പ്രമേഹം

ആയുര്‍വേദശാസ്ത്രപ്രകാരം ഇരുപതുവിധം പ്രമേഹങ്ങളുണ്ട്. പത്തുതരം കഫമേഹങ്ങളും ആറുതരം പിത്തമേഹങ്ങളും നാലുതരം വാതമേഹങ്ങളും. വാതികപ്രമേഹങ്ങളില്‍ ഒന്നായ മധുമേഹമാണ് സാധാരണയായി കണ്ടുവരുന്ന പ്രമേഹരോഗം.
ശരീരത്തില്‍ നിന്ന് അമിതമായി മൂത്രം ഒഴിഞ്ഞുപോവുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.

പ്രമേഹരോഗകാരണങ്ങളെ പരിശോധിക്കാം. പാരമ്പര്യമായി വരുന്നതും തെറ്റായ ജീവിതശൈലികൊണ്ട് ഉണ്ടാകുന്നതുമായി രണ്ട് വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. മാതാപിതാക്കള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ കുട്ടിയ്ക്കും രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണ്.

അമിതമായി മധുരമുള്ള ആഹാരങ്ങള്‍ കഴിക്കുക, ആഹാരത്തില്‍ പുളിരസം, ഉപ്പ് എന്നിവ അമിതമാവുക, കൊഴുപ്പ് അധികമുള്ള പാല്‍, തൈര്, മത്സ്യമാംസങ്ങള്‍ എന്നിവ അമിതമായി ശീലിക്കുക, ആഹാരസമയത്തിന് കൃത്യത ഇല്ലാതിരിക്കുക, അധികം ചലനമില്ലാതെ ഒരേ ദിക്കില്‍ത്തന്നെ ഇരിക്കുക, വ്യായാമക്കുറവ്, അമിതമായ പകലുറക്കം, മനോവിഷമം, എന്നിവയെല്ലാം തന്നെ ശരീരത്തിലെ മേദസ്സിനെയും കഫത്തിനെയും ദുഷിപ്പിച്ച് പ്രമേഹരോഗമുണ്ടാകാനുള്ള കാരണങ്ങളാണ്.

അമിതമായി മൂത്രം ഒഴിഞ്ഞു പോവുക, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം കലങ്ങിയിരിക്കുക, വിയര്‍പ്പ് കൂടുതലുണ്ടാവുക, ശരീരത്തിന് ദുര്‍ഗന്ധമുണ്ടാവുക, ശരീരഭാരം കുറയുക, കൈയ്ക്കും കാലിനും ചുട്ടുനീറലനുഭവപ്പെടുക, ഉറക്കം അധികമാവുക, ശരീരബലം കുറയുക, ശരീരത്തില്‍ മുറിവുണ്ടായാല്‍ ഉണങ്ങാന്‍ താമസിക്കുക, വായ്ക്ക് മധുരം തോന്നുക, വായവരള്‍ച്ച, തൊണ്ട വരള്‍ച്ച, അമിതദാഹം, അമിതമായ വിശപ്പുണ്ടാവുക, കാഴ്ച കുറയുക, നഖം, രോമങ്ങള്‍ എന്നിവ അമിതമായി വളരുക തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രമേഹരോഗം ബാധിച്ച ഒരാള്‍ക്ക് ഉണ്ടാവും. എല്ലാ ലക്ഷണങ്ങളും ഒന്നിച്ച് ഉണ്ടാവണമെന്നില്ല. പ്രമേഹം ശരീരത്തിലുള്ള ഏതു ഭാഗത്തുള്ള പ്രവര്‍ത്തനങ്ങളെയാണോ തടസ്സപ്പെടുത്തുന്നത് അതിന് അനുസരിച്ചുള്ള ലക്ഷണങ്ങളാണ് പ്രകടമാവുക.

 

കൃത്യമായ രക്തപരിശോധനകളിലൂടെ പ്രമേഹരോഗം സ്ഥീകരിക്കേണ്ടതാണ്. ആധുനികശാസ്ത്രസിദ്ധാന്തമനുസരിച്ച് രക്തത്തില്‍ ഗ്ലുക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് ഡയബറ്റിസ് മെലിറ്റസ് ടൈപ്പ് വണ്‍ ഡയബറ്റിസ്, ടൈപ്പ് ടു ഡയബറ്റിസ് എന്നിങ്ങനെ രണ്ടുവിധമുണ്ട് ഈ രോഗം. ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ ഉല്പാദനം ഇല്ലാത്ത അവസ്ഥയാണ് ടൈപ്പ് വണ്‍ ഡയബറ്റിസ്. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം കാണപ്പെടുന്നത്.

തെറ്റായ ജീവിതശൈലി, ഭക്ഷണരീതിയിലുള്ള ചിട്ടയില്ലായ്മ എന്നിവ മൂലം ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം ശരിയാകാതെ ടൈപ്പ് ടു ഡയബറ്റിസ് രോഗം വരുന്നു.
സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തോടനുബന്ധിച്ച് പ്രമേഹം വരാറുണ്ട്. ജെസ്റ്റേഷണല്‍ ഡയബറ്റിസ് കുട്ടിയ്ക്കും മാതാവിനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ സാദ്ധ്യതയുണ്ട്. ഗര്‍ഭിണിയ്ക്കുണ്ടാവുന്ന പ്രമേഹം ഔഷധങ്ങള്‍കൊണ്ട് നിയന്ത്രിക്കേണ്ടതാണ്.

പ്രമേഹരോഗം രക്തധമനികള്‍, കണ്ണുകള്‍, ഹൃദയം, വൃക്കകള്‍, ത്വക്ക്, സന്ധികള്‍ എന്നിവയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. നിയന്ത്രണവിധേയമാകാത്ത പ്രമേഹം ശരീരത്തില്‍ കട്ടിയുള്ള പിടകകള്‍ ഉണ്ടാക്കുന്നു. മുഖം, മുതുകിന്റെ ഭാഗം, ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന പ്രമേഹപിടകകള്‍ വേദനയുണ്ടാക്കുന്നവയാണ്.
ദീര്‍ഘകാലമായി പ്രമേഹം ബാധിച്ചവരില്‍ സ്പര്‍ശനശക്തി കുറയുക, വേദന, തരിപ്പ്, പുകച്ചില്‍ എന്നിവ അനുഭവപ്പെടാറുണ്ട്. രോഗം നാഡികളെബാധിക്കുന്ന ഈ അവസ്ഥയ്ക്ക് ഡയബറ്റിക് ന്യൂറോപ്പതി എന്നുപറയുന്നു.

അനിയന്ത്രിതമായ പ്രമേഹം കണ്ണുകളെ ബാധിച്ച് കാഴ്ചശക്തി കുറയുന്നതാണ് ഡയബറ്റിക് റെറ്റിനോപ്പതി. കാലുകളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാനും പ്രമേഹരോഗം കാരണമാകുന്നുണ്ട്. പാദങ്ങളില്‍ വ്രണമുണ്ടായാല്‍ ഉണങ്ങാതിരിക്കുന്നത് പ്രമേഹം നിയന്ത്രണവിധേയമാവാത്തതുകൊണ്ടാണ്.

പ്രമേഹം കൊണ്ട് ഉണ്ടാകുന്ന ഉപദ്രവരോഗങ്ങള്‍ തടയുന്നതിനും ശാരീരികാരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷിനിലനിര്‍ത്താനും സഹായിക്കുന്ന ഔഷധങ്ങള്‍ വൈദ്യനിര്‍ദ്ദേശപ്രകാരം ഉപയോഗിക്കണം.

തൈലംതേച്ച് കുളിക്കുന്നത് ത്വക്രോഗങ്ങള്‍ ബാധിക്കാതിരിക്കാനും നാഡീസംബന്ധമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും നല്ലതാണ്. നിശോശീരാദിതൈലം, ഏലാദികേരതൈലം എന്നിവ തേച്ചുകുളിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ത്വക്രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ലതാണ്.

നിശാകതകാദികഷായം, കതകഖദിരാദികഷായം, ക•ദഭസ്മം, നീരൂര്യാദിഗുളിക, ചന്ദ്രപ്രഭാവടിക, അമൃതമേഹാരിചൂര്‍ണം, ലോധ്രാസവം, അയസ്‌കൃതി, ദേവദാര്‍വ്യരിഷ്ടം തുടങ്ങിയ ഔഷധങ്ങളില്‍ യുക്തമായവ രോഗാവസ്ഥയ്ക്കനുസരിച്ച് വൈദ്യനിര്‍ദ്ദേശാനുസൃതം ഉപയോഗിക്കുന്നത് പ്രമേഹരോഗനിയന്ത്രണത്തിന് നല്ലതാണ്.
ആഹാരനിയന്ത്രണം, വ്യായാമം എന്നിവയ്ക്ക് പ്രമേഹരോഗചികിത്സയില്‍ പ്രാധാന്യം നല്‍കേണ്ടതാണ്. ഗോതമ്പ്, യവം, റാഗി, ചെറുപയര്‍, പാവയ്ക്ക, വാഴക്കൂമ്പ്, ഇലക്കറികള്‍, വെളുത്തുള്ളി, നെല്ലിക്ക. മാതളനാരങ്ങ എന്നിവയെല്ലാം പ്രമേഹരോഗിക്ക് ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നവയാണ്.

തക്രധാര, പിഴിച്ചില്‍ എന്നീ ചികിത്സകള്‍ പ്രമേഹരോഗിയുടെ ശാരീരികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്.

ബെംഗളൂരു ജയനഗറിലെ കോട്ടക്കൽ ആര്യ വൈദ്യശാലയിൽ പ്രമേഹ രോഗത്തിന് പ്രത്യേക ചികിത്സ ലഭ്യമാണ്. ചികിത്സയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 080-26572955, 56, 57, 9916176000 എന്നീ നമ്പരുകളിലും blorebr@aryavaidyasala.com എന്ന വിലാസത്തില്‍ ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം