ആരംഭിക്കലാമാ….

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം മുപ്പത്തിയേഴ്

“Beginner’s Luck”. ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ പലപ്പോഴും ഉപയോഗിക്കപ്പെടാറുള്ള ഒരു ശൈലിയാണിത്. ഏതെങ്കിലും പ്രത്യേക ലക്ഷ്യം മുൻനിർത്തി പ്രവർത്തനം ആരംഭിക്കുന്നവർക്ക് അത്തരം പ്രവർത്തനങ്ങളുടെ തുടക്കകാലത്ത് ലഭിക്കുന്ന അനുകൂലമായ സാഹചര്യങ്ങളെയോ, അവയുടെ ആദ്യപാദങ്ങളിൽ ലഭിക്കുന്ന നേട്ടങ്ങളെയോ സൂചിപ്പിക്കാനാണ് ഈ പ്രയോഗം ഉപയോഗിക്കപ്പെടുന്നത്. ബിസിനസ്സിന്റെ തുടക്കത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത ഇടപാടുകൾ, ദീർഘയാത്രക്ക് പുറപ്പെടുമ്പോൾ ലഭിക്കുന്ന അനുകൂലമായ കാലാവസ്ഥ, കരിയറിന്റെ ആരംഭത്തിൽ ലഭിക്കുന്ന നേട്ടങ്ങൾ എന്നിവയൊക്കെ ഈ ഗണത്തിൽ ഉൾപ്പെടുത്താം. ഇത്തരം ഭാഗ്യങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ ഒരാൾക്ക് ലക്ഷ്യത്തിലേക്കുള്ള യാത്രക്ക് അത് ഊർജ്ജം പകരും. മറിച്ചായാൽ എല്ലാം തകിടം മറിഞ്ഞ് പ്രയത്നം ഉപേക്ഷിച്ച് ‘ആരംഭകൻ’ പിൻവലിയും. അതായത് തുടക്കത്തിൽ ലഭിക്കുന്ന ഭാഗ്യങ്ങളല്ല അതിന്റെ തുടർച്ചയായുണ്ടാകുന്ന അധ്വാനങ്ങളാണ് ലക്ഷ്യപ്രാപ്തി നൽകുന്നത് എന്നർത്ഥം.

“Beginner’s Luck” എന്നതിന് സമതുല്യമായി മലയാളത്തിൽ പ്രയോഗങ്ങൾ ഉള്ളതായി അറിയില്ല. എന്നാൽ ഏറെക്കുറെ സമാനമായ ഉള്ളടക്കം പേറുന്ന മറ്റൊരു വാക്ക് നമുക്കുണ്ട്. അതാണ്‌ “ആരംഭശൂരത്വം”. ആവേശത്തോടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും തുടക്കത്തിന്റെ ആവേശം കെട്ടടങ്ങുമ്പോൾ ആരംഭിച്ചതെല്ലാം അവസാനിപ്പിക്കുകയും ചെയ്യുന്ന രീതിയെ പ്രതിനിധീകരിക്കാനാണ് ഈ വാക്ക് ഉപയോഗിക്കപ്പെടുന്നത്. എല്ലാ വർഷാരംഭത്തിലും സ്വയം നന്നാവാൻ തീരുമാനിച്ച് നാം കുറേ പ്രതിജ്ഞകൾ എടുക്കാറില്ലേ? ആദ്യത്തെ ഒന്നുരണ്ടാഴ്ച തട്ടിയും മുട്ടിയുമായാൽ പോലും അവ പാലിക്കപ്പെടാറുമുണ്ട്. എന്നാൽ ജനുവരി തീരാൻ കാത്തു നിൽക്കാതെ ആ പ്രതിജ്ഞകളെല്ലാം വെറുംവാക്കുകൾ ആയിപ്പോകും. വെള്ളത്തിൽ വരച്ച വരയെന്നൊക്കെ നാം പറയാറില്ലേ, ഏതാണ്ട് അത് തന്നെ. ആവേശത്തോടെ തുടങ്ങി പരാജയത്തിൽ അവസാനിപ്പിക്കേണ്ടി വന്ന പ്രവർത്തനങ്ങളാണിവ. ശരീരം നന്നാക്കാൻ എന്നും നടക്കാൻ പോകുക, മദ്യപാനവും പുകവലിയും അത്തരത്തിൽപ്പെട്ട മറ്റ് ദുശീലങ്ങളും ഉപേക്ഷിക്കുക, ജിമ്മിൽ പോകുക, ജോലിയിൽ കൃത്യസമയം പുലർത്തുക, ഡയറി എഴുതുക, അങ്ങനെ നിത്യ ജീവിതത്തിൽ നാമെടുത്ത്, തോറ്റു പിന്മാറിയ, നമുക്ക് പരിചിതമായ നിരവധി കാര്യങ്ങൾ പരാജയങ്ങളുടെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്താം.

എല്ലാ വിജയങ്ങളുടെയും അടിസ്ഥാനോർജ്ജം നിരന്തരോത്സാഹമാണ്. എല്ലാ വിജയികളുടെയും അടിസ്ഥാന ഗുണം തളരാതെ പതറാതെ, മുന്നോട്ട് പോകാനുള്ള മനക്കരുത്തും. ആരംഭശൂരന്മാർ തുടങ്ങുന്നതെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചു പിന്മാറും. ഉത്സാഹികൾ ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് കുതിച്ചുകൊണ്ടേയിരിക്കും. ഒരുപക്ഷെ മുന്നോട്ടുള്ള കുതിപ്പിന് തുടക്കത്തിന്റെയത്ര കരുത്തുണ്ടാകില്ല, പക്ഷെ ലക്‌ഷ്യസ്ഥലത്തേക്ക് തന്നെ അവർ തങ്ങളുടെ ചുവടുകളെ നയിക്കും. രണ്ടടി മുന്നോട്ട് വെയ്ക്കുമ്പോൾ മൂന്നടി പിന്നോട്ട് നയിക്കും വിധം പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴും മനക്കരുത്ത് ചോരാതെ അവർ പാദങ്ങൾക്ക് മുന്നോട്ട് വഴിയൊരുക്കും. ഒരു ശക്തിക്കും തടുക്കാൻ കഴിയാത്ത വിധം വിജയത്തിനായി അധ്വാനിക്കും. എല്ലാ പരീക്ഷണങ്ങൾക്കും ഒടുവിൽ വിജയം അവർക്ക് സ്വന്തമാകും. വിജയികളായ ഏതൊരാളെയും എടുത്ത് നോക്കുക, ആ വിജയത്തിന്റെ എല്ലാ ഘടകങ്ങൾക്കും മുകളിൽ അതിനായി അവർ നൽകിയ അധ്വാനം, അവരുടെ നിരന്തര പ്രയത്നം വേറിട്ട്‌ നിൽക്കുന്നത് കാണാം. വ്യാപാരരംഗത്തും, അധികാര മത്സരങ്ങളിലും വിജയിച്ചവരുടെ മാത്രം കാര്യമല്ല, ഏറ്റെടുത്ത ഓരോ പ്രവർത്തനങ്ങളും വിജയിപ്പിച്ചവരുടെ ചരിത്രമിതാണ്.

ദുർബലമായ മേൽമണ്ണിന്റെ പുറംതോൽ ചെത്തിമാറ്റി ചെങ്കല്ലിന്റെയും കടുംകല്ലിന്റെയും പാറയുടെയും കാഠിന്യത്തെ തരണം ചെയ്താണ് ഒരു കിണർ വെട്ടുകാരൻ നാലടിവൃത്തത്തിന്റെ ചുവരുകൾക്കുള്ളിൽ ശുദ്ധജലത്തെ തളച്ചിടുന്നത്, മേൽ മണ്ണ് മാറി കടുംമണ്ണ് കണ്ടു തുടങ്ങുമ്പോൾ അധ്വാനത്തിന്റെ ആയാസത്തിൽ പണി നിർത്തി പിൻവാങ്ങുന്നവന് കിണർ കുഴിക്കാൻ കഴിയില്ല, കുഴി വെട്ടാനെ കഴിയൂ. അവന് വെള്ളത്തിന്റെ കുളിർമയെ പുണരാനാവില്ല മണ്ണിന്റെ പൊടിയിൽ വിയർപ്പാറ്റാനേ കഴിയൂ. സമാനമാണ് ഓരോ പ്രവർത്തികളുടെയും കഥ. ആയാസരഹിതമായ തുടക്കത്തെ പിന്തുടർന്ന് വരുന്ന കഠിനമായ വെല്ലുവിളികൾ നേരിടാൻ കഴിയാത്തവന് വിജയിയാകാൻ കഴിയില്ല. ആരംഭശൂരനാകാനേ കഴിയൂ.

വിജയിയാകാൻ ആഗ്രഹിക്കുന്നവർക്കുള്ള മൂലമന്ത്രം വളരെ ലളിതമാണ്. ”നിരന്തരോത്സാഹം”. നിങ്ങൾ ഏർപ്പെട്ടിരിക്കുന്നത് ഏത് ചെറിയ കാര്യവുമാകട്ടെ, ലക്ഷ്യം വെക്കുന്നത് ഏതു കൊടുമുടിയുമാകട്ടെ, പ്രവർത്തനങ്ങളുടെ ചുവടുകൾ മുന്നോട്ട് തന്നെ ചലിപ്പിക്കുക. എന്ത് പ്രതിസന്ധി നേരിട്ടാലും പിന്മാറില്ലെന്ന് ദിവസവും സ്വയം പ്രതിജ്ഞ ചെയ്യുക. ആ മനസ്സിനെ തടുക്കാൻ, നിങ്ങളെ പുണരാതിരിക്കാൻ വിജയത്തിനുപോലുമാകില്ല.

” ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത”

പിൻവാക്ക്: തലക്കുറിപ്പ് നിങ്ങളുടെ ഇഷ്ടപെട്ട തമിഴ് സൂപ്പർ താരത്തിന്റെ സ്റ്റൈലിൽ ഒരിക്കൽക്കൂടി വായിക്കാനപേക്ഷ

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം