അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ നമുക്ക് കിട്ടുന്ന ബോണസാണ് ജനകീയത; ബാംഗ്ലൂര്‍ കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ന്യൂസ് ബെംഗളൂരുവിനോട് സംസാരിക്കുന്നു

മലയാളിയുടെ മറുനാടന്‍ സാംസ്‌കാരിക ജീവിതത്തെ വേറിട്ടൊരു പാതയിലേക്ക് വഴിതിരിച്ചുവിടുന്നതില്‍ നിര്‍ണായകമായ പങ്കാണ് മലയാളി സംഘടനകള്‍ വഹിക്കുന്നത്. ജീവിതമാര്‍ഗം തേടി കേരളം കടന്ന് മറ്റൊരിടത്ത് എത്തി വേരുറപ്പിക്കുന്നതിന് മുമ്പേ സഹജീവി സ്‌നേഹത്തിന്റെ മഹാപാഠങ്ങള്‍ തീര്‍ത്തവര്‍ നിരവധിയാണ്. മറുനാട്ടിലെ മലയാളിയില്‍ സാംസ്‌കാരിക, സാമൂഹ്യ, വാണിജ്യപരമായ ഒട്ടനവധി വികാസങ്ങള്‍ക്ക് സാക്ഷിയാവുകയും നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്ത ചിലരെ കുറിച്ചുള്ള രേഖപ്പെടുത്തലാണ് ന്യൂസ് ബെംഗളൂരുവിന്റെ “ജീവിതം പിന്നിട്ട വഴികള്‍” എന്ന പരമ്പര.

പിന്നിട്ട വഴികളെ കേവലം പരിചയപ്പെടുത്തുന്നതിലുപരി മറുനാട്ടിലെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് തികച്ചും പ്രോത്സാഹനമേകുക എന്നതാണ് ഈ പരമ്പരയിലൂടെ ലക്ഷ്യമിടുന്നത്.

വായനക്കാര്‍ക്ക് മുന്നില്‍ ഇത്തവണ എത്തുന്നത് ബാംഗ്ലൂര്‍ കേരള സമാജം ജനറല്‍ സെക്രട്ടറിയും ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകരില്‍ ഒരാളുമായ റജികുമാറാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ അക്ഷരങ്ങളിലാക്കുന്നത് അനീസ് സിസിഒ.

അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ നമുക്ക് കിട്ടുന്ന ബോണസാണ് ജനകീയത

”1950 കളില്‍ ജോലി അന്വേഷിച്ച് വന്ന എന്റെ അച്ഛനന്ന് താമസിച്ചത് കേരള സമാജത്തിലാണ്. ബെംഗളൂരുവിലേക്ക് വരാന്‍ നേരം അച്ഛനെന്നോട് പറഞ്ഞു, പ്രവര്‍ത്തിക്കുന്നേല്‍ കേരള സമാജത്തില്‍ തന്നെ പ്രവര്‍ത്തിക്കണം..’

കേരള സമാജം ജന. സെക്രട്ടറി റജികുമാര്‍ ജനകീയനായ ഒരു പൊതുപ്രവര്‍ത്തകനാണ്. തിരുവിതാംകൂര്‍ സ്വദേശിയായ അദ്ദേഹം കോഴിക്കോടും, ഹരിപ്പാടുമായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1995 ലാണ് ബെംഗളൂരുവില്‍ എത്തിയത്. 2006 മുതല്‍ അദ്ദേഹം പൊതുരംഗത്ത് സജീവമായി. കേരള സമാജത്തില്‍ യൂത്ത് വിംഗ് ചെയര്‍മാനായി പ്രവര്‍ത്തന രംഗത്ത് വന്ന അദ്ദേഹം വര്‍ഷങ്ങളായി കേരള സമാജം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്.

എന്ത് കൊണ്ടാണ് കേരള സമാജം തെരഞ്ഞെടുത്തത്.?

ഒന്നാമത്തെ കാരണം അച്ഛന്റെ ഉപദേശമാണ്. രണ്ടാമത്തെ കാരണം ഞാനന്ന് നോക്കിയപ്പോള്‍ ഇന്നത്തെ പോലെ സംഘടനകളുടെ ബാഹുല്യം ഇല്ലായിരുന്നു.
എങ്കിലും പ്രാദേശിക സ്വഭാവമുള്ള സംഘടനകളെക്കാള്‍ ബെംഗളൂരു മലയാളികളെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന സംഘടന ബാംഗ്ലൂര്‍ കേരള സമാജമാണെന്ന തിരിച്ചറിവും പ്രചോദനമായി. അന്ന് രണ്ട് സോണുകളില്‍ മാത്രമായിരുന്നു പ്രവര്‍ത്തനം ഉണ്ടായിരുന്നത് .ഇന്നത് ഒമ്പത് സോണുകളായി. എല്ലാ സോണുകളിലും കമ്മിറ്റികളുണ്ട്, യൂത്ത് വിംഗുണ്ട്, ലേഡീസ് വിംഗുണ്ട്, പ്രവര്‍ത്തനങ്ങളില്‍ ഒരു ഏകോപനവുമുണ്ട്.

ഞാന്‍ താങ്കളെ പരിചയപ്പെട്ട അന്ന് മുതല്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് കാര്യങ്ങളെ ഓര്‍ത്തുവെക്കാനുള്ള ശക്തി. ഒരിടത്ത് ഒരിക്കല്‍ കണ്ടവരുടെ പേരും അവരുടെ മറ്റു കാര്യങ്ങളും ഇത്ര കൃത്യമായി എങ്ങനെ ഓര്‍ത്തുവെക്കുന്നു..?

ഞാന്‍ പന്ത്രണ്ടാം വയസ്സിലാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് .ഏഴില്‍ പഠിക്കുമ്പോള്‍ തന്നെ കെ എസ് യു വിന്റെ സ്‌ക്കൂള്‍ ലീഡറായിരുന്നു. പേര് ഓര്‍ത്ത് വച്ച് വിളിച്ച് കുട്ടികളുടെ അടുത്ത് ചെന്ന് സഹായിക്കുന്ന ഒരു രീതി അന്ന് തുടങ്ങിയതാണ്. പിന്നെ അത് ശീലമായി, സ്വഭാവത്തിന്റെ ഭാഗമായി.വളര്‍ന്ന് വന്നപ്പോള്‍ കെ കരുണാകരന്‍, രമേഷ് ചെന്നിത്തല എന്നിവരെ നിരീക്ഷിച്ചപ്പോള്‍ ഇവരും ഈ സ്വഭാവക്കാരാണ് എന്ന് മനസ്സിലായി. മാത്രമല്ല പേര് വിളിച്ച് അഭിസംബോധന ചെയ്യുമ്പോള്‍ ആത്മബന്ധം കൂടുന്നു എന്നതും ഒരു പ്രത്യേകതയാണല്ലോ.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും അന്നത്തെ പൊതുപ്രവര്‍ത്തനത്തിലും ഈ ഒരു സ്വഭാവം പാലിച്ചത് കൊണ്ട് ഇന്നിപ്പോള്‍ ധാരാളം നല്ല സൗഹൃദങ്ങളുണ്ട്.

കേരള സമാജത്തെ ഓര്‍ക്കുമ്പോള്‍ എളുപ്പം നാവിലെത്തുന്ന ഒരു പേരാണ് റജികുമാര്‍..ഇത്രത്തോളം ജനകീയത എങ്ങനെ നേടിയെടുത്തു..?

ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് ഞാന്‍ ചെയ്തത്. 2006 ല്‍ കേരള സമാജത്തിന്റെ യൂത്ത് വിംഗ് ചെയര്‍മാനായാണ് അന്ന് പൊതുപ്രവര്‍ത്തന ഭാരവാഹിത്വത്തിലേക്ക് കടന്ന് വന്നത്. ബെംഗളൂരുവിലെ പല ഭാഗങ്ങളില്‍ നിന്നും 4000 ത്തോളം ആളുകളെ ഞാനന്ന് സംഘടിപ്പിച്ചു. അന്ന് പരിചയപ്പെട്ട യുവാക്കളായിരിക്കാം എന്റെ പേരിനെ പൊതു സമൂഹത്തിലേക്ക് എത്തിച്ചത്. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ നമുക്ക് കിട്ടുന്ന ബോണസാണ് ജനകീയത. പൊതു പ്രവര്‍ത്തനത്തില്‍ ഒരു ഒറ്റമൂലി മാത്രമേ ഉള്ളൂ. നന്നായി പ്രവര്‍ത്തിക്കുക എന്നതാണത്. പ്രവര്‍ത്തിക്കുന്ന ഏതൊരു വ്യക്തിയേയും ആരാലും മാറ്റി നിര്‍ത്തുക സാദ്ധ്യമല്ല.

സ്വന്തം ജീവിതം ഭദ്രമാക്കിയതിന് ശേഷം മാത്രമേ പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്നു പറയാറുണ്ടല്ലോ…? ഈ കാര്യത്തില്‍ താങ്കളുടെ അഭിപ്രായം എന്താണ്…?

പഠിക്കുന്ന സമയത്ത് കൂടുതല്‍ സമയം രാഷ്ട്രീയത്തിന് ചിലവഴിച്ച വ്യക്തിയായിരുന്നു ഞാന്‍. കോളേജ് ചെയര്‍മാനായിരുന്നു. കെ എസ് യുവിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നു. പഠനത്തിനേക്കാളും ശ്രദ്ധ അന്ന് കോളേജ് രാഷ്ട്രീയത്തിന് കൊടുത്തു. പക്ഷേ എന്നാലും എല്ലാ സബ്ജക്ടിലും ജയിച്ചു കയറി.

ബെംഗളൂരുവില്‍ വന്നതിന് ശേഷം കാര്യങ്ങള്‍ക്ക് മാറ്റം വന്നു. അതിനൊരു കാരണം വിപ്രോയില്‍ ജോലിക്ക് കയറിയ സമയത്ത് എന്റെ കൂടെ പഠിച്ചവരൊക്കെ എന്നെക്കാളും സീനിയറായി ജോലി ചെയ്യുന്നുണ്ടായിരുന്നു. അവര്‍ നല്ല ശമ്പളം വാങ്ങുന്നു എന്നത് കണ്ട് എനിക്കും പ്രചോദനമായി. അങ്ങനെ പത്ത് വര്‍ഷത്തോളം ജോലിയില്‍ മാത്രം ഞാന്‍ ശ്രദ്ധിച്ചു. മലയാളം ന്യൂസ് പേപ്പറ് പോലും വായിച്ചില്ല. ഞാന്‍ എന്നെ തന്നെ നിയന്ത്രിച്ചു. നന്നായി അധ്വാനിച്ചു സാമ്പത്തിക ഭദ്രത മാത്രം ലക്ഷ്യം വച്ചു. ഫോക്കസ് തെറ്റാതെ ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി മാത്രമാണ് അന്ന് ലക്ഷ്യം വച്ചത്. അന്നത് സാധിച്ചു…

ന്യൂസ് പേപ്പര്‍ പോലും വായിക്കാത്തതിന് കാരണം..?

സാമൂഹ്യ പ്രവര്‍ത്തനം എന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഒന്നാണ്. ഒരു ചെറിയ സ്പാര്‍ക്ക് മതി ആ ഭാഗത്തേക്ക് ശ്രദ്ധ തിരിയാന്‍.. ബെംഗളൂരുവിലെ മലയാളികളുടെ ഇടയിലെ കാര്യങ്ങളൊന്നും അറിയാന്‍ ശ്രമിച്ചില്ല എന്നതാണ് ശരി. അത് കൊണ്ടാണ് ന്യൂസ് പേപ്പര്‍ ഒഴിവാക്കിയത്.

കുടുംബത്തില്‍ നമ്മുടെ റോള്‍ അഭിനയിക്കാന്‍ നമ്മള് മാത്രമേ ഉണ്ടാവൂ. പൊതു പ്രവര്‍ത്തനത്തില്‍ അങ്ങിനെയല്ല നമുക്ക് പകരം മറ്റൊരാള്‍ വരും. പക്ഷേ ആ റോള്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ നമുക്ക് മാത്രമേ പറ്റൂ. നമുക്ക് മാത്രമായി കിട്ടിയ ചില മൗലീകമായ കഴിവുകളിലൂടെയാണത്. ഈ ഒരു ഭാഗം പൂരിപ്പിക്കാനാണ് നമ്മള്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കേണ്ടത്.

അത് കൊണ്ട് തന്നെ അത്യാവശ്യം സാമ്പത്തികം ഭദ്രമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചതിന് ശേഷം, സമൂഹത്തിന് വേണ്ടി സ്വന്തത്തെ നല്‍കുക എന്നത് ഏതൊരു പൗരന്റെയും ചിന്തയായിരിക്കണം.

ന്യൂസ് പേപ്പര്‍ ആ കാലഘട്ടത്തില്‍ വായിച്ചില്ല എന്നത് ശരിയാണ്. പക്ഷേ എല്ലാ കൊല്ലവും കേരള സമാജത്തിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. അതിന്റെ സംഘാടനത്തില്‍ ഭാഗവാക്കാവാറുണ്ടായിരുന്നു.

ആദ്യം വീട് നോക്കുക എന്നിട്ട് നാട് നോക്കുക. പക്ഷേ ആയുസ്സ് മുഴുവന്‍ വീട് മാത്രം നോക്കി ഇരുന്ന് കളയരുത്. മനുഷ്യന്‍ സമൂഹത്തിനും കൂടി ഉള്ളതാണ്.

പുറം നാടുകളില്‍ എത്തിയാല്‍ സംഘടിക്കുക എന്നത് മലയാളികളുടെ ഒരു സ്വഭാവമാണല്ലോ..?. അങ്ങനെ സംഘടിച്ച് ഇന്നിപ്പോള്‍ സംഘടനകള്‍ തമ്മില്‍ സംഘട്ടനം എന്ന നിലയില്‍ കാര്യങ്ങള്‍ എത്തുന്നുണ്ടോ…?

തെറ്റായ ഒരു ധാരണയാണത്. പ്രവര്‍ത്തിക്കാനുള്ള മേഖലകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. സംഘടനാ ബാഹുല്യം ആരോഗ്യകരമായ മത്സരത്തിലൂടെയാണെങ്കില്‍ സമൂഹത്തിന് വല്യ ഉപകാരമായിരിക്കും. പ്രളയസമയത്തും മറ്റും അത് നമ്മള്‍ കണ്ടതാണല്ലോ. സന്നദ്ധ സംഘടനകളെ കൊണ്ടേ ചില പ്രവര്‍ത്തനങ്ങള്‍ സാധ്യമാവൂ എന്ന് കോവിഡ് കാലത്ത് ആളുകള്‍ പറഞ്ഞ സന്ദര്‍ഭം പോലും ഉണ്ടായിട്ടുണ്ട്.

കേരള സമാജത്തിന് തന്നെ ഇന്നിപ്പോള്‍ 9 സോണുകളാണുള്ളത്. പക്ഷേ പ്രവര്‍ത്തന മേഖലകള്‍ ഇനിയുമേറെ ഉള്ളത് കൊണ്ട് സോണുകള്‍ കൂട്ടാനുള്ള ആലോചന വര്‍ഷങ്ങളായി നടക്കുന്നു.

ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ കുറവാണ്. അത് കൊണ്ട് തന്നെ അതിലൊരു മത്സരം ഇതുവരെ ഞങ്ങള്‍ക്ക് ഫീല് ചെയ്തിട്ടില്ല. ആദ്യകാലത്ത് തോന്നിയിരുന്നു എന്തിനാണ് ഇത്ര സംഘടന എന്ന്. പക്ഷേ ഇന്നിപ്പോള്‍ മനസ്സിലാവുന്നത് ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കാന്‍ ഇടമുണ്ട് എന്നതാണ്. പ്രവര്‍ത്തനത്തിന്റെ പാത വിസ്താരമേറിയതാണ്. അതില്‍ സംഘടനകള്‍ എന്ന വാഹനങ്ങള്‍ വളരെ കുറച്ചേ എത്തിയിട്ടുള്ളൂ എന്നാണെന്റെ നിലപാട്.

സോഷ്യല്‍ മീഡിയയുടെ കാലത്ത് പിആര്‍ വര്‍ക്കിലൂടെയാണല്ലോ എല്ലാ സംഘടനകളും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നത്. കേരള സമാജത്തിന്റെ പിആര്‍ വര്‍ക്ക് കുറഞ്ഞ് പോയി എന്ന തോന്നലുണ്ടോ..?

സോഷ്യല്‍ മീഡിയയുടെ കാലത്ത് പിആര്‍ വര്‍ക്ക് ഒഴിച്ചു കൂടാനാകാത്തതാണ് എന്നത് സമ്മതിക്കുന്നു. എന്നാലും കേരള സമാജത്തിന് പിആര്‍ വര്‍ക്ക് ചെയ്യാന്‍ ഒരു പ്രത്യേക വിഭാഗം ഇതുവരെ ഇല്ല. വാര്‍ത്തകള്‍ എത്തിക്കുന്ന ചുമതല സെക്രട്ടറിക്കാണ്. പക്ഷേ പര്‍വ്വതീകരിച്ച് കാണിക്കുന്ന ശീലം ഞങ്ങള്‍ക്കില്ല. പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കഥകള്‍ ഉണ്ടാക്കുന്ന ശീലവും ഇല്ല. ഇത്തരം കഥാകഥനങ്ങള്‍ ഇല്ലാത്തതിനാല്‍ ചെയ്ത പലതും ജനങ്ങള്‍ അറിയാതെ പോയിട്ടുണ്ട്. അതില്‍ ഞങ്ങള്‍ക്ക് ദു:ഖമില്ല. ജനങ്ങള്‍ എല്ലാ സന്ദര്‍ഭങ്ങളിലും ഞങ്ങള്‍ക്ക് അനുകൂലമായി നിന്നിട്ടുണ്ട്.

കേരള സമാജം ഇന്ന് നോക്കുമ്പോള്‍, കല, സാംസ്‌കാരികം, ചാരിറ്റി, വിദൃാഭൃാസം, സന്നദ്ധ സേവനം തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്നു. അത്തരത്തില്‍ മുഴുവന്‍ മേഖലയെയും സ്പര്‍ശിക്കുന്ന സംഘടന വേറെ ഇല്ല എന്ന് തന്നെ പറയാം. ക്ഷീണം തോന്നിയിട്ടുണ്ടോ നേതാക്കള്‍ക്ക്…?

ഭാരവാഹികള്‍ എന്ന നിലയില്‍ ഇനിയും ഒന്നും ആയിട്ടില്ല എന്ന നിലപാടാണ് ഞങ്ങള്‍ക്ക്. കേരളാ ഹൗസ് ഒരു സ്വപ്നമാണ്. മെച്ചപ്പെട്ട യാത്രാ സംവിധാനങ്ങള്‍ കേരളത്തിലേക്ക് ഉണ്ടാക്കുക എന്നത് സ്വപ്നമാണ്. കൂടുതല്‍ ആബുംലന്‍സുകള്‍ സേവന വളണ്ടിയര്‍മാര്‍ തുടങ്ങിയതും ഞങ്ങളുടെ പ്ലാനുകളാണ്.

പ്രവര്‍ത്തനങ്ങളില്‍ ക്ഷീണം തോന്നുന്നവര്‍ നേതാവാകരുത് എന്നാണ് എന്റെ പക്ഷം. കോവിഡ് കാലത്ത് ഞങ്ങള്‍ ചെയ്ത സേവനങ്ങള്‍ മറ്റു സംഘടനകള്‍ക്ക് പോലും പ്രചോദനമാവുന്ന രീതിയിലുള്ളതായിരുന്നു. സേവന രംഗത്ത് ഒരോ വര്‍ഷവും പ്രവര്‍ത്തനങ്ങള്‍ കൂടുകയാണ്. അത് കൊണ്ട് തന്നെ നേതാക്കള്‍ക്ക് നെറ്റിയില്‍ വിയര്‍പ്പ് പൊടിയാതെ ഭാരവാഹിത്വത്തില്‍ നില്‍ക്കാന്‍ സാധ്യമല്ല.

നല്ലത് ചെയ്യുന്ന ആരെയും പ്രോല്‍സാഹിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ പ്രോല്‍സാഹിപ്പിച്ചവര്‍ തിരിഞ്ഞ് കൊത്തിയതായി അനുഭവമുണ്ടോ…?

എന്നെ സംബന്ധിച്ച് സംഘടനാ രംഗത്ത് വളരാന്‍ വലിയ തടസ്സങ്ങള്‍ ഉണ്ടായിട്ടില്ല. പ്രവര്‍ത്തിച്ച് വളര്‍ന്നവനാണ്. അത് കൊണ്ട് തന്നെ പ്രവര്‍ത്തനം കണ്ടാല്‍ പ്രോല്‍സാഹിപ്പിക്കാന്‍ തോന്നും. തോളോളമേ വളരാന്‍ പാടുള്ളൂ എന്ന നിഷ്‌കര്‍ഷയും ഞാന്‍ വെക്കാറില്ല.

നല്ലത് ചെയ്യുന്നവരെ കല്ലെറിയുക എന്നത് ചിലരുടെ സ്വഭാവമാണല്ലോ. ധാരാളം പേര്‍ തിരിഞ്ഞു കൊത്തിയിട്ടുണ്ട്. പക്ഷേ അത് വളര്‍ച്ചക്കേ കാരണമായിട്ടുള്ളൂ. കൈരളീ നികേതന്റെ ഭരണം 2011 ല്‍ ഏറ്റെടുത്തതില്‍ പിന്നെ ധാരാളം പേര്‍ തിരിഞ്ഞു കൊത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭരണം നിലനിര്‍ത്തി കൊണ്ട് പോവുക എന്നത് വലിയ ചലഞ്ചാണ്. പ്രവര്‍ത്തനം കാഴ്ചവെക്കുക എന്നതും പ്രധാനമാണല്ലോ. പ്രസിഡന്റ് സി പി രാധാകൃഷ്ണനുമായി ചേര്‍ന്ന് നല്ല പ്രവര്‍ത്തനമാണ് കാഴ്ച വച്ചുവരുന്നത്. ഇതിലൊക്കെ അസൂയ പൂണ്ടവര്‍ തിരിഞ്ഞു കൊത്തുന്നത് സാധാരണ കാഴ്ചയാണ്. ശരിക്കും പറഞ്ഞാല്‍ സംഘടനാപരമായി പാലാഴി മഥനം തന്നെയാണ് കേരള സമാജത്തില്‍ നടക്കുന്നത്.

കേരള സമാജത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍.?

കേരള ഭവനം സ്വപ്നപദ്ധതിയാണ്. കഴിഞ്ഞ സര്‍ക്കാര്‍ അതിന് വേണ്ടി രണ്ടേക്കര്‍ സ്ഥലം തന്നിരുന്നു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. അത് ഞങ്ങള്‍ നേടിയെടുക്കും. മറ്റൊന്ന് കേരള ഗ്രാമം പദ്ധതിയാണ്. ബെംഗളൂരുവില്‍ വലിയ വിലയാണ് സ്ഥലത്തിനിപ്പോള്‍.  ബെംഗളൂരുവില്‍ നിന്ന് കുറച്ച് ദൂരം മാറി മലയാളികള്‍ക്ക് ചെറിയ വിലക്ക് സ്ഥലം വാങ്ങി വീട് വെക്കാന്‍ സൗകര്യമുണ്ടാക്കുക എന്നതാണ് ഈ പദ്ധതി. അതിന്റെ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. വേറൊന്ന് പുതിയ തീവണ്ടി യാത്രാ സൗകര്യങ്ങള്‍ ഉണ്ടാക്കുക എന്നതാണ്.

കേരള സമാജത്തിന്റെ ഇതുവരെയുള്ള യാത്രയില്‍ സ്ഥാപിച്ച നാഴിക കല്ലുകള്‍ ?

കൊച്ചുവേളി എക്‌സ്പ്രസ്സിന്റെ സമയ മാറ്റം, ഗരീബ് രഥ് കൊണ്ട് വരാന്‍ നടത്തിയ ശ്രമം, ബാനസവാടി റെയില്‍വേ സ്റ്റേഷന്‍ വികസനം എന്നതൊക്കെ കേരള സമാജത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളാണ്. ഒരു ഇഷ്യൂ ഏറ്റെടുത്ത് കഴിഞ്ഞാല്‍ ഗ്രാസ്സ് റൂട്ട് ലെവലില്‍ അതില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക എന്നത് സമാജത്തിന്റെ പ്രത്യേകതയാണ്.

കൊച്ചുവേളി എക്‌സ്പ്രസ്സിന്റെ സമയ മാറ്റം പറയാം – കൊടിക്കുന്നില്‍ സുരേഷായിരുന്നു അന്ന് പാര്‍ലിമെന്ററി ബോര്‍ഡ് കമ്മിറ്റിയുടെ ചെയര്‍മാന്‍. അദ്ദേഹം ഇടപെട്ടാണ് അന്ന് അത് മാറ്റിയത്. അദ്ദേഹത്തിന്റെ മുറിയില്‍ റെയില്‍വെ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് കാര്യം അവതരിപ്പിക്കുകയായിരുന്നു. ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. എകെ ആന്റണി തുടങ്ങിയ നേതാക്കളെ നിരന്തരം സന്ദര്‍ശിച്ചു. തുടക്കത്തില്‍ ആഴ്ചയില്‍ 3 ദിവസം ഓടിയിരുന്ന ട്രെയിന്‍ ഏഴ് ദിവസം ആക്കാന്‍ കേരളാ സമാജം എടുത്ത പ്രയത്‌നം ചില്ലറയല്ല. കേരളത്തില്‍ തെക്കോട്ട് പോകുന്നവര്‍ക്ക് ഇത്രയും അനുഗ്രഹമായ ഒരു ട്രെയിന്‍ വേറെയില്ല.

ഗരീബ് രഥ് വന്ന വഴിയിലും ഞങ്ങളുടെ പ്രയത്‌നം ഉണ്ട്. അന്നത്തെ കെആര്‍ പുരം എംഎല്‍എ ആയിരുന്ന എ കൃഷ്ണപ്പയുടെ സഹായത്തോടെ റെയില്‍വേ മന്ത്രിയെ ചിത്രദുര്‍ഗയില്‍ പോയി നേരില്‍ കണ്ട് നിവേദനം നല്‍കി. കെആര്‍ പുരം മണ്ഡലത്തിലെ മലയാളികളുടെ പിന്തുണ തനിക്ക് അനിവാര്യമാണെന്നും അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചു. റെയില്‍വെ ബഡ്ജറ്റിന് പതിനഞ്ച് ദിവസത്തെ സമയമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും റെയില്‍വേ മിനിസ്റ്ററ്റുടെ അധികാരം ഉപയോഗിച്ച് ഒരു ട്രെയിന്‍ കൂടി നേടി എടുക്കാന്‍ കഴിഞ്ഞു എന്നതാണ് സത്യം.

തലക്കടിക്കേണ്ടിടത്ത് തലക്ക് തന്നെ അടിക്കണമല്ലോ..!.. ബാനസവാടി സ്റ്റേഷന്റെ വിപുലീകരണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ അതാണ് സംഭവിച്ചത്. ആദ്യം ഞങ്ങള്‍ സ്റ്റേഷനില്‍ ജനങ്ങള്‍ക്കിടയില്‍ മാസങ്ങളോളം ക്യാമ്പയിന്‍ നടത്തി. എറണാകുളം ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ കൃത്യമായും ഇറങ്ങേണ്ട സ്ഥലം യശ്വന്തപുരത്തിന് പകരം ബാനസവാടികോഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന് പ്രചരണം നടത്തി. ബാനസവാടി വഴി യാത്രചെയ്യുന്നവരില്‍ നിന്ന് ഒപ്പുശേഖരണം നടത്തി റെയില്‍വേ മന്തിക്ക് സമര്‍പ്പിച്ചു.

ബെംഗളൂരു സെന്‍ട്രല്‍ പാര്‍ലമെന്റംഗം പി സി മോഹന്റെ സഹായത്തോടെ ഒരു റിസര്‍വേഷന്‍ കൌണ്ടര്‍ സ്ഥാപിക്കാന്‍ സാധിച്ചു.

സ്വാഭാവികമായും സ്റ്റേഷന്റെ റവന്യൂ കൂടി. ബാനസവാടി സ്റ്റേഷന്‍ ഡി കാറ്റഗറിയില്‍ നിന്നും ബി കാറ്റഗറിയിലായി. അവിടെ വികസനവും വന്നു.

ലോകത്തിലെ ഒരു മലയാളി സംഘടനക്കും ഇല്ലാത്ത ഒരു സിവില്‍ സര്‍വീസ് കോച്ചിംഗ് അക്കാഡമി- കേരള സമാജം ഐഎഎസ് അക്കാദമി ഞങ്ങള്‍ക്കുണ്ട്. കഴിഞ്ഞ 9 വര്‍ഷമായി 125 ഓളം ആളുകളാണ് സിവില്‍ സര്‍വീസ് നേടിയത്. ഒരു സംഘടനയെ സംബന്ധിച്ച് വലിയൊരു നേട്ടമാണത്.

കുടുംബം, വിനോദങ്ങള്‍.?

ഭാര്യ: പ്രീത. രണ്ട് മക്കള്‍. മകള്‍ രേഷ്മ സെക്കന്റ് ഇയര്‍ ഡിഗ്രി മൗണ്ട് കാര്‍മലില്‍ പഠിക്കുന്നു. മകന്‍ കൃഷ്ണ ഗോവിന്ദ് 7 ല്‍ പഠിക്കുന്നു. മാസത്തില്‍ കുടുംബ സമേതം രണ്ട് സിനിമ കാണും. കല ഇഷ്ടമാണ്. കേരളസര്‍ക്കാരിന്റെ സംഗീത നാടക അക്കാഡമിയുടെ ദക്ഷിണമേഖല കോഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് വലിയ രീതിയില്‍ കേരളോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. മോഹിയാട്ട മഹോത്സവം, ഫിലിം ഫെസ്റ്റിവല്‍, മോഹിനിയാട്ട നൃത്ത കളരി, നാടകോത്സവം തുടങ്ങി ധാരാളം പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിച്ചു. കേരള സമാജത്തിന്റെ എല്ലാ കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തിലും സജീവമായി പങ്കെടുക്കും.

താങ്കള്‍ക്ക് ബെംഗളൂരുവിലെ യുവതലമുറയോട് എന്താണ് പറയാനുളളത്…?

ആദ്യം സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുക. എന്നിട്ട് സമൂഹത്തിലേക്ക് ഇറങ്ങുക. ഏതെങ്കിലും സംഘടനയില്‍ പ്രവര്‍ത്തിക്കുക. ഒറ്റക്ക് ചെയ്യാന്‍ കഴിയാത്ത പലതും സംഘടനയുടെ പിന്തുണയോടെ ചെയ്യാന്‍ കഴിയും.

നിങ്ങള്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനും സംഘടനയിലെ ഒരംഗവുമാണെങ്കില്‍ എതൊരപകടഘട്ടത്തിലും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കാനുള്ള ധൈര്യം നിങ്ങള്‍ക്ക് ലഭിക്കും. കൊറോണ കാലഘട്ടം ഏറ്റവും പുതിയ ഉദാഹരണം തന്നെ.

അംഗീകാരങ്ങള്‍ : 2002ല്‍ സണ്‍ മൈക്രോസിസ്റ്റത്തിലെ ഏറ്റവും മികച്ച എംപ്ലോയ് – STAR Performer Award ലഭിച്ചിട്ടുണ്ട് . അമേരിക്കയിലെ ഹവായ് ദീപില്‍ ഭാര്യാ സമേതനായി അവാര്‍ഡ് സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ചു. 2007 ല്‍ ഗര്‍ഷോം യുവ പ്രവാസി അവാര്‍ഡ്, 2018 ല്‍ കേരള കൗമുദി അവാര്‍ഡ്, 2019 ല്‍ സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള വിസ്മയം ബുക്‌സ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
സന്ദര്‍ശിച്ച രാജ്യങ്ങള്‍: അമേരിക്ക ,യു കെ ,ആസ്‌ത്രേലിയ, സിംഗപ്പൂര്‍, മലേഷ്യ, ദുബായ്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം