ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ എന്ന വിശിഷ്ടവ്യക്തിത്വവും ഒരിക്കലും മറക്കാത്ത ഒരഭിമുഖവും

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : നാൽപത് 
🔵

മൂന്നരപതിറ്റാണ്ടുകാലത്തെ മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ കേരളശബ്ദത്തിനും നാനയ്ക്കും ആ സ്ഥാപനത്തിലെ മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കും വേണ്ടി നിരവധി പ്രമുഖരുടെ പ്രത്യേക അഭിമുഖമെടുത്തിട്ടുണ്ട്. ഏറെ തിരക്കുള്ള അവരെ നമുക്കുമാത്രമായി കിട്ടുന്ന സമയമാണത്. അതൊക്കെ അപൂര്‍വ്വ അനുഭവങ്ങളാണുതാനും.

പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍, സൂപ്പര്‍ താരങ്ങള്‍, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ദ്ധര്‍, വ്യവസായ പ്രമുഖര്‍, സംവിധായകര്‍, അധോലോക രാജാക്കന്മാര്‍ അങ്ങനെ വ്യത്യസ്ത ഗണത്തില്‍ പെട്ടവരെ പലകാലത്തായി പലയിടങ്ങളില്‍ വെച്ച് ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അഭിമുഖ റിപ്പോര്‍ട്ടുകള്‍ക്ക് സാമാന്യം ദീര്‍ഘമായ ആമുഖങ്ങളെഴുതുന്നത് ഒരു ശൈലിയായി വളര്‍ത്തിയെടുത്തിരുന്നു.

ബെംഗളൂരുവാണ് എന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ കേന്ദ്രസ്ഥാനം. അതിനാല്‍ കര്‍ണാടകത്തിലെ മുഖ്യമന്ത്രിമാരെയും നേതാക്കളെയുമാണ് കൂടുതല്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുള്ളത്. രാമകൃഷ്ണ ഹെഗ്‌ഡെയെ പലതവണ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയാകാന്‍ അര്‍ഹതയുള്ള നേതാവാണ് അദ്ദേഹമെന്ന് പലപ്പോഴും തോന്നിയിരുന്നു. പല അഭിമുഖങ്ങളും അവിസ്മരണീയമായ അനുഭവങ്ങളാണ്. ചില അഭിമുഖങ്ങള്‍ മണിക്കൂറുകളോളം നീണ്ടുപോയിട്ടുണ്ട്. നേത്ര ശസ്ത്രക്രിയാവിദഗ്ധന്‍ ഡോക്ടര്‍ എം. സി. മോഡി, സാമൂഹ്യ പ്രവര്‍ത്തകയായിരുന്ന ലക്ഷ്മി നിസാമുദ്ദീന്‍, പ്രൊഫഷണല്‍ കോളജ് ഉടമ ടാഗോര്‍ സദാശിവന്‍ അങ്ങനെ ചിലരുടെ അഭിമുഖങ്ങള്‍ മണിക്കൂറുകളോളം നീണ്ടുപോയിരുന്നു. ചില അഭിമുഖങ്ങളാവട്ടെ വളരെയേറെ പണിപ്പെട്ട് സാധിച്ചെടുത്തതാണ്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയെ കണ്ടു സംസാരിച്ചതും നക്കീരന്‍  ഗോപാലിനെ ഇന്റര്‍വ്യൂ ചെയ്തതും ഏറെ ബുദ്ധിമുട്ടിയായിരുന്നു. രണ്ടുദിവസം മേട്ടൂരില്‍ അലഞ്ഞുതിരിഞ്ഞാണ് അന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്ന മുത്തുലക്ഷ്മിയെ കണ്ടുപിടിച്ചത്. നക്കീരന്‍ ഗോപാല്‍ ഏറ്റവും വേണ്ടപ്പെട്ട നാളുകളില്‍ അദ്ദേഹത്തിന്റെ ഓഫിസില്‍ ചെന്നപ്പോള്‍ നൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ നാലുമണിയ്ക്ക്  അദ്ദേഹത്തിന്റെ വീട്ടില്‍പോയാണ് അഭിമുഖമെടുത്തത്. അതു കേരളശബ്ദത്തില്‍ കവര്‍ സ്‌റ്റോറിയായെന്നു മാത്രമല്ല അഞ്ചുലക്കം വരുന്ന പരമ്പരയായി നീണ്ടു.

അതുപോലെ മുത്തുലക്ഷ്മിയുടെ അഭിമുഖവും കവര്‍സ്‌റ്റോറിയയാണ് വന്നത്. മോഹന്‍ലാലും ശ്രീനിവാസനും അത്ര പെട്ടെന്ന് അഭിമുഖത്തിന് നിന്നുതരുന്നവരല്ല. എന്നിട്ടും രണ്ടുപേരെയും ഒന്നിലേറെ തവണ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. എന്നാല്‍ അഭിമുഖങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നത് ജസ്റ്റിസ് വി. ആര്‍. കൃഷ്!ണയ്യരുമായി നടത്തിയ പ്രത്യേക അഭിമുഖമാണ്. അതുവരെ നമ്മുടെ വ്യവസ്ഥിതിയെപ്പറ്റി എനിക്കുണ്ടായിരുന്ന കാഴ്ചപ്പാട് മാറ്റിമറിച്ച കൂടിക്കാഴ്ച്ചയായിരുന്നു അത്. 1995 ല്‍ ബെംഗളുരുവിലെ ബാല്‍ ബ്രൂയ് ഗസ്റ്റ്ഹൗസില്‍ വെച്ചാണ് ജസ്റ്റിസിനെ കണ്ടത്. അര മണിക്കൂറാണ് എനിക്ക് അനുവദിച്ചതെങ്കിലും വിഷയത്തിന്റെ ഗഹനതകൊണ്ടും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയാലും അഭിമുഖം മൂന്നുമണിക്കൂറോളം നീണ്ടു. ഭരണഘടനയൊക്കെ വായിച്ചിട്ടുണ്ടെങ്കിലും നമ്മുടെ വ്യവസ്ഥിതിയില്‍ സുപ്രീം കോടതിയ്ക്കാണ് പരമാധികാരം എന്നൊരു ധാരണ ഞാന്‍ വെച്ചുപുലര്‍ത്തിയിരുന്നു. പലപ്പോഴും അനുഭവപ്പെടുന്നതും അങ്ങനെയാണല്ലോ. ഇപ്പോഴും ചില പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതേ തോന്നലാണ് ഉണ്ടാകുന്നത്. വാക്‌സിന്‍ വിതരണത്തിന്റെയും മറ്റും കാര്യങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാട് തിരുത്തിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ സുപ്രീം കോടതിയ്ക്കാണ് പരമാധികാരം എന്ന തോന്നല്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നുണ്ടല്ലോ. അക്കാലത്ത് കര്‍ണാടകത്തിലെ ഐഎഎസ് ഓഫീസറെ കോടതി ജയിലിലടച്ചതും കേരള ചീഫ് സെക്രട്ടറിയെ മുള്‍മുനയില്‍ നിര്‍ത്തിയതും ജുഡീഷ്യറിയും എക്‌സികുട്ടീവും ഏറ്റുമുട്ടി ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന തോന്നല്‍ സമൂഹത്തില്‍ ശക്തിപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ഞാന്‍ ജസ്റ്റിസ് കൃഷ്ണയ്യരെ കണ്ടത്. അന്നത്തെ സംഭവങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം വളരെ കൃത്യമായി ഉത്തരം നല്‍കി.

ജുഡിഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലേറ്റുമുട്ടി ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ടോ എന്നുചോദിച്ചപ്പോഴാണ് അദ്ദേഹം ദീര്‍ഘമായ വിശദീകരണത്തിലൂടെ എന്റെ കണ്ണ് തുറപ്പിച്ചത്.’ഭരണഘടനാ പ്രതിസന്ധി എന്നൊന്നില്ല. അങ്ങനെ ഉണ്ടാവുകയുമില്ല’ അദ്ദേഹം വെട്ടിതുറന്നുപറഞ്ഞു.’നമ്മുടെ സംവിധാനത്തില്‍ സുപ്രീം കോടതിയല്ല സുപ്രീം, ജനങ്ങളാണ്. ചെക്‌സ് ആന്‍ഡ് ബാലന്‍സ് സമ്പ്രദായമാണ്. കോടതി തെറ്റായ വിധി പ്രസ്താവിച്ചാല്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് ആ നിയമം മാറ്റാം. അതുപോലെ എക്‌സിക്യൂട്ടീവ്, കോടതി കല്പന ലംഘിച്ചാല്‍ അവരെ ശിക്ഷിക്കാം. നിയമനിര്‍മ്മാണസഭകള്‍ അവയുടെ പരിധിയ്ക്ക് അപ്പുറം പോയി നിയമമുണ്ടാക്കിയാല്‍ കോടതിയ്ക്ക് അത് അസാധുവാക്കാം. അതായത് നമ്മുടെ വ്യവസ്ഥിതിയില്‍ പരമാധികാരം എക്‌സിക്യൂട്ടീവിനുമില്ല, കോടതിയ്ക്കുമില്ല. പരമാധികാരം ജനങ്ങള്‍ക്കാണ്. അതാണ് ജനാധിപത്യം. ‘ജഡ്ജി എന്നതിലുപരി വി. ആര്‍. കൃഷ്ണയ്യര്‍, നിയമപണ്ഡിതനും നിയമമന്ത്രിയായിരുന്ന ആളും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനുമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ജുഡീഷ്യറിയുടെ പക്ഷം പിടിക്കാതെ സംസാരിച്ചതും.

ഗവണ്‍മെന്റും കോടതിയും തമ്മില്‍ ഉരസലുണ്ടാകുമ്പോള്‍, സുപ്രീം കോടതിയുടെ ചില വിധിപ്രസ്താവങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരുടെ വാക്കുകളോര്‍ക്കും. പലവിഷയങ്ങളിലും സുപ്രീം കോടതി അന്തിമവിധി പ്രസ്താവിക്കുമ്പോള്‍ സുപ്രീം കോടതി തന്നെയല്ലേ സുപ്രീം എന്ന് തോന്നാറുണ്ടെങ്കിലും, അല്ല ജനങ്ങളാണ് എന്നുള്ള കൃഷ്ണയ്യരുടെ ഉറച്ച ശബ്ദം എന്റെ ഉള്ളില്‍നിന്ന് പ്രതിധ്വനിക്കാറുണ്ട്. അത്രയേറെ ആഴത്തിലാണ് കേവലമൊരു കൂടിക്കാഴ്ച്ചയിലൂടെ ആ ഉത്കൃഷ്ട ന്യായാധിപന്‍ എന്നെ സ്വാധീനിച്ചത്. ന്യായാലയത്തിന്റെ പക്ഷത്തല്ല, ന്യായത്തിന്റെ പക്ഷത്താണ് ആ ന്യായാധിപന്‍ എക്കാലവും നിലയുറപ്പിച്ചത്. അദ്ദേഹത്തെ പോലുളള മഹാത്മാക്കളുമായി സംസാരിക്കാന്‍ സാധിച്ചതുതന്നെ ഈ ക്ഷണികജീവിതത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞ അസുലഭ സൗഭാഗ്യമാണ്.
(തുടരും)


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം