അന്താക്ഷരി

സിനിമാസ്വാദനം 🟡 ഡോ. കീർത്തി പ്രഭ

സംഗീതസാന്ദ്രമായ ഒരു പേരിനകത്ത് ഓരോ നിമിഷവും ഉദ്വേഗത നിറച്ചാണ് ‘അന്താക്ഷരി’ എന്ന സിനിമ നമ്മുടെ മുന്നിലേക്കെത്തിയത്. 2016 ൽ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് എന്ന സംവിധായകന്റെ ഏറ്റവും പുതിയ മലയാള ചിത്രമായ ‘അന്താക്ഷരി’ സോണി ലിവ് എന്ന ഓ ടി ടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രദർശനം തുടരുന്നത്. സൈജു കുറുപ്പ്, മൃദുൽ മുകേഷ്, പ്രിയങ്ക നായർ, സുധി കോപ്പ, കോട്ടയം രമേശ്‌, ശബരീഷ് വർമ്മ തുടങ്ങിയ അഭിനേതാക്കൾ പ്രധാന വേഷങ്ങളിലെത്തുന്നു.

പ്രമേയത്തിൽ പറയത്തക്ക പുതുമകളില്ലെങ്കിൽ കൂടിയും ആ പ്രമേയത്തെ വേറിട്ട രീതിയിൽ അവതരിപ്പിച്ചിടത്താണ് സിനിമ വ്യത്യസ്തമാകുന്നത്. പോലീസ് സ്റ്റേഷനിൽ എത്തുന്നവരെ അന്താക്ഷരി കളിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും താൻ തിരയുന്ന ഇരകളെ അന്താക്ഷരി കളിപ്പിക്കുന്ന സൈക്കോ കില്ലറും കൂടിച്ചേരുമ്പോൾ അന്താക്ഷരി വേറിട്ട അനുഭവമാകുന്നു.

പ്രധാന കഥയുടെ കൂടെ സിനിമയിൽ ഒരു സൈഡ് സ്റ്റോറി ഉണ്ടാവുന്നുണ്ട്. അതിനെ കേന്ദ്ര ആഖ്യാനവുമായി ബന്ധിപ്പിക്കുന്നിടത്താണ് പോരായ്മകൾ അനുഭവപ്പെട്ടത്. സിനിമയുടെ ആരംഭത്തിൽ ഉണ്ടായിരുന്ന സ്വഭാവികത ആ ബന്ധിപ്പിക്കലിൽ ഉണ്ടായില്ല. ആസൂത്രിതമായി ഉണ്ടാക്കിയെടുത്തതു പോലെ. പല കഥാപത്രങ്ങളെയും പാതി വഴിയിൽ ഉപേക്ഷിച്ചത് പോലെ തോന്നി. അതുപോലെ, കൗതുകവും ഉദ്വേഗവും നിറച്ച് പ്രേക്ഷകരുടെ ആകാംക്ഷയെ മുഴുവൻ ഫ്രെയിമുകളിലേക്ക് ആകർഷിച്ച് വളരെ മന്ദവും ഫലപ്രദവുമായി വികസിച്ചു വന്ന കഥ ക്ലൈമാക്സ് ആയപ്പോൾ നിരാശപ്പെടുത്തിയോ എന്നും തോന്നിപ്പോയി. പ്രേക്ഷകരെ അത്രകണ്ട് ബോധ്യപ്പെടുത്താൻ കഴിയാത്ത ഒരു നിഗമനത്തിലേക്ക് കഥ എത്തിച്ചേർന്നത് പോലെ. ആ സീരിയൽ കില്ലറിലേക്കുള്ള യാത്രയിൽ ഉണ്ടാകുന്ന സമാന്തരങ്ങളായ കഥകൾക്കൊന്നും കൃത്യമായ ഒരു പര്യവസാനം ഉണ്ടാക്കപ്പെടുന്നില്ല. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ദാസ് എന്ന നായകകഥാപാത്രത്തിന്റെ വികാസത്തിനെയും മുഖ്യ കഥയുടെ മുന്നോട്ട് പോക്കിനെയും ബലപ്പെടുത്തുന്ന കണ്ണികളായി മാത്രം ആ സമാന്തര കഥകളെ കാണാൻ പലപ്പോഴും പ്രേക്ഷകർക്ക് കഴിഞ്ഞെന്ന് വരില്ല. അവർക്ക് എല്ലാത്തിനും ഒരു പരിസമാപ്തി കിട്ടണം, എല്ലാ കഥകൾക്കും ഒരു തീർപ്പുണ്ടാക്കിയാലേ സമാധാനമാവൂ. അത്തരം സ്പൂൺ ഫീഡ് കഥകളിൽ നിന്നും ഒരു മാറ്റം വേണം എന്ന് തോന്നിയിട്ടുണ്ട് ചിലപ്പോഴെങ്കിലും. കുറച്ചൊക്കെ നമ്മുടെ ഭാവനകൾക്കും അലസമായി സഞ്ചരിക്കാൻ ഒരവസരം കിട്ടണ്ടേ.

എല്ലായിടത്തും ഒരു സ്വഭാവികത കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട് സിനിമയിൽ. സംഘട്ടന രംഗങ്ങളിൽ പോലും അതിമാനുഷികത കടന്നു കയറാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. സൈജു കുറുപ്പ്, പ്രിയങ്ക, സുധി കോപ്പ, ശബരീഷ് വർമ്മ, പിന്നെ ചെറിയ സമയമെങ്കിൽ പോലും വന്നുപോയ മറ്റെല്ലാ അഭിനേതാക്കളുടെയും അഭിനയത്തിലെ സ്വഭാവികതയും ലാളിത്യവും സിനിമയുടെ നൈസർഗികത ചോരാതെ നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. കോട്ടയം രമേശ്‌ എന്ന നടൻ ശരിക്കും അദ്‌ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ മാനറിസങ്ങളും ഭാവങ്ങളും മലയാള സിനിമയെ ഇനിയും പോഷിപ്പിക്കും.

കുറ്റാന്വേഷണ സിനിമകളിലെ പോലീസ് ഉദ്യോഗസ്ഥരിൽ സാധാരണ കണ്ടു വരുന്ന അതിസൂക്ഷ്മ നിരീക്ഷണവും ബുദ്ധികൂർമതയും എടുത്തു പ്രകടമാക്കാത്തത് കൊണ്ട് ഒരല്പം ഭയവും ഇടയ്ക്കിടെ സ്വയ വിശ്വാസം ചോർന്നു പോകുന്നതുമായ സൈജു കുറുപ്പിന്റെ ദാസിനെ വെറും ഒരു പോലീസ് ഉദ്യോഗസ്ഥനായി മാത്രം കാണാൻ സാധിച്ചില്ല. ഏത്ര വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവരായാലും എത്ര വലിയ ഉദ്യോഗസ്ഥനായാലും ഒരു സാധാരണ മനുഷ്യന്റെ വികാര വിചാരങ്ങളെയെല്ലാം ഉൾകൊള്ളുന്ന ഒരു മനസ്സ് അയാൾക്കും ഉണ്ട് എന്ന് കാണിച്ചു തന്ന രീതി ഒരുപാട് ഇഷ്ടമായി. പൊതുവെ എല്ലാം സ്റ്റീരിയടൈപ്പ് ചെയ്തു ശീലിച്ചവരാണ് നമ്മൾ. പോലീസ് ആയാൽ അങ്ങനെയാണ് ഡോക്ടർ ആയാൽ ഇങ്ങനെയാവണം തുടങ്ങി ഒത്തിരി സങ്കൽപ്പങ്ങൾ നമുക്കുണ്ട്. ഇവരെല്ലാം പരുക്കനും കഠിന ഹൃദയനും എപ്പോഴും മസിലും ശ്വാസവും കേറ്റിപ്പിടിച്ച് മറ്റൊരു ചിന്താ വലയങ്ങളും ഇല്ലാത്തവരല്ല. സാഹചര്യങ്ങൾ ചിലപ്പോൾ അങ്ങനെ ആക്കിയെടുക്കാമെങ്കിലും അവരുടെ ഉള്ളിന്റെയുള്ളിലും ഏതൊരു മനുഷ്യനെയും പോലെ ലോലമായ എല്ലാ വികാരങ്ങളും അടുക്കും ചിട്ടയുമില്ലാതെ കിടപ്പുണ്ട്. അത്തരം മനുഷ്യരെ കാണിച്ചു തന്നതിൽ വിപിൻ ദാസിനോട്‌ നന്ദിയും സ്നേഹവും.

വിപിൻ ദാസ്

ഏറ്റവും അദ്ഭുതവും ഇഷ്ടവും തോന്നിയതും വൈകാരികമായി കൂടുതൽ സ്പർശിച്ചതും നമ്മുടെ സൈക്കോ കില്ലറിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പയ്യനെ സ്‌ക്രീനിൽ കണ്ടപ്പോളാണ്. എന്ത് ചന്തമാണ് അവനെയും അവന്റെ ഭാവങ്ങളെയും.ആ കഥാപാത്രത്തെ അവതരിപ്പിച്ച മൃദുൽ മുകേഷിന് അഭിനന്ദനങ്ങൾ.

കുട്ടിക്കാലത്ത് മനസ്സിനുണ്ടാകുന്ന പല മുറിവുകളും ഒരുവന്റെ പകയെ, വാശിയെ വളർത്തുന്നത് കാണിക്കാൻ ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത തരം ആവിഷ്കാരശൈലി ഉപയോഗിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു.ആ മുറിവുകൾ ചിലർക്ക് അടങ്ങാത്ത വേദനകളായി അവശേഷിക്കാം, ചിലർക്ക് തീരാത്ത പകയായി, ചിലർക്ക് ജീവിതത്തോടുള്ള വാശിയായി.മുറിവേറ്റ മനസിന്റെ വേദനയും വൈകാരികതയും നിറഞ്ഞ അന്താക്ഷരിയിലെ നിമിഷങ്ങൾ മനസിനെ ഒന്ന് പൊളിക്കും. വേദനകൾ പകയായി രൂപമെടുത്ത് അപരാധികളാകുന്ന മനുഷ്യർ ഉണ്ടാവാതിരിക്കട്ടെ.

വിപിൻ ദാസിന്റെ മുദ്ദുഗൗ എന്ന സിനിമ വ്യക്തിപരമായി എൻറെ ഇഷ്ട സിനിമയല്ല. ആ കാഴ്ച്ചയിൽ നിന്നും അന്താക്ഷരിയിലേക്കെത്തിയത് പ്രതീക്ഷകൾ ഒന്നും ഇല്ലാതെയാണ്. മറ്റുള്ളവയിൽ നിന്നും വേറിട്ടു നിൽക്കുന്ന എന്തോ ഒന്ന് അനുഭവപ്പെട്ടത് കൊണ്ടാവണം ഈ സിനിമ ഇഷ്ടസിനിമകളുടെ കൂട്ടത്തിൽ ചേർത്ത് വെക്കാൻ തോന്നിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം