില്ലുമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ നിയമമാക്കിയത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ തന്നെ ഓര്‍ഡിനന്‍സ് ആയി പുറത്തിറക്കിയ നിയമങ്ങളാണ് ഇവ. അന്ന് മുതല്‍ ഈ നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുകയുണ്ടായി. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് നാം കാണുന്ന ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിന്റെ രൂപത്തിലെത്തിയിട്ടുള്ള വന്‍ പ്രക്ഷോഭം.
ഈ ബില്ലുകളുടെ ജനാധിപത്യ വിരുദ്ധത ഒരു രീതിയിലും അനുവദിക്കാനാവാത്തതാണ്. രണ്ടു രീതിയില്‍ ഈ നിയമങ്ങള്‍ ജനാധിപത്യ വിരുദ്ധമാണ് എന്ന് പറയാം. ഒന്ന്, ബില്ലുകള്‍ നിയമമാക്കിയ രീതിയില്‍. രണ്ട്, നിയമത്തിന്റെ ഉള്ളടക്കത്തില്‍.

രാജ്യത്തെ കാര്‍ഷിക മേഖലയേയും കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്ന ജനസംഖ്യയില്‍ ഏതാണ്ട് പകുതിയോളം വരുന്ന കര്‍ഷകരെയും, കര്‍ഷക തൊഴിലാളികളെയും ബാധിക്കുന്ന ഈ നിയമങ്ങള്‍ അവരുടെ പ്രതിനിധികളുമായോ, രാജ്യത്തെ രാഷ്ട്രീയ കക്ഷികളുമായോ കര്‍ഷക സംഘടനകളുമായോ ഒന്നും ചര്‍ച്ച ചെയ്യാതെയാണ് അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് ഈ നിയമങ്ങളില്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെ പ്രശ്‌നങ്ങളും യാഥാര്‍ഥ്യവും ഒട്ടും പ്രതിഫലിക്കാത്ത, യാതൊരു യാഥാര്‍ഥ്യ ബോധവും ഇല്ലാത്ത നിര്‍ദേശങ്ങള്‍ അടങ്ങുന്ന, ബില്ലായിരിക്കുന്നത്. നമുക്കറിയാം ഈ ബില്ലുകള്‍ രാജ്യസഭയില്‍ പാസ്സാക്കിയെടുത്തത് പ്രതിഷേധിച്ച പ്രതിപക്ഷ മെമ്പര്‍മാരെ സഭയില്‍ നിന്നും പുറത്താക്കിക്കൊണ്ട് ശബ്ദ വോട്ടോടെ എല്ലാ ജനാധിപത്യ മര്യാദകളേയും, രീതികളെയും ചവിട്ടിമെതിച്ചു കൊണ്ടാണ് എന്ന്. മറ്റൊന്ന്, കൃഷി എന്നത് നമ്മുടെ ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന വിഷയമാണ്. എന്നാല്‍ ഈ സുപ്രധാന സംസ്ഥാനവിഷയത്തിലുള്ള നിയമനിര്‍മാണത്തില്‍ സംസ്ഥാനങ്ങളോട് ആലോചിച്ചില്ല എന്ന് മാത്രമല്ല, പുതിയ ഈ നിയമങ്ങള്‍ കാര്‍ഷിക വിഷയത്തിലുള്ള എല്ലാ സംസ്ഥാന നിയമങ്ങളേയും മറികടക്കുന്നതാണ് എന്ന് യാതൊരു മടിയും കൂടാതെ എഴുതിവെക്കാനുള്ള അധികാരത്തിന്റെ അഹങ്കാരം കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത്. ഇത് ഫെഡറലിസത്തെ (cooperative federalism) തകര്‍ക്കുന്നതിനുള്ള നടപടിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന് നേരേയുള്ള കൊഞ്ഞനം കുത്തലാണ്. അതുപോലെ തന്നെ പ്രധാനമുള്ള മറ്റൊരു നീക്കമാണ് ഒരു പൗരന് നീതി കിട്ടുന്നതിനായി കോടതിയെ സമീപിക്കാനുള്ള അടിസ്ഥാന ജനാധിപത്യ അവകാശത്തെ ഇത് കവര്‍ന്നെടുത്തിരിക്കുന്നു എന്നത്. ഇത് പൌരന്റെ അടിസ്ഥാന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് (denial of fundamental rights). അതായത് ഭരണകൂടം തന്നെ പരാതിക്കാരനും, പ്രോസിക്യൂട്ടറും, ന്യായാധിപനും ആവുന്ന രീതിയുടെ അരങ്ങേറ്റമാണ് ഈ ബില്ലുകളില്‍ തെളിയുന്നത്. ഇത് ചോദ്യം ചെയ്യപ്പെടാതെ പോകുന്ന പക്ഷം ഈ ടെമ്പ്‌ലേറ്റ് അഥവാ മാതൃക കൂടുതല്‍ വ്യാപകമായി ഉപയോഗിക്കപ്പെടും. അതുകൊണ്ട് തന്നെ ഈ നിയമങ്ങളിലെ ജനാധിപത്യ വിരുദ്ധത തുറന്നു കാട്ടപ്പെടുകയും എതിര്‍ക്കപ്പെടുകയും വേണ്ടതുണ്ട്.
ഇന്ത്യയിലെ കൃഷിയെയും ഭക്ഷ്യ സുരക്ഷയെയും നിര്‍ണായകമായി ബാധിക്കുന്ന ദൂരവ്യാപകമായ ഫലങ്ങള്‍ ആണ് ഈ നിയമങ്ങള്‍ ഉണ്ടാക്കുക. ഇന്ത്യയെ വീണ്ടും ഭക്ഷ്യക്ഷാമത്തിന്റെ കേടുതികളിലേക്ക് വലിച്ചെറിയുന്നതിന് ഇടവെയ്ക്കുന്നതാവും ഈ പരിഷ്‌കാരങ്ങള്‍. അതുകൊണ്ട് ഈ ബില്ലുകള്‍ കൃഷിക്കാരുടെ മാത്രം പ്രശ്‌നമേയല്ല. മറിച്ച് ഓരോ സാധാരണ ഇന്ത്യക്കാരന്റെയും പ്രശ്‌നമാണ്.

തുടരും ….

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം