മലയാളി മാധ്യമപ്രവര്‍ത്തകരുടെ ഇടത്താവളം

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : മുപ്പത്തിയൊമ്പത് 
🔵

ബെംഗളൂരു നഗരത്തില്‍ വിധാന സൗധയ്ക്ക് സമീപം ചാലൂക്യ ഹോട്ടലിനോട് ചേര്‍ന്നുള്ള ഹൈ പോയിന്റ് ഫോര്‍ എന്ന ബഹുനിലക്കെട്ടിടത്തിന്റെ പത്താംനിലയിലുള്ള മാതൃഭൂമി ഓഫിസായിരുന്നു തൊണ്ണൂറുകളില്‍ മലയാളി മാധ്യമപ്രവര്‍ത്തകരുടെ ഇടത്താവളം. മുഴുസമയ മാധ്യമപ്രവര്‍ത്തകനാകുന്നതിന് മുമ്പുതന്നെ ഞാനവിടുത്തെ സന്ദര്‍ശകനായിരുന്നു. അക്കാലത്ത് മലയാളപത്രങ്ങള്‍ക്ക് നഗരത്തില്‍ ബ്യുറോ ഉണ്ടായിരുന്നില്ല. മാതൃഭൂമിയുടെ അഡ്വര്‍ടൈസ്‌മെന്റ് വിഭാഗം ഓഫീസായിരുന്നു അത്. മാനേജരായിരുന്ന ജയന്ത് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ. ജയചന്ദ്രന്റെയും പ്രശസ്ത നിരൂപകന്‍ ഒ.കെ.ജോണിയുടെയും സുഹൃത്തായിരുന്നു. അവര്‍ വഴിയാണ് ഞാനവിടെ എത്തിയത്. (പിന്നീട് മാതൃഭുമി വിട്ട ജയന്ത് കര്‍ഷകന്‍ എന്നൊരു മാസിക ആരംഭിച്ചു. ഒ.കെ ജോണിയായിരുന്നു എഡിറ്റര്‍. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അതു അധികകാലം തുടര്‍ന്നില്ല) പിന്നീട് മാനേജരായ ഹര്‍ഷ രാജാറാം, സതീഷ്, ബിന്ദു.കെ. നായര്‍ എന്നിവരുമായും എനിക്ക് സൗഹൃദമുണ്ടായിരുന്നു.

1991 ലാണ് മാതൃഭുമി അതേ ഓഫിസില്‍ തന്നെ ബ്യുറോ ആരംഭിച്ചത്.സ്റ്റാഫ് അംഗങ്ങളായ മണിയും അജിത്തും നല്ല സുഹൃത്തുക്കളായിരുന്നു.(കോട്ടയത്തെ സ്ഥലം മാറിപ്പോയിരുന്ന മണി കഴിഞ്ഞ കൊല്ലം ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ദുഃഖവാര്‍ത്ത അജിത്താണ് വിളിച്ചറിയിച്ചത്) അതുപോലെ രസികനായ ഒരു കഥാപാത്രമായിരുന്നു ആ കെട്ടിടത്തിലും പരിസരങ്ങളിലുള്ള ഓഫിസുകളിലും ചായയും ഊണുമൊക്കെ സപ്ലൈ ചെയ്തിരുന്ന മലപ്പുറത്തുകാരന്‍ കുട്ടി. കോഴിക്കോടുനിന്നും മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ വി. അശോകനാണ് ആദ്യമായി സ്റ്റാഫ് ലേഖകനായി എത്തിയത്. അശോകേട്ടന്‍ വന്നതോടെ ദേശാഭിമാനിയില്‍ എഴുതാറുണ്ടായിരുന്ന സോമന്‍ വയനാടും ഞാനും അവിടെ ഒത്തുകൂടി വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യാനാരംഭിച്ചു. നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു സോമന്‍. നഗരത്തില്‍ പുതിയ ആളായ അശോകേട്ടന് ഞങ്ങള്‍ നല്ല കൂട്ടായിരുന്നു. തുടര്‍ന്ന് സുധീന്ദ്രകുമാര്‍, വി. എന്‍. ജയഗോപാല്‍, ഗോവിന്ദനുണ്ണി, കെ. കെ.ബാലരാമന്‍,വിനോദ്കുമാര്‍ തുടങ്ങിയവര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരായി വന്നു.

ജയകൃഷ്ണന്‍ നരിക്കുട്ടി, വി. എന്‍. ജയഗോപാല്‍, സി.കെ.ശിവാനന്ദന്‍

ആ കാലയളവില്‍ മിക്ക ദിവസങ്ങളിലും ഞങ്ങള്‍ മാതൃഭൂമിയില്‍ സമ്മേളിക്കുകയും വാര്‍ത്തകള്‍ ശേഖരിക്കാന്‍ ഒന്നിച്ചുപോവുകയും ചെയ്തിരുന്നു. സുധീന്ദ്രകുമാര്‍ ഒന്നിലേറെ തവണ എന്നോടൊപ്പം വീരപ്പന്റെ വനമേഖലയിലേക്ക് വന്നിരുന്നു. ദേശാഭിമാനി ലേഖകനായി ജയകൃഷ്ണന്‍ നരിക്കുട്ടി വന്നു. മല്ലേശ്വരത്തായിരുന്നു ദേശാഭിമാനിയുടെ ഓഫീസ്. ലോകസുന്ദരി മത്സരം പോലുള്ള വന്‍സംഭവങ്ങള്‍ ജയകൃഷ്ണനും ഞാനും ഒന്നിച്ചാണ് കവര്‍ ചെയ്തത്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ബെംഗളുരുവില്‍ നടന്നപ്പോള്‍ ഒ.കെ ജോണി ഉള്‍പ്പെടെ പതിനഞ്ചോളം സിനിമാനിരൂപകര്‍ കേരളത്തിലെ വിവിധ പത്രങ്ങളെ പ്രതിനിധീകരിച്ചും അല്ലാതെയും വന്നുചേര്‍ന്നിരുന്നു. അവരുടെ ഗൈഡായി പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. 1999 ല്‍ കേരളകൗമുദി ബാംഗ്ലൂരില്‍ നിന്ന് എഡിഷന്‍ തുടങ്ങിയപ്പോള്‍ നഗരത്തിലെ മലയാളികളുടെ ശ്രദ്ധ അങ്ങോട്ടായി. മാതൃഭുമി ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന അതേ കെട്ടിടത്തില്‍ തന്നെയായിരുന്നു കൗമുദിയുടെ ഓഫീസും. ശ്യാംകുമാറായിരുന്നു പ്രധാന ലേഖകനും മാനേജറുമെല്ലാം. ശ്യാമിന് ഞങ്ങളും ഞങ്ങള്‍ക്ക് ശ്യാമും നല്ല കൂട്ടായി. ആദ്യമായി ബാംഗ്ലൂര്‍ എഡിഷന്‍ ഇറക്കിയ പത്രമെന്ന നിലയില്‍ മൂന്നാലു വര്‍ഷക്കാലം കൗമുദിയിലായിരുന്നു നഗരത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സംഘടനാഭാരവാഹികളുടെയും മുഴുവന്‍ ശ്രദ്ധയും. നഗരത്തിലെ മലയാളികളെയും മലയാളി സംഘടനകളെയും കുറിച്ചുളള വാര്‍ത്തകള്‍ ചിത്രങ്ങള്‍ സഹിതം കൗമുദി പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

ശ്യാംകുമാർ, എം. കെ സന്തോഷ്‌കുമാര്‍

2002-ല്‍ മനോരമയും 2003-ല്‍ മാതൃഭൂമിയും എഡിഷനുകള്‍ തുടങ്ങിയതോടെ കൗമുദിയുടെ പ്രതാപത്തിന് മങ്ങലേറ്റു. സി.കെ.ശിവാനന്ദന്‍ ബ്യുറോ ചീഫും എം. കെ സന്തോഷ്‌കുമാര്‍ പ്രധാന ലേഖകനുമായി മനോരമയുടെ എഡിഷന്‍ ആരംഭിച്ചതുമുതല്‍ ദീര്‍ഘകാലം ബെംഗളുരുവില്‍ പ്രവര്‍ത്തിച്ചു. വിനോദ്കുമാര്‍ ബ്യുറോ ചീഫ് ആയിരിക്കുമ്പോഴാണ് മാതൃഭുമി എഡീഷന്‍ ആരംഭിച്ചത്. പിന്നീട് ശശിധരന്‍ മങ്കത്തില്‍, ബിനുരാജ്, വിനോയ് മാത്യു, വിപിനചന്ദ്രന്‍, സുനില്‍കുമാര്‍ തുടങ്ങിയവര്‍ മാതൃഭൂമിയില്‍ ബ്യുറോ ചീഫുകളായി വന്നു. എഡിഷന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ മാതൃഭൂമിയിലെ ഇടത്താവളം ഞങ്ങള്‍ മാറ്റിയിരുന്നു. സോമന്‍ വയനാട് നാട്ടിലേക്ക് പോയിരുന്നു. മാധ്യമവും ദേശാഭിമാനിയും എഡിഷനുകള്‍ ആരംഭിച്ചിരുന്നു. ദേശാഭിമാനി പെട്ടെന്ന് എഡിഷന്‍ നിര്‍ത്തി. ജയകൃഷ്ണന് ശേഷം രാജഗോപാലും വികാസ് കാളിയത്തുമാണ് ദേശാഭിമാനിയില്‍ ലേഖകരായി  പ്രവര്‍ത്തിച്ചത്. വലിയ ബഹളങ്ങളൊന്നുമില്ലാതെ മാധ്യമത്തിന്റെ എഡിഷന്‍ തുടരുന്നുണ്ട്. മാതൃഭൂമി എഡിഷന്‍ തുടങ്ങിയ ശേഷം ഓഫിസ് ഹൈ പോയിന്റില്‍ നിന്നും വസന്തനഗറിലെ പിടിഐ ബില്‍ഡിങ്ങിലേക്ക് മാറി. ഇന്‍ഫന്ററി റോഡില്‍ ഹിന്ദുവിന് സമീപമുള്ള സ്വന്തം കെട്ടിടത്തിലാണ് മനോരമ ബ്യുറോ തുടങ്ങിയത്. ആദ്യം മുതലെ ദി വീക്ക് ആ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മനോരമയുടെയും മാതൃഭുമിയുടെയും ടിവി ചാനല്‍ ബ്യുറോകളും അവരുടെ പത്രമോഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ബംഗളുരുവിലെ മലയാളി മാധ്യമപ്രവര്‍ത്തകര്‍ തമ്മില്‍ പഴയതുപോലെ അതിദൃഢമായ കൂട്ടായ്മ പുതിയകാലത്തില്ലെന്നു പറയാം. സമയക്കുറവും നഗരത്തിന്റെ അവിശ്വസനീയമായ വളര്‍ച്ചയും തന്നെയാണ് പ്രധാനകാരണം. എന്നാല്‍ സ്ഥലമാറ്റമോ വിരമിക്കലോ ഇല്ലാതെ എന്നെപ്പോലുള്ള അപൂര്‍വ്വം ചില മാഗസിന്‍ ജേണലിസ്റ്റുകള്‍ പഴയ അനുഭവങ്ങളും പുതിയ ശീലങ്ങളും സമന്വയിപ്പിച്ചുകൊണ്ട് വാര്‍ദ്ധക്യത്തിന്റെ പരാധീനതകളുമായി നഗരത്തില്‍ തന്നെയുണ്ട്.
(തുടരും)

ജാതകത്താളിലെ ജീവിതമുദ്രകൾ മുൻ അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക് ചെയ്തോളൂ 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം