ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം: മലയാളിക്ക് എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല(80) അന്തരിച്ചു. തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമലയുടെ ജനനം. പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകനായ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍.

മലയാളത്തിലെ പ്രമുഖ ഗാനരചയിതാക്കളിൽ ഒരാളായിരുന്നു ബിച്ചു തിരുമലയെന്ന ബി.ശിവശങ്കരൻ നായർ. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, ‘ശക്തി’ എന്ന സിനിമയുടെ കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട് അദ്ദേഹം. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ മലയാളികൾക്ക് മൂളി നടക്കാനായി ബിച്ചുവിന്റെ തൂലികയിൽ നിന്നു പിറന്നു.1994 ൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ബിച്ചു ഏറെനാൾ സംഗീതലോകത്തു നിന്ന് വിട്ടു നിന്നു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു – 1981 ലും (തൃഷ്ണ,– ‘ശ്രുതിയിൽനിന്നുയരും…’, തേനും വയമ്പും– ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ), 1991 ലും (കടിഞ്ഞൂൽ കല്യാണം- ‘പുലരി വിരിയും മുമ്പേ…’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…’). സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി.

നടൻ മധു സംവിധാനം ചെയ്ത ‘അക്കൽദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ ‘നീലാകാശവും മേഘങ്ങളും…’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്. ‘പടകാളി ചണ്ഡി ചങ്കരി പോർക്കലി…’, ‘കുനുകുനെ ചെറു കുറുനിരകൾ…’, ‘മാമ്പൂവേ മഞ്ഞുതിരുന്നോ…’ എന്നിങ്ങനെ ‘യോദ്ധ’യിലെ മൂന്നു പാട്ടുകളും സൂപ്പർഹിറ്റായി.

∙ബിച്ചു തിരുമലയുടെ ഏറെ പ്രശസ്തമായ ഗാനങ്ങളിൽ ചിലത്

  • ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ…
  • ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം …
  • പൂങ്കാറ്റിനോടും കിളികളോടും …
  • നക്ഷത്രദീപങ്ങൾ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി …
  • ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ …
  • തേനും വയമ്പും …
  • വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ …
  • ആയിരം കണ്ണുമായ് …
  • നീർപളുങ്കുകൾ ചിതറി വീഴുമീ …
  • ആലാപനം തേടും തായ്മനം …
  • ആളൊരുങ്ങി അരങ്ങൊരുങ്ങി …
  • നക്ഷത്രദീപങ്ങൾ തിളങ്ങി …
  • ഒരു മധുരക്കിനാവിൻ ലഹരിയിലേതോ …
  • ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ …
  • ഓർമയിലൊരു ശിശിരം …
  • കണ്ണാംതുമ്പീ പോരാമോ …
  • കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി …
  • കണ്ണും കണ്ണും കഥകൾ കൈമാറും …
  • കിലുകിൽ പമ്പരം …
  • കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലേ …
  • ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തീ …
  • പാതിരാവായി നേരം …
  • പാവാട വേണം മേലാട വേണം …
  • ഒരു മയിൽപ്പീലിയായ് ഞാൻ ജനിച്ചുവെങ്കിൽ …
  • വെള്ളിച്ചില്ലും വിതറി …
  • പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി …
  • പ്രായം നമ്മിൽ മോഹം നൽകി …
  • നീയും നിന്റെ കിളിക്കൊഞ്ചലും …
  • മകളേ പാതി മലരേ …
  • മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണി …
  • മഞ്ഞിൻ ചിറകുള്ള വെളളരി പ്രാവേ …
  • മിഴിയോരം നനഞ്ഞൊഴുകും …
  • മൈനാകം കടലിൽ നിന്നുയരുന്നുവോ …
  • രാകേന്ദു കിരണങ്ങൾ …
  • വൈക്കം കായലിൽ ഓളം തല്ലുമ്പോൾ …
  • ശാരോനിൽ വിരിയും ശോശന്നപ്പൂവേ …
  • സമയരഥങ്ങളിൽ ഞങ്ങൾ …
  • സുരഭീയാമങ്ങളേ …
  • പാൽനിലാവിനും ഒരു നൊമ്പരം …
  • സ്വർണ മീനിന്റെ ചേലൊത്ത …
  • പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ …

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം