കര്‍ക്കടകത്തിലെ ആരോഗ്യസംരക്ഷണം

കാലാവസ്ഥാവ്യതിയാനം മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രോഗമില്ലാത്ത ഒരു ശരീരം ഉണ്ടാകണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും ശാരീരികാരോഗ്യം മെച്ചപ്പെടുത്താനും നിരവധി മാര്‍ഗ്ഗങ്ങള്‍ ആയുര്‍വേദശാസ്ത്രം ഉപദേശിക്കുന്നുണ്ട്. ശരീരത്തെ നിലനിര്‍ത്തുന്നത് ത്രിദോഷങ്ങളായ വാത- പിത്ത- കഫങ്ങളാണ്. ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ അനാരോഗ്യത്തിന് കാരണമാകുന്നു.

ശരീരബലം വേനല്‍ക്കാലത്ത് ക്ഷയിച്ചിരിക്കും. കര്‍ക്കടകത്തിലെ മഴ കനക്കുമ്പോള്‍ വാത ദോഷം പിത്തകഫങ്ങളോട് ചേര്‍ന്ന് ശരീരത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. വാതസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, പനി എന്നിവ പെട്ടെന്ന് ബാധിക്കാനും സാധ്യതയുണ്ട്. തണുത്ത കാലാവസ്ഥ, തണുത്തകാറ്റ്, തണുത്ത വസ്തുക്കളുടെ അമിത ഉപയോഗം, അധികം ഉറക്കമൊഴിക്കുക, മലമൂത്രവേഗങ്ങള്‍ വേണ്ടസമയത്ത് വിസര്‍ജ്ജനം ചെയ്യാന്‍ പറ്റാതിരിക്കുക, അമിത വ്യായാമം, അനാവശ്യ ചിന്തകള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍കൊണ്ട് വാതകോപമുണ്ടായി പേശിവേദന, സന്ധിവേദന, നടുവേദന എന്നിവ വര്‍ദ്ധിക്കുന്നത് ഇക്കാലത്താണ്. എന്നും എണ്ണതേച്ചു കുളിക്കുന്നത് വാതരോഗങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നല്ലതാണ്. കര്‍ക്കടകമാസത്തില്‍ പ്രത്യകിച്ചും ശരീരത്തിനു യോജിച്ച ഒരു തൈലം വൈദ്യനിര്‍ദ്ദേശാനുസൃതം അഭ്യംഗത്തിനായി ശീലിക്കണം. ബലാശ്വഗന്ധാദിതൈലം, ശുദ്ധ ബലാതൈലം, ധാന്വന്തരംതൈലം, ക്ഷീരബലാതൈലം, ലാക്ഷാദികേരതൈലം എന്നിവയില്‍ അനുയോജ്യമായ ഒന്ന് കുളിക്കുന്നതിനു മുന്‍പ് ശരീരത്തില്‍ പുരട്ടി തടവിയശേഷം ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. യൗവനം കാത്തുസൂക്ഷിക്കുവാനും വാതരോഗ ങ്ങളെ പ്രതിരോധിക്കുവാനും നല്ല കാഴ്ചശക്തിക്കും ശരീരബലമുണ്ടാകുവാനും ചര്‍മ്മകാന്തി നിലനിര്‍ത്തുവാനും സുഖകരമായ നിദ്രയ്ക്കും എണ്ണതേച്ചുകുളി സഹായിക്കും.

കര്‍ക്കടകമാസത്തില്‍ പൊതുവേ ദഹനശക്തി കുറവായിരിക്കും. പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നതോടൊപ്പം ദഹനശക്തി വര്‍ദ്ധിപ്പിക്കുന്ന അഷ്ടചൂര്‍ണമോ ഹിംഗുവ ചാദിചൂര്‍ണമോ കറിവേപ്പില, ചുക്ക്, മഞ്ഞള്‍, വെളുത്തുള്ളി എന്നിവയിട്ടു കാച്ചിയമോരില്‍ ആഹാരശേഷം കഴിക്കുന്നത് ഇക്കാലത്ത് ശീലിക്കാവുന്നതാണ്. ആഹാരത്തില്‍ നവരയരി, ഗോതമ്പ്, ചെറുപയര്‍, വെളുത്തുള്ളി, കുമ്പളം, പാവക്ക, മാതളനാരങ്ങ എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്. വേഗം ദഹിക്കുന്ന ആഹാരങ്ങളാണ് ശീലിക്കേണ്ടത്. ചുക്കും തുളസിയിലയും ഇട്ട തിളപ്പിച്ചവെള്ളം കുടിക്കാനുപയോഗിക്കാം.

ഇക്കാലത്ത് തുമ്മല്‍, തൊണ്ടവേദന, ജലദോഷം, ചുമ എന്നിവ വരുന്നത് പ്രത്യേകം ശ്രദ്ധി ക്കേണ്ടതാണ്. പ്രാരംഭഘട്ടത്തില്‍ തന്നെ വൈദ്യനിര്‍ദ്ദേശാനുസൃതം ആയുര്‍വേദമരുന്നുകള്‍ ഉപയോഗിച്ചാല്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാനാകും. ദശമൂലകടുത്രയാദികഷായം, ഹരിദ്രാഖണ്ഡം അമൃതാരിഷ്ടം, മുക്കാമുക്കടുവാദി ഗുളിക എന്നീ ഔഷധങ്ങള്‍ ചുമ, പനി, ജലദോഷം, ശ്വാസംമുട്ടല്‍ എന്നിവയെ ശമിപ്പിക്കുന്നവയാണ്. രോഗപ്രതിരോധശേഷി നില നിര്‍ത്താനും ശാരീരികബലം വര്‍ദ്ധിക്കാനും ബ്രാഹ്മരസായനം ഇക്കാലത്ത് സേവിക്കാവുന്നതാണ്.

കര്‍ക്കടകമാസത്തില്‍ മാത്രം ചെയ്യാവുന്ന ഒരു ചികിത്സാരീതിയല്ല ആയുര്‍വേദം. വേനല്‍ക്കാലത്ത് ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെ പുറന്തള്ളി ശുദ്ധിയാ ക്കുകയാണ് മഴക്കാലത്ത് വേണ്ടത്. ഒരുകൊല്ലം മുഴുവന്‍ ശരീരശക്തി നിലനിര്‍ത്തുന്ന ചികിത്സാക്രമങ്ങളാണ് ചെയ്യുന്നത്. അഞ്ചുവിധത്തിലുള്ള ശോധനചികിത്സകളാണ് ശരീരത്തിലുള്ള മാലിന്യങ്ങളെ പുറത്തുകളയാന്‍ ചെയ്യുന്നത്. വമനം (ഔഷധങ്ങള്‍ സേവിപ്പിച്ച് ഛര്‍ദ്ദിപ്പിക്കല്‍), വിരേചനം (ഓഷധങ്ങള്‍ സേവിപ്പിച്ച് വയറിളക്കല്‍), വസ്തി (ഗുദ മാര്‍ഗത്തിലൂടെ ഔഷധം പ്രയോഗിക്കല്‍), നസ്യം (മുക്കിലൂടെയുള്ള ഓഷധപ്രയോഗം), രക്തമോക്ഷം (ദുഷിച്ച രക്തത്തെ പുറത്തുകളയല്‍). പഞ്ചകര്‍മ്മങ്ങളില്‍ രോഗത്തിനും രോഗാവസ്ഥയ്ക്കും രോഗിയുടെ ബലത്തിനുമനുസരിച്ച് യുക്തമായത് വൈദ്യനിര്‍ദ്ദേശപ്രകാരമാണ് ചെയ്യുന്നത്. എല്ലാ കര്‍മ്മങ്ങളും എല്ലാവര്‍ക്കും ആവശ്യമാകണമെന്നില്ല.

കര്‍ക്കടകമാസത്തില്‍ ഞവരക്കിഴി ചെയ്യുന്നത് ശരീരബലം വര്‍ദ്ധിക്കാനും വാതസംബന്ധ മായ രോഗങ്ങള്‍ വരാതിരിക്കാനും ശരീരപുഷ്ടി ഉണ്ടാകാനും ഉപകരിക്കുന്ന ഒരു ചികിത്സയാണ്. പാലും കുറുന്തോട്ടികഷായവും ചേര്‍ത്ത് വേവിച്ച ഞവരച്ചോറ് കിഴികെട്ടി ഇതേ മിശ്രിതത്തില്‍ തന്നെ ചൂടാക്കി ഏഴുമുതല്‍ പതിനാലുദിവസങ്ങള്‍ വരെ ചെയ്യുന്നു. ശാരീരികവും മാനസികവും സാമൂഹികവുമായ പരിപൂര്‍ണ്ണ സ്വാസ്ഥ്യം നേടിയെടുക്കുവാന്‍ ആയുര്‍വേദചികിത്സകൊണ്ട് സാധിക്കുന്നു.

-ഡോ. കെ. ദേവീകൃഷ്ണന്‍
ചീഫ് സബ് എഡിറ്റര്‍,
പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ടമെന്റ്
ആര്യവൈദ്യശാല കോട്ടയ്ക്കല്‍
Ph: 0483-274 2225, 274 6665

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം