സംസ്ഥാന ബജറ്റ്; നികുതി വര്‍ധനവ് ഇല്ല, കാര്‍ഷിക മേഖലക്ക് 31, 028 കോടി, വനിതാ ക്ഷേമ പദ്ധതികള്‍ക്കായി 37,188 കോടി രൂപ

ബെംഗളൂരു: സംസ്ഥാന ബജറ്റ് 2021, മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തെ കോവിഡ് മുന്നണി പോരാളികള്‍ക്ക് കൃതജ്ഞത പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിലേക്ക് കടന്നത്. നികുതി വർധനവ് ഇല്ല എന്നതാണ് ആശ്വാസം. പെട്രോളിനും ഡീസലിനും നികുതി വർധിപ്പിച്ചിട്ടില്ല. രജിസ്ട്രേഷൻ ഇനത്തിലും നികുതി വർധിപ്പിച്ചിട്ടില്ല. എല്ലാവർഷങ്ങളിലും ചുമത്താറുള്ള മദ്യത്തിൻ്റെ എക്സൈസ് തീരുവയിലും ഇത്തവണ വർധനവില്ല. കൃഷിക്ക് 31021 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പുതിയ പദ്ധതികൾക്കടക്കമാണ് ഈ തുക.

ബെംഗളൂരുവിൻ്റെ സമഗ്ര വികസനത്തിന് 7795 കോടി രൂപയാണ് നീക്കിവെച്ചത്. ബൈയ്യപ്പനഹള്ളിയിലെ എൻജിഇഎഫ്, ബെംഗളൂരുവിലെ മറ്റ് മൂന്നിടങ്ങള്‍ എന്നിവിടങ്ങളിലായി വൃക്ഷ ഉദ്യാനങ്ങൾ നിർമ്മിക്കും. 65 കിലോമീറ്ററിൽ റിങ്ങ് റോഡുകളുടെ അനുബന്ധ റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കും. കൂടാതെ മെട്രോ 2A, 2B ഘട്ട പ്രവർത്തനങ്ങൾക്കുമായി സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തികരിക്കും.

കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റി വെച്ച ഇൻവെസ്റ്റ് കർണാടക 2020 ഈ വർഷം നടത്തും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ബെംഗളൂരു- മുംബൈ, ബെംഗളൂരു- ചെന്നൈ വ്യവസായ ഇടനാഴികളിലായി ചീഫ് മിനിസ്റ്റർ മെഗാ ഇൻറഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പുകൾ 500 ഏക്കറിൽ സ്ഥാപിക്കും. ഇതു വഴി 10000 കോടി രൂപയുടെ നിക്ഷേപം വരും വർഷങ്ങളിൽ ആകർഷിക്കാൻ സാധിക്കും. ഇതിലൂടെ അഞ്ച് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാകും. നോർത്ത് ബെംഗളൂരുവിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സമുദായ സംഘടനകൾക്ക് ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. വീരശൈവ ലിംഗായത്ത സമാജയുടെ അഭിവൃദ്ധിക്കായി 500 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബ്രാഹ്മണ അഭിവൃദ്ധി സംഘത്തിന് 50 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി ഒട്ടേറെ ക്ഷേമ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിനായി 37188 കോടി രൂപ വകയിരുത്തിയിട്ടുണ്ട്

ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ ചിലത്
  • വനിതാ സംരംഭകര്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ 2 കോടി വരെ വായ്പ അനുവദിക്കും
  • നിര്‍ഭയ യോജന പദ്ധതിക്ക് കീഴില്‍ ബെംഗളൂരുവില്‍ 7500 സിസിടിവി കാമറകള്‍ സ്ഥാപിക്കും
  • എപിഎംസികളില്‍ പത്ത് ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തും
  • വനിതകള്‍ക്ക് വനിതാ സംഗതി എന്ന പേരില്‍ ബസ് യാത്രക്ക് കിഴിവോടു കൂടിയ പാസ് ഏര്‍പ്പെടുത്തും
  • എല്ലാ ജില്ലകളിലേയും അംഗണവാടികള്‍ ശിശുപാലന കേന്ദ്രങ്ങളായി ഉയര്‍ത്തും
  • ഗാര്‍മെന്റ് ഫാക്ടറികളില്‍ തൊഴില്‍ ചെയ്യുന്ന വനിതകള്‍ക്ക് ബസ് പാസുകളില്‍ ഇളവ് നല്‍കുന്നതിനായി 30 കോടി രൂപ നീക്കിവെച്ചു
  • പഞ്ചായത്ത് രാജിന് കീഴില്‍ മഹിളകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ബജറ്റ് നടപ്പിലാക്കും
  • ഫുഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമായി വിജയപുരയില്‍ 500 കോടിയുടെ ഫുഡ് പാര്‍ക്ക് നിര്‍മ്മിക്കും
  • സ്ത്രീകളുടെ രാത്രി കാല സുരക്ഷക്കായി ടെക്‌നോളജി അധിഷ്ഠിതമായ ഇ ബീറ്റ് സംവിധാനം നടപ്പിലാക്കും
  • ചെറുകിട ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്കള്‍ ഉള്ള സബ്‌സിഡി 50 ശതമാനമാക്കി ഉയര്‍ത്തി. ഇതിനായി 50 കോടി രൂപ മാറ്റി വെക്കും
  • കര്‍ഷകരുടെ മക്കളുടെ പഠനത്തിന് കാര്‍ഷിക യൂണിവേഴ്‌സിറ്റികളിലുള്ള സംവരണം 40 ശതമാനത്തില്‍ നിന്നും 50 ശതമാനമായി ഉയര്‍ത്തി
  • കൊപ്പല്‍ ജില്ലയില്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ ടെക്‌നോളജി പാര്‍ക്ക്
  • എല്ലാ ജില്ലകളിലും ഗോശാലകള്‍ നിര്‍മ്മിക്കും
  • ഔഷധ ചെടികള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമായി പുതിയ എക്‌സ്‌പോര്‍ട്ട് കേന്ദ്രം
  • മൃഗചികിത്സക്ക് ആയുര്‍വേദ മരുന്നുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശിവമോഗയിലെ വെറ്ററിനറി കോളേജില്‍ 2 കോടി രൂപ ചിലവില്‍ പുതിയ ഗവേഷണ കേന്ദ്രം
  • ബൈയപ്പനള്ളിയില്‍ 50 കോടി രൂപ ചിലവില്‍ ഫ്ലവര്‍ പാര്‍ക്ക്
  • പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ബല്ലാരിയില്‍ ഡ്രൈ ചില്ലി മാര്‍ക്കറ്റ്
  • എപിഎംസികള്‍ 198 കോടി രൂപ ചിലവില്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കും
  • കൃഷ്ണ ഭാഗ്യജല നിഗമ ജലസേചന പ്രവൃത്തികള്‍ക്ക് 5600 കോടി രൂപ
  • യെത്തിനഹോളെ സ്ഥലമേറ്റടുക്കല്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കും
  • ആന്റി മൈക്രോ ബയല്‍ റെസിസ്റ്റന്‍സ് യൂണിറ്റിന് ഒരു കോടി രൂപ
  • ബെംഗളൂരുവിലും ബെല്ലാരിയിലുമായി പാരമ്പര്യ രോഗങ്ങള്‍ കണ്ടെത്താന്‍ 10 കോടി രൂപ ചിലവില്‍ പരിശോധനാ ലബോര്‍ട്ടറികള്‍
  • സമര്‍ത്ഥ സാരഥ്യ പദ്ധതിയുടെ ഭാഗമായി മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന 5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം.
  • അടുത്ത രണ്ട് വര്‍ഷത്തിനകം 19 ജില്ലകളിലേയും 100 താലൂക്ക് ആശുപത്രികളിലുമായി 25, 6 ബെഡ് കപ്പാസിറ്റിയുള തീവ്രപരിചരണ വിഭാഗങ്ങള്‍ ആരംഭിക്കും. ഇതിനായി 60 കോടി രൂപ വകയിരുത്തി
  • സ്‌കൂളുകളിലും കോളേജുകളിലും ശുചി മുറി നിര്‍മ്മാണത്തിനായി 100 കോടി രൂപ
  • കേന്ദ്രീയ വിദ്യാലയ മാതൃകയില്‍ സംസ്ഥാനത്ത് 100 കോടി ചിലവില്‍ 50 സ്‌കൂളുകള്‍
  • ബെളഗാവിയിലെ നിപ്പാണിയില്‍ കോലാപ്പുര്‍ ഫുട് വെയര്‍ ക്ലസ്റ്റര്‍
  • വിവിധ പിന്നാക്ക വിഭാഗ കോര്‍പ്പറേഷനുകള്‍ക്ക് 500 കോടിയുടെ ഗ്രാന്റ്
  • ശിവമോഗയിലെ ആയുര്‍വേദ കോളേജ് ആയുഷ് യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തും
  • നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന് കീഴില്‍ തൊഴിലാളികള്‍ക്കായി ബെംഗളൂരു അര്‍ബര്‍, റൂറല്‍ ജില്ലകളിലും മൈസൂരു, ശിവമോഗ, ഹുബ്ബള്ളി, കലബുര്‍ഗി, ബല്ലാരി, ഹാസന്‍ എന്നിവിടങ്ങളില്‍ താല്‍കാലിക താമസ കേന്ദ്രങ്ങങ്ങള്‍ സ്ഥാപിക്കും
  • കല്യാണ കര്‍ണാടക വികസന ബോര്‍ഡിന് 1500 കോടയുടെ ഗ്രാന്റ്
  • മീന്‍ വില്‍പ്പന യൂണിറ്റുകള്‍ക്കും മത്സ്യ ദര്‍ശിനി കള്‍ക്കുമായി 30 കോടി
  • പോലീസ് സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിന് 25 കോടി രൂപ അനുവദിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനകം പുതിയ 100 പോലീസ് സ്റ്റേഷനുകള്‍ അനുവദിക്കുകയും അതിന്റെ നിര്‍മ്മാണത്തിനായി 200 കോടി രൂപ നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്.
  • വിനോദ സഞ്ചാര മേഖലക്ക് 500 കോടി രൂപ അനുവദിച്ചു.
  • ജക്കൂരിലെ സര്‍ക്കാര്‍ ഫ്‌ലൈയിങ് ട്രൈനിംഗ് സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപയും നീക്കിവെച്ചു.
  • മംഗളൂരുവില്‍ അഡ്വാന്‍സ്ഡ് ബയോ ടെക് ഇന്നൊവേഷന്‍ സെന്റര്‍ സ്ഥാപിക്കും

ബജറ്റ് പ്രസംഗം വായിക്കാം 01-Budget Speech (English) Final


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം