നിരൂപണം ഒരു കലയാണ്

-മുഹമ്മദ് കുനിങ്ങാടിന്റെ കഥകള്‍

കഥ ജീവിതക്കാഴ്ചകൾ തന്നെ

മുഹമ്മദ് കുനിങ്ങാടിന്റെ കഥകളെ പ്രശസ്ത നിരൂപകൻ ഇ. പി രാജഗോപാലൻ വിലയിരുത്തുന്നു….

കഥനം എല്ലാവരുടെയും അവകാശമാണ്. കഥ ഇല്ലാത്തവർ ഇല്ല. ലോകത്തെ വ്യക്തികൾ മനസ്സിൽ സൂക്ഷിക്കുന്നത് ഓർമ്മകളായിട്ടാണെങ്കിൽ, ആ ഓർമ്മകളുടെ ഘടന കഥകളുടേതാണ്. ഭാഷയുള്ളവർക്ക് കൂടുതൽ ഓർമ്മിക്കാൻ കഴിയുന്നുണ്ടാവണം.

ലോകത്തെ കഥകളായി ഉള്ളിൽ സൂക്ഷിക്കുന്നവരെയാണ് മനുഷ്യർ എന്ന് വിളിക്കുന്നത്. ഓർമ്മകൾ വസ്തുനിഷ്ഠമല്ല”വസ്തുനിഷ്ഠം’ എന്ന വാക്കിന്റെ പ്രാഥമികമായ അർത്ഥത്തിൽ ഒരേ കാര്യത്തെക്കുറിച്ചുള്ള, വ്യത്യസ്ത മനുഷ്യരുടെ ഓർമ്മകൾ ഒരേപോലെയാവണം എന്നില്ല. ഒരേപോലെയായിരിക്കുകയില്ല എന്ന് ഉറപ്പിച്ചു തന്നെ പറയാൻ പറ്റിയേക്കും. വ്യക്തിയുടെ കാഴ്ചപ്പാടുകളും നിലപാടുകളുമാണ് ഓർമ്മയുടെ മട്ടും മാതിരിയും നിർണ്ണയിക്കുക.

മുഹമ്മദ് കുനിങ്ങാടിന്റെ കഥകൾ ലോകത്തെക്കുറിച്ചുള്ള ഓർമ്മകളായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. തനിക്ക് പരിചയമുള്ള പലതരം മനുഷ്യർ, സ്ഥലങ്ങൾ, ഉപകരണങ്ങൾ എന്നിവയെ നിരീക്ഷിക്കുന്ന കഥാകാരൻ അവയെക്കുറിച്ച് തന്നിലുണ്ടാകുന്ന പ്രതീതികൾ ഋജുവായി എഴുതിവെക്കുന്നു. ഇതാണ് മുഹമ്മദ് കുനിങ്ങാടിന്റെ കഥന സമ്പ്രദായം. അതിനാൽ ഈ കഥകൾ വായനക്കാരിലേക്ക് അനായാസം പ്രവേശിക്കുന്നവയാണ്. ഒരു തത്ത്വം മനസ്സിൽ വിചാരിച്ച്, അതിനനുസരിച്ച് ലോകക്കാഴ്ചകളെ കഥയിൽ ക്രമീകരിച്ചുവെക്കുന്നതിലല്ല കുനിങ്ങാടിന്റെ താല്പര്യം. തത്ത്വങ്ങളല്ല കാഴ്ചകളുടെ വൈവിധ്യമാണ് പ്രധാനം എന്ന് തീരുമാനിച്ച കഥാകാരനാണ് മുഹമ്മദ് കുനിങ്ങാട്.

“നിരൂപണം ഒരു കലയാണ്’ എന്ന കഥ രസകരമാണ്. നന്നായി ഭക്ഷണാഭിപ്രായം പറയുന്ന ഒരാൾക്ക് ഭക്ഷണം ഉണ്ടാക്കാനറിയില്ല. – ഇത് നിരൂപണത്തെക്കുറിച്ചുള്ള സ്ഥിരം തമാശ പറച്ചിലാണ്. നിരൂപണം സ്വന്തം നിലയ്ക്കാണ് സർഗ്ഗാത്മകമാകുന്നത്. മറ്റൊരു മണ്ഡലത്തിൽ കയറിയിട്ടല്ല എന്നതാണ് തമാശക്കാരോട് പറയാനുള്ള മറുപടി. നിരൂപണ സാഹിത്യത്തെപ്പറ്റിയുള്ള ഈ ചിരന്ദന സംവാദത്തെ ഒരു വീട്ടന്തരീക്ഷത്തിലേക്ക്, ദാമ്പത്യത്തിന്റെ ഘടനയിലേക്ക് കൊണ്ടുവരുന്നതിന്റെ രസികത്തം വായനക്കാർ അനുഭവിച്ചേക്കും. രതിയെ ആഹാരവുമായി സമീകരിക്കുന്ന സന്ദർഭവും അവരുടെ ശ്രദ്ധയിൽ വന്നേക്കും.

സമ്പത്തിനെക്കുറിച്ചുള്ള ആഖ്യാനമാണ് “അക്യാബ് തുറമുഖത്തെ കപ്പൽ’. അനിവാര്യമായും അത് ഉടമാവകാശത്തെ സംബന്ധിച്ച കഥയായിത്തീരുന്നു. നന്മയും സമ്പത്തും ഒന്നിച്ചുപോയാൽ നല്ലതാണ്. അത്തരം മാതൃകകൾ ഉണ്ട്. എന്നാൽ എപ്പോഴും
അങ്ങനെയാവണം എന്നില്ല. മായിനാജിയുടെ സ്വത്തിന്റെ ഉടമസ്ഥതയെ ചൂണ്ടിക്കാട്ടിക്കൊണ്ട് സമ്പത്ത് എങ്ങനെ തിന്മയുടെ ഉറവകൂടിയാവുന്നു എന്ന് കഥ ധ്വനിപ്പിക്കുന്നു.

“സ്ട്രീറ്റ് സ്മാർട്ട്’ ൽ മുഹമ്മദിന് പ്രിയപ്പെട്ട ഗ്രാമാന്തരീക്ഷവും “ഉത്തരാധുനികം’ എന്ന് പറയാവുന്ന പരിഷ്കൃതിയുടെ വഴക്കങ്ങളും തമ്മിലുള്ള ചേർച്ചകളുടെയും സംഘർഷത്തിന്റെയും ആഖ്യാനമായിട്ടാണ് എനിക്ക് കാണാൻ കഴിയുന്നത്. ലോകം വേഗം മാറുന്നുവെന്ന ബോധം ഈ കഥയിൽ ഉണ്ട്. അത് മുഹമ്മദിന്റെ മറ്റു കഥകളിലെയും സാന്നിധ്യമാണ്. “ഡയമണ്ട് നെക്ലേസിൽ” സാഹിത്യ രൂപകങ്ങൾ (ഒഹാൻ പാമുക്കും മറ്റും) കൂടി വിന്യസിപ്പിച്ചുകൊണ്ട് ലോകഗതി അങ്കനം ചെയ്യാനുള്ള ശ്രമമുണ്ട്. “ഇരുട്ടിൽ’സ്വാർത്ഥമാധികാരങ്ങളുടെ വിശകലനം നടക്കുന്നു. ഗ്രാമമാണ്- ഇതിലെ കഥാ സ്ഥലം. തൊട്ടടുത്ത കഥ നാഗരിക സംസ്കൃതിയിലെ ജീവിതത്തെയാണ് പരിഗണിക്കുന്നത് (സ്മാർട്ടായ കലാലയകാലം).

– “തെരുവിൽ കണ്ടത്’ എന്ന കഥയിൽ നിരീക്ഷണം എന്ന അടിസ്ഥാന പ്രക്രിയയുടെ സൂക്ഷ്മമായ അവതരണം കാണാൻ കഴിയുന്നു. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച രചനയാണ് ഇത്. ഇതിൽ പക്ഷിയുണ്ട്-പട്ടിയും. “പക്ഷിത്തം’ അല്ലെങ്കിൽ “പട്ടിത്തം’ എന്ത് എന്ന് മനുഷ്യർക്ക് പറയാൻ ബുദ്ധിമുട്ടാണ്. മനുഷ്യാനുഭവങ്ങളുടെ അറിവുവെച്ചേ പക്ഷിയെയും പട്ടിയെയും നമുക്ക് കാണാനും വിലയിരുത്താനുമാവുന്നുള്ളൂ. ഈ അറിവറിവാണ് കഥയിലെ രസനീയ സ്ഥാനം.

“കൂകിപ്പായും തീവണ്ടിയിലെ’ (പ്രകടനാത്മകമായ) മാനുഷികതയുടെ ചിത്രണത്തിൽ കുറ്റം എന്ന വിഷയം തെളിയുന്നുണ്ട്. ബലാത്സംഗക്കാരൻ മാത്രമല്ല കുറ്റം ചെയ്യുന്നത്. രക്ഷിക്കൂ എന്ന കരച്ചിൽ അവഗണിക്കുന്ന (സമ്പന്ന) ദമ്പതികളും കുറ്റക്കാരാണ് എന്ന് കഥ അനായാസമായി ധ്വനിപ്പിക്കുന്നു. “പ്രഥമദൃഷ്ട്യാ കുറ്റകരമാകുന്നത്’, “വിശപ്പ്’ എന്നീ കഥകളിലും അതിനാഗരികതയുടെയും സമ്പത്തിന്റെയും ചിഹ്നങ്ങൾ വിന്യസിച്ചിരിക്കുന്നു. ജീവിതം എങ്ങനെയൊക്കെയാണ് എന്ന് ഞെട്ടലോടെ അറിയിക്കുന്ന പാഠങ്ങളാണിവ. കഥാജീവിതത്തിൽ മുഹമ്മദ് കുനിങ്ങാടിന് നല്ല ഭാവിനേരുന്നു.

‘തെരുവിൽ കണ്ടത്’

കഥ :  ഒന്ന്

നിരൂപണം ഒരു കലയാണ്

 

🟡
തീന്‍ മേശയ്ക്കു മുന്നില്‍ അയാള്‍ കാര്‍ക്കശ്യമുള്ള ഒരനലിസ്റ്റും കൃത്യമായി വിധി നിര്‍ണ്ണയിക്കുന്ന ന്യായാധിപനുമാണെന്ന് അവള്‍ക്കെന്നും തോന്നിയിരുന്നു. ആസ്വദിച്ച് വിഭവങ്ങള്‍ കഴിക്കുന്നത് ആരെയും ആകര്‍ഷിപ്പിക്കും വിധമായിരുന്നു. രുചിഭേദങ്ങളുടെ ചെറിയ ചെറിയ വ്യതിയാനങ്ങള്‍ പോലും സുകുവിന്റെ മുഖത്ത് വിടര്‍ത്തുന്ന ഭാവമാറ്റങ്ങള്‍ നോക്കിയിരിക്കുക കൗതുകരമായ ഒരനുഭവമായിരുന്നു. രേഷ്മാ ഇതിലിത്തിരി ഉപ്പ് കുറക്കാമായിരുന്നു. എട്ടും പൊട്ടും തിരിയാത്ത കാലത്ത് നവവധുവായി കൂട്ടുകൂടിയപ്പോഴേ അറിയാമായിരുന്നു സുകുവേട്ടന്‍ നല്ലൊരു നിരൂപകനാണെന്ന്. മൗലികമായ രചനകള്‍ പോലും ഒരിക്കലും അങ്ങേരെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തിയിരുന്നില്ല.

ജനപ്രീതി നേടിയ സൃഷ്ടിയായാലും അവാര്‍ഡ് നേടിയ കൃതികളായാലും സുകുവിന്റെ സ്വരം എന്നും വേറിട്ടതായിരുന്നു. സുകുവേട്ടന്‍ ഭാഷയുടെ വ്യവഹാരതലത്തില്‍ ശ്രദ്ധിക്കപ്പെടുകമാത്രമല്ല ആദരിക്കപ്പെടുകകൂടി ചെയ്തിരുന്നു. രേഷ്മ അയാളുടെ കൂടെ ഒത്തിരി പാടുപെടേണ്ടിവരുമെന്ന് സാവിത്രിച്ചേച്ചി പറയുമ്പോള്‍ അത്രയങ്ങ് പ്രതീക്ഷിച്ചില്ല!
മുന്നിലെത്തുന്ന ഭക്ഷണം ഒരഭിപ്രായവും പറയാതെ അച്ചനെന്നും കഴിച്ചിരുന്നു. അമ്മ വെച്ചുവിളമ്പുന്നത് അടങ്ങിയിരുന്ന് കഴിക്കുന്നതാണ് എന്നും ഞങ്ങളുടെ വീട്ടിലെ ശീലം. പാചകത്തില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ അമ്മക്ക് അതെന്നും ധൈര്യം പകര്‍ന്നിരുന്നു.

എത്ര പെര്‍ഫെക്ഷനില്‍ പാകം ചെയ്താലും ചേരുവകളിലെ ആനുപാതിക വ്യതിയാനങ്ങള്‍ പോലും സുകു വേര്‍തിരിച്ചുപറയും. മഞ്ഞള്‍ ഗരം മസാലയേക്കാള്‍ ഇത്ര കൂടരുതെന്നോ അല്ലെങ്കില്‍ കടുക് എണ്ണയില്‍ അത്ര നേരമിരിക്കാന്‍ പാടില്ലെന്നോ പറയുമ്പോള്‍ യഥാര്‍ത്ഥമായ രുചിയുടെ തിളക്കത്തിലേക്കെത്താനുള്ള സൂക്ഷ്മത പുലര്‍ത്താന്‍ എന്നുമൊരു പ്രേരണയാകുമായിരുന്നു. ജോലിയൊക്കെ ഉപേക്ഷിച്ച് നല്ലൊരു ഹൗസ് വൈഫായി കുക്കിംഗും കുട്ടികളുടെ കാര്യങ്ങളൊക്കെ നേരാംവണ്ണം നോക്കി ജീവിക്കാമെന്നുകരുതിയാല്‍ അതിനൊട്ട് അനുവദിക്കുകയുമില്ല. ഓഫീസില്‍ പോകുന്നതിന് മുമ്പ് കുട്ടികളെ വിളിച്ചുണര്‍ത്തി സ്‌കൂളിലേക്ക് അയക്കണം. ഒരുക്കത്തിന്റെയും ഓട്ടത്തിന്റെയും തത്രപ്പാടില്‍ നമുക്കുണ്ടോ പാചകത്തിലത്ര ശ്രദ്ധിക്കാന്‍ നേരം!

രാത്രി പണിയെല്ലാം തീര്‍ത്ത് നേരത്തെയൊന്നുറങ്ങാമെന്ന് കരുതിയാല്‍ വിശദമായ ശൃംഗാരത്തിനാണ് ശ്രമം. അവിടെയും കോംപ്രമൈസിന്റെ ചെറിയ ഒരു ഉദ്യമം പോലും അനുവദിക്കില്ല. ശാസ്ത്രീയ സംഗീതമോ ഭരതനാട്യം പോലെയോ ലൈഗികത ഒരു കലയാണെന്നും സമര്‍പ്പണത്തോടുകൂടിയും കാര്യക്ഷമമായും അത് നിര്‍വഹിക്കുമ്പോള്‍ മാത്രമേ ആനന്ദത്തിന് മാറ്റ് കൂടുകയുള്ളുവെന്നും പറയുമ്പോള്‍ വാല്‍സ്യായന മഹര്‍ഷിയും നാലപ്പാട് നാരയണമേനോനും ഉദ്ധരണികളായി മുന്നിലെത്തും. ഇഡലിക്കു കൂട്ടാനുള്ള സാമ്പാറ് തൂങ്ങിച്ച കപ്പല്‍ മുളക് കാഞ്ഞുപോയത് കുറച്ചു കൂടിപ്പോയാല്‍ ഇതൊന്നും അങ്ങോര്‍ക്കപ്പോള്‍ ഓര്‍മ്മയുണ്ടാകില്ല. കൊച്ചുവെളുപ്പാന്‍ കാലത്ത് തണുത്ത വെള്ളത്തില്‍ കുളിച്ച് പ്രാര്‍ത്ഥനാമുറിയില്‍ കയറുമ്പോള്‍ രാത്രിയിലെ ആനന്ദത്തിമര്‍പ്പ് വേണ്ടിയിരുന്നില്ല എന്ന് മുഖത്ത് നോക്കി പറയണമെന്ന് തോന്നും.

നിതംബം വരെ താഴ്ന്നുകിടക്കുന്ന മുടി ആറിക്കിട്ടാന്‍ ഡ്രയര്‍ ഉപയോഗിച്ചാല്‍ പോലും കഴിയില്ലെന്നത് അതിലും വലിയ സങ്കടം! കാതില്‍ പറഞ്ഞതും ചുണ്ട് നുകര്‍ന്നതും കാളകൂറ്റനെപ്പോലെ മാറില്‍ തിമര്‍ത്താടിയതും തത്രപ്പാടുകള്‍ക്കൊടുവില്‍ കാബില്‍ സാവകാശം കിട്ടുമ്പോഴോര്‍ക്കുന്നത് മധുരമൂറുന്ന അനുഭവമാണ്. കിട്ടാവുന്ന നിലവാരമുള്ള പാചക പുസ്തങ്ങള്‍ നോക്കിയും ചാനലുകളിലെ പ്രഗത്ഭരുടെ കുക്കറി ഷോകള്‍ കണ്ടും അന്യൂനമായ പാചകം പഠിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു.
മറ്റെന്തിനേക്കാളുമുപരി എന്നെങ്കിലും സുകുവിന്റെ ഇംഗിതത്തിനിണങ്ങുന്ന പൂര്‍ണ്ണതയിലെത്തിയ പാചകം നിര്‍വഹിക്കണമെന്ന വാശിയിലായിരുന്നു അത്.

പാചകം ഇതിനകം അനായാസം വഴങ്ങിക്കിട്ടിയിരുന്നു. തന്നെയുമല്ല രേഷ്മയുടെ ബിരിയാണി അടിപൊളിയായിരുന്നു. വീട്ടിലെത്തുന്ന അതിഥികളെല്ലാം പായസം തകര്‍ത്തു എന്നൊക്കെ പറയുമ്പോള്‍ അഭിമാനവും അംഗീകാരവും അനുഭവപ്പെടും. അപ്പോഴും സുകുവേട്ടന്‍ പറഞ്ഞതിങ്ങനെ ‘ചിക്കന്‍ ചോറിനകത്ത് കുറച്ചുകൂടി ദമ്മിലിടണമായിരുന്നു. ‘

ആയിടയ്ക്കാണ് എക്‌സസീവ് ബ്‌ളീഡിംഗിന് ഡി.&.സി. ചെയ്യണമെന്ന് ഗൈനക്കോളജിസ്റ്റ് നിര്‍ബന്ധം പറഞ്ഞത്. ഒരാഴ്ചത്തെ പൂര്‍ണ ബെഡ് റെസ്റ്റ് വേണമെന്ന് പറയുമ്പോള്‍ സുകുവേട്ടനെ ലേഡീ ഡോക്ടര്‍ അര്‍ത്ഥം വെച്ചൊന്ന് നോക്കുന്നുണ്ടായിരുന്നു.

ഞാന്‍ നല്ല മയക്കത്തിലായിരുന്നു. അടുക്കളയില്‍ പാത്രങ്ങളുടെ ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. ഭക്ഷണം ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു സുകു, കിച്ചണില്‍ തനിയെ വിട്ട് ബെഡില്‍ എനിക്ക് സ്വസ്തത ലഭിച്ചില്ല. ലക്ഷണമൊത്ത വിഭവം രുചിക്കാനുള്ള ആകാംക്ഷ മനസ്സിനെ കൊതിപ്പിക്കുന്നുണ്ടായിരുന്നു. ദോശത്തവയിന്മേല്‍ ഒട്ടിപ്പിടിച്ച് പൊളിച്ചെടുക്കാന്‍ കഴിയാത്ത ഉരുട്ടിക്കൂട്ടിയ മാവും നേര്‍ത്ത വെള്ളത്തില്‍ കരിഞ്ഞ വെണ്ടക്കാ കഷണങ്ങളുമായി സുകു മുന്നിലെത്തുമ്പോള്‍ ഏറെ സമയമെടുത്തിരുന്നു.⏹️

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം