ഡിമെ൯ഷ്യ

സുരേഷ് കോടൂര്‍ കഥകള്‍ 

ിമെ൯ഷ്യ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി വിടുമ്പോൾ ഇനി ഒരിക്കലും വീണ്ടുമൊരു ഡല്‍ഹി യാത്ര ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതല്ല. എല്ലാവരോടും എല്ലാറ്റിനോടും യാത്ര പറഞ്ഞാണ് അന്ന് ഇറങ്ങിയത്‌. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ലെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ. എന്നിട്ടും ഈ യാത്ര ഒഴിവാക്കാനായില്ല. ഒട്ടും ആഗ്രഹിച്ചതല്ലെങ്കിൽ പോലും.

ഭരതന് ഓർമ പൂര്‍ണമായും നശിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് ചന്ദ്രിക കഴിഞ്ഞ ആഴ്ചയാണ് പറഞ്ഞത്. ബഷീറിന്‍റെ ഭാര്യ ഫാത്തിമ ഫോൺ ചെയ്തപ്പോള്‍ അവളോട്‌ പറഞ്ഞതാണത്രെ. ബഷീര്‍ മരിച്ചപ്പോൾ ഞങ്ങള്‍ക്കും ഒരു വർഷം മുന്‍പ് ഡല്‍ഹി വിട്ടതാണ് ഫാത്തിമയും മകൾ ജമീലയും. എന്നിട്ടും ഫാത്തിമയുടെ വല്ലപ്പോഴുമുള്ള ഫോൺ വിളികളിലൂടെയാണ് ചന്ദ്രികക്ക് പഴയ ഡല്‍ഹി വാര്‍ത്തകൾ കിട്ടുന്നത്. ചന്ദ്രികക്ക് പഴയ കാര്യങ്ങളും പഴയ ആളുകളെയും ഇപ്പോഴും നല്ല ഓര്‍മയാണ്. മകള്‍ ഇടക്കൊക്കെ സിയാറ്റിലിൽ നിന്ന് ഫോൺ ചെയ്യുമ്പോൾ അവളോട്‌ ചന്ദ്രിക പറയുന്ന വിശേഷങ്ങൾ കേട്ടാണ് ചിലതൊക്കെ എന്റെ ഓര്‍മയിലേക്ക് പോലും ഇപ്പോൾ എത്താറുള്ളത്. സിമി ചന്ദ്രികയെ ഫോണില്‍ വിളിക്കുമ്പോഴൊക്കെ ഫാത്തിമയെയും വിളിക്കാറുണ്ടെന്ന് ചന്ദ്രിക പറയും. പിന്നെ സിമി ചെറുതായിരുന്നപ്പോള്‍ എപ്പോഴും ജമീലയുടെ ഒപ്പം കിടന്നുറങ്ങാന്‍ വാശി പിടിക്കാറുള്ളതിനെക്കുറിച്ചും ഫാത്തിമ കൊടുത്താലേ ചോറ് കഴിക്കൂ എന്ന് വാശി പിടിക്കാറുള്ളതിനെക്കുറിച്ചും ഒക്കെ അവൾ പറയും. സിമിയുടെ ഫോൺവിളി കഴിഞ്ഞാൽ പിന്നെ ഈ കഥകളിലൂടെ ഒരു നടന്നുകയറ്റം അവളുടെ പതിവാണ്. ഞാന്‍ നല്ലൊരു കേൾവിക്കാരനെപ്പോലെ ഒപ്പം കൂടും. ആദ്യമായി കേള്‍ക്കുന്നപോലെ. വളരെ അപൂര്‍വമായി മാത്രം കഥ ഭരതനിലേക്കും ശാരദയിലേക്കും എത്തും. മക്കളില്ലാതിരുന്ന ഭരതനും ശാരദക്കും സിമിയും ജമീലയും ഇരട്ടക്കുട്ടികളായി പുന്നാരിച്ചിരുന്ന നാളുകളെ കുറിച്ച് അപ്പോള്‍ അവള്‍ വിസ്തരിക്കും. സിമി ചന്ദ്രികയെ അമ്മയെന്നും ഫാത്തിമയെ ഉമ്മയെന്നും വിളിക്കുമായിരുന്നു. ശാരദയെ രണ്ടമ്മയെന്നാണ് അവൾ വിളിച്ചിരുന്നത്. സിമിയുടെയും ജമീലയുടെയും രണ്ടു പേരുടേയും അമ്മ ആയിരുന്നത് കൊണ്ടാണത്രേ ശാരദ അവള്‍ക്ക് രണ്ടമ്മ ആയത്. അവർ മൂന്ന് വീട്ടിലുമായി മൂന്നമ്മമാരുമായി കലഹിച്ചും കൊഞ്ചിച്ചും പാറി നടക്കുമായിരുന്ന ഓര്‍മകളിലൂടെയും ചന്ദ്രിക സവാരി നടത്തും. ഇടയ്ക്ക് ശാരദ ആന്റിയെ വിളിച്ചിരുന്ന വിശേഷവും സിമി ചന്ദ്രികയോടു പറയാറുണ്ടത്രെ. ആ വിശേഷങ്ങളിലേക്ക് വരുമ്പോൾ മാത്രം  ചിലപ്പോൾ ചന്ദ്രികയുടെ ശബ്ദ൦ ഒന്ന് നേർത്ത് വരും, കണ്ണില്‍ പതുക്കെ ഈറ൯ വരും, നെടുവീര്‍പ്പുകള്‍ക്ക് ഘനം കൂടും.  അതുകൊണ്ട് കഥ ആ ഇടവഴിയിലേക്ക് തിരിയാന്‍ ഭാവിക്കുന്നു എന്ന് കണ്ടാൽ ഈയിടെയായി ഞാ൯ മനപൂര്‍വം വിഷയം മാറ്റും. അതുവഴിയിലൂടെ ഇനി എനിക്ക് നടക്കാ൯ വയ്യ എന്നപോലെ. ആ വഴി ആളനക്കമില്ലാതെ ചപ്പും ചെമ്പും ഇഴജന്തുക്കളും നിറഞ്ഞ് നടക്കാ൯ പാകമാകാതെ ആയില്ലേ എന്ന് ഞാ൯ ഓര്‍മിപ്പിക്കും. എന്നിട്ടും ഇപ്പോൾ ആ വഴിയിലേക്കുതന്നെ ഞങ്ങൾ വീണ്ടും വണ്ടി കയറി.

ഭരതന് ഓര്‍മക്കുറവിന്‍റെ ലക്ഷണങ്ങൾ ഉണ്ടെന്നും ഡിമെ൯ഷ്യയുടെ തുടക്കമാണെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നതെന്നും മുന്‍പൊരിക്കൽ അറിയിച്ചതും ചന്ദ്രിക തന്നെ ആയിരുന്നു. ഇതുപോലെ ഒരു ഫോണ്‍ സംഭാഷണത്തിന് ശേഷമായിരുന്നു അതും. അതുകൊണ്ട് ഓർമ ഇപ്പോൾ പൂര്‍ണമായും നശിച്ചിരിക്കുന്നു എന്ന് അറിഞ്ഞത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എന്ന് പറഞ്ഞുകൂട. പക്ഷെ അവള്‍ പിന്നീട് പറഞ്ഞ വാചകം എന്‍റെ മനസ്സിൽ നീറ്റലായി. ശാരദ ഒരിക്കൽ രമേശനെന്ന് എന്‍റെ പേര് പറഞ്ഞപ്പോഴും അവന്‍റെ കണ്ണുകൾ തികച്ചും ശൂന്യമായിരുന്നുവത്രേ. ശാരദയെത്തന്നെ ഇപ്പോൾ അറിയാതായിരിക്കുന്നു എന്ന് ചന്ദ്രിക പറയുമ്പോൾ അവളുടെ മനസ്സിലും അതേ നീറ്റൽ ഞാനറിഞ്ഞു. ആ നീറ്റലിൽ മനസ്സ് ഒരുപാട് പിടഞ്ഞുപോയ ഒരു നിമിഷത്തിലാണ് ഡല്‍ഹിയിൽ പോയി ഭരതനെ ഒന്ന് കാണണം എന്ന് ഉള്ള് വാശിപിടിച്ചതും. ഈ ഡല്‍ഹി യാത്ര അകം പോറിയ ആ നീറ്റലിന്റെ നിര്‍ബന്ധമായിരുന്നു എന്ന് പറയാം. തീവണ്ടിയില്‍തന്നെയുള്ള യാത്രയും എന്റെ ഒരു നിര്‍ബന്ധമായിരുന്നു. പി൯യാത്രയുടെ ഓര്‍മകളിൽ ചേക്കേറാ൯ മനസ്സ് വെറുതെ വെമ്പുന്നതുപോലെ തോന്നിയതുകൊണ്ട് വിമാനയാത്ര വേണ്ടെന്നു വെക്കുകയായിരുന്നു. ഇനി ഒരിക്കല്‍കൂടി ഒരു പക്ഷെ ഇങ്ങനെ ഒരു യാത്ര ഉണ്ടായില്ലെങ്കിലോ. പോക്കുവെയിലിൽ വിളര്‍ന്നു തൂങ്ങുന്ന ഗോതമ്പ് പാടങ്ങളുടെ നിറക്കൂട്ടുകളും, സന്ധ്യക്ക് പടര്‍ന്ന ഇരുട്ടിന്റെ വിങ്ങലിൽ അകലെ അങ്ങിങ്ങ് മുനിഞ്ഞു കത്തുന്ന വിളക്കുകളുടെ മിന്നലുകളും ജനാലയുടെ അഴികള്‍ക്കിടയിലൂടെ അനുഭവമാവുന്ന തീവണ്ടിയാത്ര പോയ ജീവിതത്തിന്‍റെ ക്ലാവില്ലാത്ത ഓര്‍മകളായി ഇപ്പോഴും നിൽപ്പുണ്ട് എവിടെയൊക്കെയോ. ആ ഓര്‍മ്മകളൊക്കെ ഇങ്ങരികെ ഇനി വരാത്തവിധം മങ്ങിയകന്നകന്ന് പിടിതരാതെ പടിയിറങ്ങി പിണങ്ങി മറയുന്നത് ആലോചിക്കുമ്പോള്‍ വരണ്ട രാത്രികളിൽ എന്തോ ഒരു ഭയം എന്നെയും  ഗ്രസിക്കുന്നുണ്ട് ഈയിടെയായി. വലിയൊരു ചുഴിയായി വന്ന് ആരോ എനിക്ക് ചുറ്റുമുള്ളവരുടെ ഓര്‍മകളെ മുഴുവ൯ വലിച്ചെടുത്ത് ഓടി മറയുന്നതുപോലെയുള്ള ദുസ്വപ്നങ്ങൾ എനിക്ക് പതിവായിരിക്കുന്നു. ഓര്‍മ്മകൾ ജീവിക്കാത്ത അബോധത്തിന്റെ അഗാധമായ ആഴങ്ങളിൽ അനങ്ങാ൯ കഴിയാത്തവിധം ബന്ധനസ്ഥനാവുന്ന അവസ്ഥയെക്കുറിച്ചുള്ള ഭീതി ചില യാമങ്ങളിൽ എന്‍റെ ഉറക്കം കെടുത്തിയിരുന്നു. തികച്ചും ശൂന്യമായിരിക്കാവുന്ന ഓര്‍മകളുടെ ആ ശ്മശാനങ്ങളിൽ സ്വയമറിയാതെ തലപൂഴ്ത്തിയിരിക്കുന്ന ഭരതനെ കാണുമ്പോള്‍ അവനോട് എന്താണ് പറയേണ്ടത് എന്ന് മനസ്സിൽ ചികയുകയായിരുന്നു ഞാ൯ ആ യാത്രയിലുടനീളം.

ചന്ദ്രികയുടെ ചേച്ചിയുടെ മകൾ രമ്യയുടെ കരോൾബാഗിലുള്ള ഫ്ലാറ്റിലേക്കാണ് ഞങ്ങൾ വണ്ടിയിറങ്ങി നേരെ പോയത്. രാജീവന്‍ സ്റ്റേഷനില്‍ വന്നിരുന്നു. എത്രയോ  പ്രാവശ്യം ഭരതന്‍ ഇവിടെ നിന്ന് പിക്ക് ചെയ്തിരിക്കുന്നു. മിക്കവാറും ഒരുമിച്ചായിരുന്നു നാട്ടിലേക്കുള്ള യാത്ര. വല്ലപ്പോഴും ഒറ്റക്ക് പോകേണ്ടി വരുമ്പോൾ എനിക്ക് അവനും അവന് ഞാനും സ്റ്റേഷനിൽ വിടാനും തിരിച്ചെത്തുമ്പോൾ കാത്തുനില്‍ക്കാനും ആളായി കൂടെയുണ്ടാവും. പ്രത്യേകമായി ഒന്നും പറയാതെ തന്നെ. ആദ്യമായാണ്‌ ഒരു പക്ഷെ ഡല്‍ഹി സ്റ്റേഷനിൽ സ്വീകരിക്കാ൯  അവനില്ലാതെ ഞാ൯ സ്റ്റേഷനിൽ വന്നിറങ്ങുന്നത്. അവനില്ലാതെയാണ് അവസാനമായി ഞാ൯ ഡല്‍ഹി സ്റ്റേഷനിൽ നിന്ന് വണ്ടി കയറിയതും. തിരക്കേറിയ നിരത്തിൽ കാറ് നിരങ്ങി നീങ്ങി. കര്‍ഷകസമരത്തെ തുടര്‍ന്ന് വരുത്തിയ പുതിയ ഗതാഗത നിയന്ത്രണങ്ങളെ കുറിച്ചും രാജീവ൯ ഇടക്ക് പറയുന്നുണ്ടായിരുന്നു. ഞാന്‍ അപ്പോഴും ഓര്‍മകളുടെ ചപ്പിലകൾ ഇളക്കിക്കൂട്ടി തീ കായുകയായിരുന്നു.

“എന്തായാലും നമുക്കൊന്ന് പോയി കാണായിരുന്നു. ഒന്നൂല്ലെങ്കിലും ഒരു കുടുംബം പോലെ കഴിഞ്ഞതല്ലേ പത്ത് മുപ്പതു കൊല്ലത്തോളം”

ചന്ദ്രികയാണ് രണ്ടാഴ്ച മുന്‍പ് സിമിയുടെ ഫോൺ വന്നതിനു ശേഷം അല്പം സംശയത്തോടെ പറഞ്ഞത്. ഭരതനങ്കിളിന്‍റെ അവസ്ഥ കൂടുതൽ മോശമായിരിക്കുന്നു എന്ന് ശാരദാ൯റ്റി പറഞ്ഞെന്ന് സിമി പറഞ്ഞത്രേ. ഓര്‍മ നിശ്ശേഷം പോയിരിക്കുന്നു എന്നും ഈയിടെ അച്ഛന്‍റെ പേര് പറഞ്ഞപ്പോഴും ഒരു പ്രതികരണവും ഇല്ലാതെ എങ്ങോട്ടോ നോക്കി ഇരിപ്പായിരുന്നു എന്നും അവള്‍ തന്നെയാണത്രേ പറഞ്ഞത്.

അവനെ നേരത്തെ ഒന്നുപോയി കാണേണ്ടതായിരുന്നു എന്നെനിക്കും തോന്നി. ഇടക്കെപ്പോഴെങ്കിലും ഒന്ന് വിളിക്കാമായിരുന്നു. അകലുന്നതിനു മുന്‍പേ ഉണ്ടായിരുന്ന അടുപ്പം കൂടി ഞാ൯ ഓര്‍ക്കണമായിരുന്നു. അവന്റെ ഓര്‍മകളിൽ ചിതൽ കയറിയത് അറിയാ൯ ഏറെ വൈകിപ്പോയി. നരേന്ദ്രന്‍ അവന്റെ മനസ്സിലും ശരീരത്തിലും കുടിയേറിയത്തുടങ്ങിയ നാളുകളിൽ ഞാ൯ പതുക്കെ അവിടെ നിന്ന് ഇറങ്ങിനടക്കാ൯ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അവന്റെ ഓര്‍മ്മകളുടെ ചൂടാറി തുടങ്ങുന്നത് അറിയാ൯ കഴിയാതെ പോയി. ഓര്‍മകൾ കാര്‍ന്നെടുക്കുന്ന ദുര്‍മന്ത്രവാദിയുടെ മുഖമായിരുന്നോ നരേന്ദ്രന് എന്ന് ഇടക്കെപ്പഴോ സ്വയം ചോദിച്ചിട്ടുണ്ട്. എങ്കിലും ഭരതനോട് ക്ഷമിക്കാന്‍ എനിക്ക് ഇപ്പോഴും ആവുമെന്ന് തോന്നുന്നില്ല. ഇനി ഒരു വേള ബഷീറിന്റെ ആത്മാവ് ക്ഷമിച്ചാല്‍ പോലും എനിക്കതിനാവില്ല. ഒരിക്കലും ചെയ്യരുതാത്തതു തന്നെയല്ലേ അവനിൽ നിന്നുണ്ടായത്.

ഏതാനും വർഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങൾ ഡല്‍ഹിയിൽ നിന്ന് നാട്ടിലേക്ക് താമസം മാറുമ്പോൾ ഭാരതന്‍റെ ഓർമക്ക് ക്ലാവ് പിടിച്ച് തുടങ്ങിയിരുന്നില്ല. എങ്കിലും അവന്‍റെ ബുദ്ധിയിൽ വിഷം പരന്നു തുടങ്ങിയിരിക്കുന്നു എന്ന് അതിനുമൊക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാ൯ ചന്ദ്രികയോടു വിഷമത്തോടെ പറയുമായിരുന്നു. നരേന്ദ്ര നാരായൺ ശര്‍മയും കുടുംബവും അയല്‍ക്കാരായി താമസത്തിനെത്തിയശേഷമായിരുന്നു അത്. രണ്ടായിരത്തി പതിനാലിലാണ് നരേന്ദ്രനും കുടുംബവും അഹമ്മദാബാദിൽ നിന്നും ജോലി സ്ഥലംമാറ്റമായി ഡല്‍ഹിയിലേക്ക് താമസത്തിന് വരുന്നത്. അതിനും എത്രയോ മുന്‍പ്‌ പതിറ്റാണ്ടുകളായി ഉള്ള ബന്ധമായിരുന്നു ഞാനും ഭരതനും തമ്മിൽ. ഞങ്ങള്‍ രണ്ടുപേരും കുടുംബസ്ഥരാവുന്നതിനും മുന്‍പ് തുടങ്ങിയ ബന്ധം. ഒരേ നാട്ടുകാരെന്ന ബന്ധം. ചന്ദ്രികയും ശാരദയും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി ചേര്‍ന്നതും മാസങ്ങളുടെ മാത്രം ഇടവേളയിലായിരുന്നു. ഏറനാട്ടുകാര൯ ബഷീറും കുടുംബവും ഞങ്ങളോടൊപ്പമെത്തുന്നതും ഏതാണ്ട് ഇതേ കാലത്ത് തന്നെ. ആ ത്രിമൂർത്തികൾക്കിടയിലേക്കാണ് ഞങ്ങളെക്കാളൊക്കെ ചെറുപ്പമായിരുന്ന നരേന്ദ്ര൯ അവതരിച്ചത്. പതിറ്റാണ്ടുകളായി ഊട്ടിവളര്‍ത്തിയ ഞങ്ങളുടെ സൌഹൃദത്തിന്റെ കാതലിൽ ചിതലായി നരേന്ദ്ര൯ പടരുമെന്ന് ഞാ൯ അന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കാരണം ഭരതന്‍ എനിക്ക് അത്രമാത്രം വേണ്ടപ്പെട്ടവനായിരുന്നു.

ഭരതന്‍റെ അച്ഛ൯ നാട്ടിൽ എന്റെ ഗുരുനാഥനായിരുന്നു. അദ്ദേഹം പറഞ്ഞാണ് ഞാന്‍ ഭരതനെ ഡല്‍ഹിയിലേക്കു കൊണ്ടുവരുന്നതും. ഞങ്ങളുടെ ഗ്രാമത്തിലെ കോണ്ഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റ്‌ ആയിരുന്നു മാഷ്‌. ഒരിക്കൽ അവധിക്ക് നാട്ടിലെത്തിയപ്പോൾ മാഷെ കാണാ൯ അദ്ദേഹത്തിന്റെ വീട്ടിൽ പോയതായിരുന്നു. പൊതുപ്രവർത്തനങ്ങളൊക്കെ നിര്‍ത്തി വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം അപ്പോഴേക്കും. ഭരത൯ അന്ന് പഠിത്തം കഴിഞ്ഞിരിക്കുകയായിരുന്നു. ഭരതന് എന്തെങ്കിലും ജോലി ശരിയാക്കാ൯ കഴിയുമോ എന്ന അദ്ധേഹത്തിന്റെ അപേക്ഷക്ക് മുന്നിൽ നോക്കട്ടെ എന്ന് തലയാട്ടാനെ എനിക്കായുള്ളൂ. അദ്ദേഹം എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് തള്ളിക്കളയാ൯ ആവുമായിരുന്നില്ല. അങ്ങനെയാണ് ഞാ൯ ഭരതനെ എന്റെ കൂടെ കൂട്ടുന്നത്. വിവാഹം കഴിയുന്നതുവരെ ഞങ്ങൾ ഒന്നിച്ചായിരുന്നു താമസവും. പിന്നെ ഞാ൯ ചന്ദ്രികയെ കൂടെ കൊണ്ടുവന്നപ്പോൾ അവ൯ അടുത്ത ഫ്ലാറ്റ് വാടകക്കെടുത്ത് അങ്ങോട്ട്‌ മാറി. ചന്ദ്രികക്ക് അവന്‍ സ്വന്തം അനിയനുമായി. താമസിയാതെ അവ൯ ശാരദയെ ജീവിതസഖിയാക്കി കുടുംബസ്ഥനായപ്പോള്‍ ചന്ദ്രികക്ക് ഒരു അനിയത്തിയുമായി. ഏറെ വൈകാതെയാണ് ബഷീറും ഫാത്തിമയും ഞങ്ങളുടെ താഴെയുള്ള ഫ്ലാറ്റിലേക്ക് താമസത്തിന് വരുന്നത്. ഏറ്റുമാനൂരുകാരനാണ് ബഷീർ. ഫാത്തിമ ഗുരുവായൂരും. ഏറ്റുമാനൂരപ്പനും ഗുരുവായൂരപ്പനും ഒന്നിച്ചുവന്ന്‍ അനുഗ്രഹം ചൊരിയുന്ന ഗൃഹം എന്ന് ഞങ്ങൾ അവരെ പലപ്പോഴും കളിയാക്കാറുണ്ട്. ബഷീറും കുടുംബവും താമസത്തിനു വന്ന് ഏതാണ്ട് ആറുമാസത്തോളം വേണ്ടിവന്നു പക്ഷെ അവരെ ആദ്യം ഒന്ന് പരിചയപ്പെടാ൯. അപാര്‍ട്ട്മെന്റിൽ അധികം ആരോടും പരിചയം കാണിക്കാനോ അടുപ്പം സ്ഥാപിക്കാനോ ഉത്സാഹം കാണിക്കാതിരുന്ന ബഷീർ മലയാളി ആണെന്ന് അറിഞ്ഞത് തന്നെ മാസങ്ങള്‍ കഴിഞ്ഞാണ്. ഇടക്ക് താഴോട്ടോ മുകളിലോട്ടോ വരുന്നതിനിടയിൽ കണ്ടുമുട്ടുമ്പോഴൊന്നും തന്നെ ഒട്ടും മുഖം തരാതിരുന്ന ബഷീർ വടക്ക് നിന്നുള്ള ആരോ എന്നാണ് ഞാ൯ അതുവരെ കരുതിയിരുന്നത്. അങ്ങനെ ഒരിക്കല്‍ അങ്ങോട്ട്‌ ഇടിച്ചുകയറി പരിചയപ്പെടുകയായിരുന്നു. അതൊരു സുഹൃദ്ബന്ധമായി വളരാന്‍ പിന്നെയും മാസങ്ങളെടുത്തു. സൌദിയില്‍ ജോലി ചെയ്തിരുന്ന ബഷീറിന്റെ സഹോദരന്‍ അപകടത്തിൽ മരിച്ചപ്പോൾ മൃതദേഹം കാർഗോയിൽ ചെന്ന് ഏറ്റുവാങ്ങാനും നാട്ടിലേക്ക് അയക്കാനും ഒക്കെ അയാള്‍ക്ക് സഹായമായി മുന്നില്‍ നിന്നത് ഞാനും ഭരതനുമായിരുന്നു. ആ സംഭവത്തിനു ശേഷമാണ്  ബഷീര്‍ തന്റെ ചുറ്റുമുള്ള അദൃശ്യമായ സുരക്ഷയുടെ കോട്ടമതിൽ ഞങ്ങള്‍ക്ക് മാത്രമായി തുറന്നു തന്നത്. പിന്നെ അതൊരു സഹോദരബന്ധമായി ഉള്ളിലെ ഊഷ്മളതയാവാ൯ പക്ഷേ ഏറെ കാലമൊന്നും വേണ്ടിവന്നില്ല.

ബഷീറിന്റെ ഉമ്മ ഒരിക്കല്‍ നാട്ടിൽ നിന്ന് വന്നപ്പോൾ പള്ളിപ്പെരുന്നാളിന്റെ പലഹാരങ്ങളോടൊപ്പം ചന്ദ്രികക്കും ശാരദക്കും പ്രത്യേകം വാങ്ങിയ ഏറ്റുമാനൂരപ്പന്റെ ലോക്കറ്റും കരുതിയിരുന്നു. ഉമ്മ ആദ്യമായാണ്‌ ഞങ്ങളെയൊക്കെ കാണുന്നതെങ്കിലും ബഷീറും ഫാത്തിമയും പറഞ്ഞ് പറഞ്ഞ് ഉമ്മയ്ക്ക് ഞങ്ങളും സ്വന്തം മക്കളായിത്തീര്‍ന്നിരുന്നു എന്ന് അവർ വാത്സല്യത്തോടെ പറയും. പിന്നെ നാട്ടിൽ അവധിക്കെത്തുമ്പോഴെല്ലാം ബഷീറിന്റെ വീട്ടിലെത്തി ഉമ്മയെക്കാണുന്നത് ഞാനും ചന്ദ്രികയും പതിവാക്കിയിരുന്നു. ഭരതനും ശാരദയും നാട്ടിലുള്ള സമയമാണെങ്കിൽ അവരും ഒപ്പം കൂടും. ഉമ്മയുടെ തൊഴുത്തിലെ മെലിഞ്ഞ കൊറ്റനാടുകൾ കുറേക്കാലം സിമിയുടെ വലിയ കൌതുകമായിരുന്നു. ഉമ്മ ഡല്‍ഹിയിൽ വരുമ്പോഴും കൊറ്റനാടിന്റെ വിശേഷങ്ങളുമായി സിമി ഉമ്മയുടെ കഥകളിലേക്ക് കയറും. എപ്പോഴും ചിരിയുടെ നിലാവ് മാത്രം നിറഞ്ഞു കണ്ടിട്ടുള്ള ഉമ്മയുടെ തെളിമയുള്ള മുഖത്ത് സങ്കടത്തിന്റെ കരിവാളിപ്പ് പടരുന്നത് എന്തിനാണ് ബഷീര്‍ ഇങ്ങനെ അന്യനാട്ടിൽ വന്നു കഷ്ടപ്പെടുന്നത് എന്ന് ഞങ്ങളോട് പരാതി പറയുമ്പോൾ മാത്രമാണ്.

“ഒരുത്തനേ ദൂരെപ്പെട്ട് കാലാവണേന് മുമ്പേ പോയി. ന്നാ പ്പിന്നെ ഇവനെങ്കിലും ഉമ്മാന്റെ അടുത്ത് വന്ന് നിന്നൂടെ. വേണെങ്കി ന്റെ ആടിന്റെ പാല് വിറ്റ് ഞാ൯ ഓനെ പെലത്തൂലോ’ എന്ന് ഉമ്മ പറയുമ്പോ ഞങ്ങള്‍ ചിരിക്കുമെങ്കിലും ഉമ്മയുടെ കണ്ണുകൾ ഈറനാവുന്നത് ഞങ്ങൾ കാണാതിരുന്നില്ല.

“ത്ര ചന്തോള്ള ഒത്തൊരുമേള്ള നാട് വിട്ട് ഈ നശിച്ച നരകത്തില് എന്തിനാ മക്കളെ നിങ്ങളിങ്ങനെ പാട് പെടണ്” എന്ന് പിന്നെ ഞങ്ങളോട് എല്ലാവരോടുമായി ഉമ്മ പറയും.

“ബടെ ഒരുമയ്ക്ക് ന്താ ഉമ്മാ പ്പോ കൊറവ്” എന്ന് ബഷീര്‍ എന്നെയും ഭരതനേയും ഒക്കെ ചൂണ്ടി ഉമ്മയോട് തര്‍ക്കിക്കും.

“ഇവരൊക്കെ കൂട്ടിന് ണ്ടാവുമ്പോ ദ് മ്മടെ നാട്ടിലെ പോലെ ന്നെ ല്ലേ” എന്ന്‍ ബഷീര്‍ പറയുമ്പോഴും പക്ഷേ ആ വാക്കുകളിൽ ഒരു പതര്‍ച്ച വിറങ്ങലിച്ചു കിടക്കുന്നു എന്ന് എനിക്ക് അന്ന് തോന്നിയിരുന്നു. എന്റെ ഊഹം ശരിവെക്കുന്ന അനുഭവം ഉണ്ടായതും ആ ദിവസങ്ങളിൽ തന്നെയായിരുന്നു.

ഉമ്മ നാട്ടിൽ നിന്നും കൊണ്ടുവന്ന തെരുവത്ത്പള്ളിയുടെ ചില്ലിട്ട ചിത്രം ഉമ്മറത്ത് തൂക്കാന്‍ ബഷീർ സമ്മതിക്കുന്നില്ല എന്ന പരാതിയാണ് അന്നൊരു ഞായറാഴ്ച ഞാനും ബഷീറും ഭരതനും ഊണുകഴിക്കാ൯ ഒന്നിച്ചിരുന്ന വേളയിൽ ഉമ്മ വിളമ്പിയത്. എപ്പോഴും ബഷീറിനെക്കുറിച്ച് നല്ലതുമാത്രം പറയാറുള്ള ഉമ്മ അന്ന് “ഓനെപ്പഴാ ദൈവഭയം ല്യാണ്ടായെ മക്കളേ” എന്ന് പരിഭവം പറഞ്ഞു. ദൈവഭയമില്ലാത്തതോ അതോ ഉമ്മറത്തിന്റെ ഭംഗിയിലുള്ള കരുതലോ ഉമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാത്തതിനുള്ള കാരണം എന്ന കളിയാക്കലുമായി ഉമ്മക്ക്‌ വേണ്ടി വക്കാലത്ത് പറയാന്‍ ചെന്ന ഞങ്ങളോട്  പിന്നീടാണ് ബഷീർ അതെക്കുറിച്ച് മനസ്സ് തുറന്നത്. നഗരത്തിൽ ഒരു വാടകവീട് കിട്ടാ൯ അവര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിനെക്കുറിച്ച്. എല്ലാ വീടുകാണലുകളുടേയും അവസാനം അവന്റെ പേരിലുടക്കി അലസിപ്പോയതിന്റെ എണ്ണമറ്റ കഥകൾ അവ൯ ഞങ്ങളുടെ മുന്നിൽ വേദനയോടെ നിരത്തി. അവസാനം ഉടമയറിയാതെ മറ്റൊരു പേരില്‍ രേഖകളുണ്ടാക്കി ഏറെ പാടുപെട്ടാണ് ഈ വാടക ഫ്ലാറ്റ് ഒപ്പിച്ചെടുത്തതെന്ന് അവിടെ ഞങ്ങൾ മൂന്നുപേരല്ലാതെ മറ്റാരുമില്ലാതിരുന്നിട്ടും വലിയ ഒരു രഹസ്യം പറയുന്നതുപോലെ അടക്കിപ്പിടിച്ചു പരമാവധി ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്. പറഞ്ഞു കഴിഞ്ഞതും ഞങ്ങളോട് പറയണമായിരുന്നോ എന്ന സംശയം അവന്റെ കണ്ണുകളിൽ ഭയത്തിന്‍റെ നിഴലായി വീഴുന്നതും ഞാ൯ കണ്ടു. ചുറ്റിനും വിങ്ങിനിന്ന നിശ്ശബ്ദതയുടെ ഘനമൊന്നു കുറയ്ക്കാ൯  കൂടിയാണ്  അപ്പോൾ ഞാന്‍ എന്റെ അനുഭവം പങ്കിട്ടത്.

ഒരിക്കല്‍ പുതിയതായി മാറിയ വാടകവീട്ടിലേക്ക് കയറുന്ന സമയത്ത്  എതിരെയുള്ള വീട്ടിലെ വാതിൽപാളി പകുതി തുറന്ന് ഒരു സ്ത്രീ തല പുറത്തേക്കിട്ടു ചോദിച്ചു.

“ആപ് ക്രിസ്ത്യ൯ ഹെ ക്യാ?”

“നഹി തോ”

“മുസല്‍മാ൯ തോ നഹി നാ”

ഒരു നിമിഷം എനിക്ക് വാക്കുകള്‍ തടഞ്ഞു. പിന്നെ അല്പം പരുഷമായാണ് ശബ്ദം പുറത്തേക്ക് വന്നത്.

“സിര്‍ഫ്‌ ആദ്മീ ഹും”

എന്റെ നോട്ടവും, വാക്കുകളും അല്പം ഉച്ചത്തിൽ രൂക്ഷമായിരുന്നത് കൊണ്ടാവാം എനിക്ക് മറ്റെന്തെങ്കിലും പറയാ൯ ഇട കിട്ടും മു൯പേ അവര്‍ വാതില്‍ വലിച്ചടച്ചത്. ആ വീട്ടിലെ ആറു മാസത്തെ താമസത്തിനിടക്ക് ഒരിക്കൽ പോലും അവരോടു സംസാരിക്കാ൯ എനിക്ക് അവസരം കിട്ടിയിട്ടില്ലായിരുന്നു. എന്നെ അടയാളപ്പെടുത്താ൯ കഴിയാഞ്ഞതുകൊണ്ടാണോ എന്തോ  അവർ ഒരിക്കലും അടുപ്പം കാണിച്ചില്ല.

അത് പറഞ്ഞു തീര്‍ന്നപ്പോൾ ബഷീറിന്റെ കണ്ണുകളിലെ കരിനിഴൽ മുഖത്തേക്ക് ഇറങ്ങിവരുന്നുണ്ടായിരുന്നു. അസ്തമയത്തിലെ നിഴലുകള്‍ക്ക് മുറ്റത്ത് വേഗത്തിൽ നീളം വെക്കുന്നതുപോലെ.

“ഇവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല ബഷീറിനും കുടുംബത്തിനും. ഞങ്ങളൊക്കെ ഇല്ലേ ഇവടെ” എന്ന് ചേര്‍ത്ത് പിടിച്ച് ഭരതനാണ് ബഷീറിന്റെ മുഖത്ത് വീണ്ടും വിശ്വാസത്തിന്റെ ഇളംവെയിൽ ചാര്‍ത്തിയത്. ഞാനും തലയാട്ടി ആ ഉറപ്പിൽ പങ്കാളിയായി.

ബഷീര്‍ നെഞ്ചോട്‌ ചേര്‍ത്ത ഭരതന്‍റെ ആ ഉറപ്പിന്‍റെ നീരിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം നരേന്ദ്ര൯ വിഷം ചേര്‍ത്തത്.

നരേന്ദ്രനും കുടുംബവും താമസം മാറി വന്നതിന് ഏതാനും മാസങ്ങള്‍ക്കുള്ളിൽ ഒരു അവധി ദിവസത്തിലാണ് ഭരത൯ ആദ്യമായി വിഷം തീണ്ടിയതിന്റെ ലക്ഷണം കാണിച്ചു തുടങ്ങിയത്. എങ്ങനെയാണ് ഭരതന്‍ നരേന്ദ്രനുമായി ഇത്രവേഗം അടുത്തതെന്ന് ഞാന്‍ അത്ഭുതം കൊണ്ടിട്ടുണ്ട്.

“അയാള്‍ ആള് മിടുക്കനാ രമേശേട്ടാ. ശര്‍മയുടെ കഴിവിന് മുമ്പിൽ നമ്മളൊന്നും ഒന്ന്വോല്ല” എന്ന് പറയുമ്പോൾ ഭരതന്റെ വാക്കുകളിൽ പതിവിലധികം ആവേശം നിറയാറുണ്ടായിരുന്നു. പതുക്കെ പതുക്കെ ഞങ്ങളുടെ സംഭാഷണങ്ങളെ ഭരത൯ നരേന്ദ്രചരിതങ്ങളുടെ അതിപ്രസരം കൊണ്ട് അരോചകമാക്കാ൯ തുടങ്ങി. നരേന്ദ്രനില്‍ നിന്നും അകലം പാലിക്കാന്‍ എനിക്ക് അതുതന്നെ മതിയായ കാരണവുമായി. പുറമെ നീരസമൊന്നും ഭാവിച്ചില്ലെങ്കിലും.

ഒരു നെയിംബോര്‍ഡും ആയാണ് ആ അവധി ദിവസം ഭരത൯ വീട്ടിൽ വന്നത്.

“രമേശേട്ടാ, ഞാന്‍ ഒരു പുതിയ നെയിംബോര്‍ഡ് എഴുതിച്ചു”. പിന്നെ ഭരതന്‍ കാവി നിറത്തിലുള്ള കവറഴിച്ച് പുതിയ ബോര്‍ഡ്‌ എടുത്ത് എന്റെ മുന്നിൽ വെച്ചു.

വെളുത്ത പ്ലാസ്റ്റിക് പലകയിൽ കറുത്ത അക്ഷരങ്ങളിൽ തിളങ്ങി ഭരതന്റെ പേര് നിറഞ്ഞു നിന്നു.

‘ഭരതന്‍ മേനോ൯ വലിയേടത്ത്’

‘എങ്ങനീണ്ട്’ എന്ന ഭാവത്തിൽ കണ്ണുകളില്‍ പ്രൌഢിയുടെ തിളക്കവുമായി എന്നെത്തന്നെ നോക്കി നിന്ന ഭരതനെ നോക്കി ഞാ൯ അല്പം ഉറക്കെ തന്നെ ചിരിച്ചുപോയി.

“നീ എപ്പഴാടാ ഈ മേനോ൯ ആയത്”

“അതെന്താ രമേശേട്ടാ അങ്ങനെ പറഞ്ഞത്”. ഭരതന്റെ മുഖത്ത് പരിഭവം പൊലിഞ്ഞു.

“ഭരതന്‍.വി എന്ന് ഇപ്പോഴുള്ള ബോര്‍ഡിന് എന്താ കുഴപ്പം എന്ന് ചോദിച്ചതാ”

“ഇതാ രമേശേട്ടാ നമ്മടെ കുഴപ്പം. നമ്മടെ വലിപ്പം നമുക്കന്നെ അറിയില്ല. നമ്മളും ഈ ‘ശര്‍മ‘ടെ ഒക്കെ ലെവലിൽ ഉള്ളവരല്ലേ?”. ഞാ൯ കൌതുകത്തോടെ അതെയെന്ന് തലയാട്ടി. കുറച്ചു നേരം മടിച്ചു നിന്ന് പിന്നെ ഭരതന്‍ കയ്യിലുള്ള രണ്ടാമത്തെ കവർ എനിക്ക് നേരെ നീട്ടി.

“ഇതാ രമേശേട്ടനും പുതിയതൊന്ന് ഉണ്ടാക്കി”.

“എനിക്കോ? അതിനു ഞാന്‍ പറഞ്ഞില്ലല്ലോ. ആട്ടെ എന്താ എന്റെ പുതിയ പേര്?”

“രമേശന്‍.കെ.നായര്‍”

എനിക്ക് ചിരിയല്ല അപ്പോള്‍ വന്നത്. വിചിത്ര ജീവിയെ എന്ന പോലെ ഞാന്‍ അവനെ അടിമുടി നന്നായി ഒന്ന് നോക്കി. ആദ്യമായി കാണുന്നത് പോലെ. എന്റെ ഭാവമാറ്റം പന്തിയല്ല എന്ന് കണ്ടാവണം ഭരത൯ പിന്നെ ഒന്നും മിണ്ടാതെ ബോര്‍ഡും എടുത്ത് പോവുകയായിരുന്നു. അന്ന് വൈകുന്നേരം തന്നെ അവന്റെ വാതില്‍ക്കൽ പുതിയ വലിയ ബോര്‍ഡ് രാജകീയമായി തൂങ്ങിനിന്നു.

ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് അന്നൊരോണത്തലേന്നാണ് അവനിലുണ്ടാവുന്ന മാറ്റം വിചാരിച്ചതിനേക്കാൾ കൂടുതൾ ഗൌരവമുള്ളതാണെന്ന് എനിക്ക് തെളിഞ്ഞു തുടങ്ങിയത്.

“രമേശേട്ടാ, നാളെ ഉച്ചക്ക് ഊണ് എന്റെ വീട്ടിൽ ആവാം”

“ഇപ്രാവശ്യം പതിവ് തെറ്റ്യോ? ആയ്ക്കോട്ടെ ഞങ്ങള്‍ക്ക് വിരോധോല്യ”. ഭരതന്റെ സംസാരം കേട്ട് ചന്ദ്രികയാണ് അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞത്. കാലങ്ങളായി ഞങ്ങളുടെ വീട്ടിലാണ് ഓണത്തിന് ഉച്ചയൂണ് പതിവ്. ബഷീറിന്റെ കുടുംബവുമായി പരിചയത്തിലായതിനു ശേഷം അവരും ഓണത്തിനു ഞങ്ങളുടെ കൂടെ ഉണ്ടാവും.

“എന്നാ പിന്നെ സ്ഥലം മാറ്റിയ കാര്യം ബഷീറിനോടും പറഞ്ഞേക്ക്”.

“അതല്ല ചേച്ചീ. ഇപ്രാവശ്യം അവര് വേണ്ട. ശര്‍മേം ഭാര്യേം ക്ഷണിച്ചിട്ടുണ്ട്”. ഭരത൯ എന്റെ മുഖത്ത് നോക്കാതെ പതുക്കെ പറഞ്ഞു.

“അതിനെന്താ ഭരതാ. അവരും വന്നോട്ടെ. ബഷീര്‍ ഉണ്ടെങ്കിൽ അയാള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?”

ഭരതന്‍ മറുപടി പറഞ്ഞില്ല. അങ്ങനെ ഏറെക്കാലത്തിനു ശേഷം അന്ന് ആദ്യമായി ഭരതനും കുടുംബവുമില്ലാതെ ഞങ്ങൾ രണ്ടു വീട്ടിലായി ഓണം ഉണ്ടു. പിറ്റേന്ന് ശാരദ പായസത്തിന്റെ പകർച്ചയും കൊണ്ടുവന്നപ്പോൾ ചന്ദ്രികയോട് കുറെ വിഷമം പറഞ്ഞു എന്ന് അവൾ പിന്നീട് പറയുകയുണ്ടായി. ഭരതനെന്തുപറ്റി എന്ന ബഷീറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അപ്രതീക്ഷിതമായി ഉണ്ടായ അവന്‍റെ ചില തിരക്കുകളെക്കുറിച്ച് ഞാ൯ കെട്ടിയുണ്ടാക്കിയ കഥകള്‍ ബഷീറിന് ഒട്ടും ബോദ്ധ്യമായില്ല എന്ന് അവന്‍റെ മൌനം വിളിച്ചുപറയുന്നുണ്ടായിരുന്നു.

“അല്ലെങ്കിലും ഭരതേട്ട൯ ഇപ്പൊ പഴേപോലെ അത്ര അടുപ്പം കാണിക്കാറില്ല്യ എന്ന് ചിലപ്പോ എനിക്ക് സംശയം തോന്നാറുണ്ട്”. ഊണ് കഴിഞ്ഞ് കൈ കഴുകി വന്നപ്പോൾ ബഷീർ എന്നോട് മാത്രമായി പറഞ്ഞു.

“എന്റെ സംശയമാണ്. ശരിയാവണം എന്നില്ല”

“ഹേയ്, അങ്ങനോന്നൂല്യ. ബഷീറിന് വെറുതെ തോന്ന്യേതാവും. അവനിപ്പോ ഇത്തിരി ജോലി തിരക്ക് കൂടുതലാ. അതോണ്ടാവും”

“അങ്ങനെ ആവട്ടെ എന്നാ എന്റെയും ആഗ്രഹം. ഇപ്പൊ രമേശേട്ടന്റെ അടുത്തന്നെ ഭരതേട്ടനെ അധികം കാണാറില്ല എന്ന് ഫാത്തിമയാ ഈയിടെ പറഞ്ഞത്. ചന്ദ്രികചേച്ചി പറഞ്ഞൂന്ന്. അതോണ്ടാ സംശയായെ. ഇപ്പൊ അധികസമയോം ശര്‍മയും ആയിട്ടാണ് പുള്ളീടെ കൂട്ട് അല്ലെ”

ഞാനൊന്നും മറുപടി പറഞ്ഞില്ല. കുറച്ചായി എനിക്കും ഭരതനിൽ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ടല്ലോ എന്ന് തോന്നി തുടങ്ങിയിട്ട്. ഒന്ന് രണ്ടു തവണ ചോദിക്കുകയും ചെയ്തു അവനോട്. അപ്പോഴൊക്കെ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് അവന്‍ ചെയ്തത്.

ഒരിക്കല്‍ സംഭാഷണം എങ്ങിനെയോ ബഷീറിലെത്തിയപ്പോൾ അവ൯ ശബ്ദം താഴ്ത്തി അല്പം ചേര്‍ന്നുനിന്ന് എനിക്ക് മുന്നറിയിപ്പെന്നപോലെ ഇത്രയും പറഞ്ഞു

“ബഷീറിനെപ്പോലെ ഉള്ളവരോട് അത്ര അടുപ്പം ല്യാണ്ടിരിക്കാ രമേശേട്ടാ നല്ലത്. ത്തിരി സൂക്ഷിച്ചോളൂ”

അവന്‍റെ ആ മാറ്റം എനിക്ക് പുതിയ അറിവായിരുന്നു.

“എന്താ ഭാരതാ പ്രശ്നം? എന്തെങ്കിലും കുഴപ്പണ്ടായോ?”

“ഒന്നൂല്ല്യ. ഒന്നും ണ്ടാവാതിരിക്കാനാ പറയണേ. ഇക്കൂട്ടരെ ഒന്നും വിശ്വസിക്കാ൯ കൊള്ളില്യ”

“അതെന്താ ഭരതാ ഇപ്പൊ ഇങ്ങനെ തോന്നാ൯”

“നമ്മളൊക്കെ ഇപ്പഴെങ്കിലും ഇതറിഞ്ഞ് കരുതീരുന്നില്ലെങ്കിൽ നാളെ നമ്മടെ കൂട്ടരന്നെ ഇവടെ ണ്ടായീന്നു വരില്ല. ഒക്കെ അവരടെ കയ്യിലാവും”.

എനിക്ക് പുതിയ എന്തൊക്കെയോ കേള്‍ക്കുന്നതുപോലെയായിരുന്നു അവന്റെ സംസാരം.

“നീയെന്തോക്കെയാ ഭാരതാ ഇങ്ങനെ വാലും മുറീം ഇല്ലാണ്ടെ പറയണേ. ഏത് കൂട്ടരടെ കാര്യാ ഈ പറയണേ”

“രമേശേട്ടന് അറിയോ? ആയിരക്കണക്കിനാത്രേ നമ്മടെ കൂട്ടരെ അവരടെ ആള്‍ക്കാര് ജീവനോടെ കത്തിച്ചത്. ശര്‍മ സ്വന്തം കണ്ണോണ്ട് കണ്ടതാത്രേ”

എന്താണ് പറയേണ്ടതെന്നറിയാതെ ഞാന്‍ അപരിചിതനായ ആരെയോ കാണുന്നത് പോലെ അവനെത്തന്നെ കണ്ണിമക്കാതെ നോക്കി നിന്നു. പിന്നില്‍ ആരുടെയോ കാലൊച്ച കേട്ട് അവന്‍ ധൃതിയിൽ നടന്നകലുന്നതുവരെ.

“എന്താ ഇറങ്ങണ്ടേ’? ചന്ദ്രിക തോളിൽ തട്ടി കുലുക്കി വിളിച്ചതായിരുന്നു. രാജീവ൯ കാർ പാര്‍കിംഗ് സ്ഥലത്ത് നിര്‍ത്തി വാതിൽ തുറന്ന്‍ നിൽക്കുകയാണ്.

“ഏത് മനോരാജ്യത്തിലായിരുന്നു” ചന്ദ്രിക അല്പം തമാശയായും അതിലേറെ ആധിയിലും ചോദിച്ചു. ഉത്തരം വേണ്ടാത്ത ആ ചോദ്യത്തിനുമുന്നിൽ ഞാ൯ മൌനം ഭജിച്ചു. എവിടെയായിരുന്നിരിക്കും ഞാ൯ ആ നേരമത്രയും എന്ന് മറ്റാരേക്കാളും നന്നായി അവള്‍ക്ക് അറിയാതിരിക്കില്ല.

ഫ്ലാറ്റിനുള്ളിൽ മുറിയിലൊക്കെ തണുപ്പ് തൂങ്ങി നിന്നു. ഡല്‍ഹിയിലെ തണുപ്പിനുപോലും ഇപ്പോൾ ഒരു അപരിചിതത്വം. മഞ്ഞ് വീശുന്ന കാറ്റിന് കുത്തിയിറങ്ങുന്ന വേദന. ജനാല അടച്ച് കുറ്റിയിട്ടു.

പുതപ്പിനുള്ളിൽ എനിക്ക് ഏറെ നേരം ഉറക്കം മാറി നിന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഡല്‍ഹിയിലെത്തുമ്പോൾ അകം പൊള്ളുന്ന ഓര്‍മയായി ബഷീർ വീണ്ടും അരികിലെത്തുന്നതുപോലെ. രമേശേട്ടാ എന്ന് നേര്‍ത്ത മിടിപ്പുകളായി അവ൯ കാടുകള്‍ക്കും മലകള്‍ക്കും ആഴികള്‍ക്കും അറ്റമില്ലാത്ത ഇരുട്ടിനുമപ്പുറത്തുനിന്ന് ഇഴഞ്ഞു വരുന്നതുപോലെ. അവന്റെ കണ്ണുകളിലെ അലിവ് എന്നെ ചൂഴുന്നതുപോലെ. കാറ്റിന്‍റെ ചൂളങ്ങൾപോലും ഉറക്കം തൂങ്ങുന്ന യാമങ്ങളിലെപ്പോഴെങ്കിലുമൊക്കെ മരവിച്ച തണുപ്പായി അവ൯ ഇതുപോലെ ഭരതനേയും തേടി ചെന്നിരിക്കുമോ? ഓര്‍മകൾ ചിതലരിച്ച തെളിച്ചമില്ലാത്ത ആഴങ്ങളിലേക്ക് എപ്പോഴെങ്കിലും അവ൯ കടും ചൂടായി ആഴ്ന്നിറങ്ങിയിട്ടുണ്ടാവുമോ?

പിറ്റേന്ന് ഉച്ചകഴിഞ്ഞാണ് ഞാനും ചന്ദ്രികയും ഭരതന്‍റെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടത്‌. രാവിലെ എഴുന്നേല്‍ക്കാ൯ ഏറെ വൈകിയിരുന്നതുകൊണ്ട് യാത്ര ഉച്ചകഴിഞ്ഞാവട്ടെ എന്ന് വെക്കുകയായിരുന്നു.

കയറി ചെല്ലുമ്പോള്‍ ഭരതന് ഭക്ഷണം കൊടുക്കുകയായിരുന്നു ശാരദ.

“നിങ്ങള് ഉണ്ണാനെത്തും എന്ന് വിചാരിച്ചു” ശാരദ ലോഗ്യം പറഞ്ഞു. അവള്‍ക്ക് വേഗം വയസ്സായിരിക്കുന്നല്ലോ എന്ന് തോന്നി. ഇലകള്‍ കൊഴിഞ്ഞുപോയ ശിശിരത്തിലെ കൊന്ന പോലെ ഒറ്റയായി വിറളി വെളുത്ത് നില്‍ക്കുന്നു. അവളുടെ ചിരിയിൽ പോലും വിഷാദത്തിന്റെ നീരൊഴുക്ക്.

“എണീക്കാ൯ വൈകി. അതേ പിന്നെ ഊണ് കഴിഞ്ഞ് ഇറങ്ങാന്ന് കരുത്യേ”

ഞാ൯ ഭരതനെ കാണുകയായിരുന്നു. വല്ലാതെ മാറിയിരിക്കുന്നു. അവ൯ തന്റെ ചുറ്റുമുള്ള ഒന്നിനേയും കാണുന്നേ ഇല്ലെന്നു തോന്നി എനിക്ക്. എന്റെ സാന്നിദ്ധ്യം തന്നെ അവ൯ അറിഞ്ഞതായി തോന്നിയില്ല. ജനാലക്കും അപ്പുറത്ത് ദൂരെ എന്തിലോ മിഴികൾ ഉടക്കിയിരിക്കുകയാണെന്ന തോന്നലാണ് നിര്‍ജീവമായ ആ കണ്ണുകളിലെ മരവിപ്പിന്.

“രമേശേട്ടനും, ചന്ദ്രികേം വന്നിരിക്കുണൂ, മനസ്സിലായോ”. ശാരദ ഭരതനെ പതുക്കെ ഞങ്ങളുടെ നേരെ തിരിച്ചിരുത്തി. മുഖത്ത് പ്രത്യേകിച്ച് ഭാവമൊന്നുമില്ലാതെ അവന്‍റെ കണ്ണുകൾ എന്‍റെ മുഖത്ത് തറച്ച് നിന്നു. ആദ്യമായി ആരെയോ കാണുന്നതുപോലെ. ഞാ൯ എന്നൊരാൾ ഇവിടെ ഇരിക്കുന്നു എന്നതുതന്നെ തിരിച്ചറിയാത്തത് പോലെയുമാവാം. ഞാന്‍ അവനെ നോക്കി പതുക്കെ ചിരിച്ചു. ഇത് നിന്‍റെ രമേശേട്ടനാണടാ എന്ന് പറയുന്നതുപോലെ. ചുണ്ടനക്കി ഒന്നും പക്ഷേ പറഞ്ഞില്ല.

“എന്നേം കൂടി അറിയാണ്ടായര്‍ക്കുണൂ കുറച്ചായിട്ട്. പഴയതൊന്നും ഓര്‍മയില്ല. ചില ദിവസങ്ങളിൽ ശര്‍മ വന്നോ എന്ന് മാത്രം ചോദിക്കും. വേറെ ആരേക്കുറിച്ചും പറയാറില്ല. രമേശേട്ടനെപ്പറ്റി ഞാ൯ ഇടയ്ക്ക് ചോദിച്ചാലും ബ്ലാങ്ക് ആയി ഇരിക്കും.”

എന്റെ ഉള്ളിലെവിടെയോ എന്തോ വലിഞ്ഞു. കടലാസില്‍ കരിക്കട്ടകൊണ്ടെഴുതിയ വരകളാണ് ഓര്‍മകൾ എന്ന് തോന്നി. അല്പം വെള്ളമൊഴിക്കുകയെ വേണ്ടൂ കലങ്ങിയനീരായി അവയൊക്കെ നിമിഷത്തിൽ മാഞ്ഞുപോകാ൯. അതിനുമുകളിൽ പുതിയ ചിത്രങ്ങൾ വെടിപ്പായി ആര്‍ക്കും എഴുതിയുണ്ടാക്കാം.

എതിരെയുള്ള ചുമരില്‍ ഭരതനും നരേന്ദ്രനും തോളിൽ കയ്യിട്ട് ചിരിച്ചു നില്‍ക്കുന്ന വലിയ ഫോട്ടോ തൂങ്ങി കിടക്കുന്നു. ചുവട്ടില്‍ പേപ്പറുകൾ ചിതറിക്കിടന്നു. ചിലതിലൊക്കെ കുട്ടികൾ വരച്ചിട്ടതുപോലെ അലക്ഷ്യമായി അലയുന്ന കോറലുകൾ.

“ഇടയ്ക്ക് വിരലുകൾ കൊണ്ട് ഇങ്ങനെ എഴുതണപോലെ ഒക്കെ ആംഗ്യം കാണിക്കും. കടലാസും പേനയും അടുത്ത് വെച്ചാൽ അതിൽ എന്തൊക്കെയോ എഴുതാ൯ നോക്കണ കാണാം. പക്ഷെ ഇങ്ങനെ കുറെ വരേം കുറീം മാത്രേ ണ്ടാവൂ അവസാനം” ശാരദ കടലാസ്സുകളിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

വടിവൊത്ത എഴുത്തായിരുന്നു ഭരതന്റെത്. തെളിമയാര്‍ന്ന ഭാഷയും വശ്യതയാര്‍ന്ന ഭാഷണവും അവന് കൈമുതലായിരുന്നു. സൊസൈറ്റിയിലെ പരാതികൾ അധികാരികള്‍ക്ക് നിവേദനങ്ങളായി പോയതൊക്കെ അവന്റെ കൈപ്പടയിലായിരുന്നു. ആ അവനിൽ ഇന്ന് ഭാഷയും, വാക്കുകളും അക്ഷരങ്ങളും അന്യംനിന്നിരിക്കുന്നു.

ഭക്ഷണം കഴിപ്പിച്ച് വായ കഴുകി ശാരദ ഭരതനെ കൈപിടിച്ച് പതുക്കെ കിടക്കമുറിയിലേക്ക് കൊണ്ടുപോയി. ശാരദയുടെ കൈകളിൽ വിടാതെ മുറുകെ പിടിച്ച് നടക്കാ൯ പഠിക്കുന്ന അനുസരണയുള്ള കുട്ടിയെപ്പോലെ കാലുകൾ നിലത്ത്  ഉറയ്ക്കാതെ അവ൯ നീങ്ങുമ്പോൾ എന്റെ കണ്ണുകൾ ഞാനറിയാതെ നനഞ്ഞു.

“ഊണ് കഴിഞ്ഞു കിടന്നാ ഇനി സന്ധ്യായിട്ടേ ഉണരൂ”. തിരിച്ചു വന്ന് നിലം തുടക്കുന്നതിനിടയിൽ ശാരദ പറഞ്ഞു.

പിന്നെ ശാരദ അകത്തുപോയി ഞങ്ങള്‍ക്ക് ചായയുമായി വന്നു. ചന്ദ്രികയും അവളും കുറെക്കാലത്തെ വര്‍ത്തമാനങ്ങൾ പങ്കിട്ടു. സിമിയുടെ സുഖ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇടയ്ക്ക് വിളിക്കാറുണ്ടെന്നും പറഞ്ഞു.

“ഫാത്തിമക്ക് ഒക്കെ സുഖല്ലേ? വിളിക്കാറുണ്ടോ?”

അത് ഞാ൯ പ്രതീക്ഷിച്ചതായിരുന്നില്ല. ആ വിഷയം എടുക്കേണ്ടെന്ന് നിശ്ചയിച്ചുറച്ചിരുന്നു. ഉവ്വെന്ന് മാത്രം ഞാ൯ തലയാട്ടി. ഞാ൯ ഒന്നും പറയാതിരുന്നപ്പോള്‍ മറ്റെങ്ങോ നോക്കി ശാരദ ഒരു നിശ്വാസത്തോടെ അവനവനോടെന്ന വിധം മെല്ലെ പറഞ്ഞു.

“ഒന്നും ഞാന്‍ അറിഞ്ഞോണ്ടായിരുന്നില്ല”

“സാരല്യ. കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ” ഞാ൯ ആശ്വസവാക്ക് പറഞ്ഞു.

അല്ലെങ്കിലും ശാരദയുടെ സമ്മതത്തോടെ നടന്നതായിരിക്കും അത് എന്ന് എനിക്ക് അന്നും തോന്നിയിരുന്നില്ല. ചന്ദ്രിക വിളിക്കുന്നതിനു മുന്‍പേ എന്നെ അന്ന് ഓഫീസിലേക്ക് വിളിച്ചത് ശാരദയായിരുന്നല്ലൊ.

“രമേശേട്ടന്‍ വേഗം ഒന്ന് വരണം. ബഷീറിന്റെ വീട്ടുടമസ്ഥ൯ വന്ന് ഇവിടെ ബഹളണ്ടാക്കുണൂ. ഇന്നന്നെ ഒഴിയണം ത്രെ. ഇവടെ ഫാത്തിമ മാത്രേ ഉള്ളൂ. ഭരതേട്ടനെ വിളിച്ചിട്ട് കിട്ട്ണില്ല”

ബഷീര്‍ സ്ഥലത്തില്ലാതിരുന്ന സമയമായിരുന്നു അത്. പിന്നാലെ ചന്ദ്രികയുടെ വിളി വന്നു.

“ആ ഭയ്യ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. അയാളെ പറഞ്ഞ് പറ്റിച്ചാണ് ബഷീറും ഫാത്തിമയും വീടെടുത്തതെന്നും ഇപ്പൊത്തന്നെ ഒഴിയണം എന്നും ഒക്കെ. ഏതായാലും രമേശേട്ട൯ വേഗം ഒന്നിങ്ക്ട്  വരൂ” എന്ന് പറഞ്ഞ് അവൾ ഫോൺ വെക്കുകയായിരുന്നു.

ഞാന്‍ എത്തുമ്പോൾ ഭയ്യാജി ബഷീറിന്റെ വാതിലിനുമുന്നിൽ വരാന്തയിൽ നിന്ന് വിറയ്ക്കുകയായിരുന്നു. ഫാത്തിമ വാതിലിന് പിന്നിൽ പകച്ച് നിന്നിരുന്നു. ഏറെ പണിപ്പെട്ടാണ് അയാളെ അവിടെനിന്ന് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്.

“ഇന്‍ ലോഗോം കോ ദേനെ കേലിയെ മേരെ പാസ് ഘർ നഹി ഹെ. മുജെ ജൂഠ് ബോലാ വോ”. അയാള്‍ എനിക്കുമുന്നിലിരുന്ന് തിളച്ചു. പിന്നെയും എന്തൊക്കെയോ കേള്‍ക്കാനിഷ്ടമില്ലാത്തതെല്ലാം അയാൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

“കോന്‍ ബോലാ ആപ്കോ യെ?”

“കോയീ ഭീ ഹോ. ഉസെ ക്യാ ലേനാ ദേനാ”

ഭയ്യാജി ഒട്ടും അടുത്തില്ല. ബഷീര്‍ തിരിച്ചെത്തിയാൽ വഴിയുണ്ടാക്കാം എന്ന് ഞാ൯ അയാളെ അന്ന് ഒരുവിധം സമാധാനിപ്പിച്ചയക്കുകയായിരുന്നു. അന്ന് വൈകീട്ട് ഭരതന്‍ തിരിച്ചെത്തിയോ എന്നന്വേഷിക്കാനാണ് ഞാ൯ അവന്റെ ഫ്ലാറ്റില്‍ ബെല്ലടിച്ചത്. വാതില്‍ തുറന്നത് ശാരദയായിരുന്നു. അവളുടെ ചോരയോട്ടം നിലച്ച വിളറിയ മുഖം ഇന്നും എന്റെ ഓര്‍മയിൽ സജീവമായിത്തന്നെ ഉണ്ട്. എപ്പോഴെങ്കിലും ഭരതനുമായി വഴക്കുണ്ടാവുമ്പോഴാണ് അവളുടെ മുഖം ഇങ്ങനെ വാടാറുള്ളത്. ഒരു പക്ഷെ ഫാത്തിമയുടെ വീട്ടിലെ ബഹളം കണ്ട പരിഭ്രാന്തിയിലുമാവാം എന്നാണ് ഞാനപ്പോൾ കരുതിയത്. അകത്ത് കടന്നപ്പോൾ ഭരത൯ സോഫയിലിരുന്ന് ‘മന്‍ കീ ബാത്ത്’ കേള്‍ക്കുന്ന തിരക്കിലായിരുന്നു.

“ഭരതാ നമ്മടെ ബഷീറിന്റെ…” എന്നെ മുഴുമിപ്പിക്കാന്‍ അവ൯ സമ്മതിച്ചില്ല. അതിനു മുന്‍പേ എന്റെ മുഖത്തേക്ക് നോക്കാതെ ശബ്ദമുയർത്തി.

“അതുങ്ങള് ഇവട്ന്ന്‍ പോട്ടെ രമേശേട്ടാ. ഇവടെ വേണ്ട അവരടെ കൂട്ടര്”

ഞാന്‍ നിന്ന നിൽപ്പിൽ ഇല്ലാതെയായി. പിന്നെ അടുത്ത നിമിഷത്തിലെപ്പോഴോ എന്നിൽ കലിബാധിച്ചിരിക്കണം. അകത്ത് അതുവരെ ഘനീഭവിച്ചു കിടന്നിരുന്ന ദേഷ്യം മുഴുവ൯ തിളച്ചുമറിഞ്ഞ് വാക്കുകളുടെ ലാവയായി പുറത്തേക്കൊഴുകി. ശാരദ എനിക്ക് മുഖം തരാനാവാതെ അടുക്കളയിലേക്ക് മറഞ്ഞു. എല്ലാം പെയ്തൊഴിഞ്ഞപ്പോൾ ആഞ്ഞടിച്ച കൊടുങ്കാറ്റിന്റെ കിതപ്പായി ഞാന്‍ പുറത്തേക്കിറങ്ങി. പിന്നെ നാളിതുവരെ ആ വാതിലിൽ മുട്ടലുണ്ടായിട്ടില്ല. താമസിയാതെ ഞങ്ങൾ മറ്റൊരു വീടെടുത്തു മാറുകയായിരുന്നു. എത്രയൊക്കെ ആശ്വാസങ്ങൾ പറഞ്ഞിട്ടും ബഷീറിന്‍റെ നെഞ്ചിന് പക്ഷേ അന്ന്‍ അത് താങ്ങാനായില്ല. മൂന്നു ദിവസം അവ൯ ഐ.സി.യു.വില്‍ കിടന്നു. ഭരത൯ ഒരിക്കല്‍പ്പോലും അന്വേഷിച്ച് വന്നില്ല. അന്വേഷണങ്ങള്‍ വേണ്ടാത്തിടത്തേക്ക് ബഷീർ നാലാം ദിവസം യാത്രപറഞ്ഞപ്പോഴും അവ൯ അരികിലുണ്ടായില്ല.

അകത്ത് നിന്ന് എന്തോ ശബ്ദമുണ്ടായപ്പോൾ ശാരദ നോക്കാനോടി.

“സ്വപ്നം കണ്ടതാണെന്ന് തോന്നുന്നു. ഉറക്കത്തിൽ ശര്‍മ വന്നോ എന്ന് ചോദിക്കുകയാ”

ഞാനൊന്നും പറഞ്ഞില്ല. ആ സ്വപ്നങ്ങളിൽ എപ്പോഴെങ്കിലും ഒരു ദുസ്വപ്നമായെങ്കിലും ബഷീർ കടന്നുവരാറുണ്ടോ എന്നും ചോദിച്ചില്ല.

തിരിഞ്ഞുനിന്ന് ഒരിക്കൽ കൂടി ശാരദയോട് യാത്ര പറഞ്ഞ് ഞാ൯ പുറത്തിറങ്ങി. ചന്ദ്രിക ശാരദയുടെ കൈകളമർത്തി വരട്ടെ എന്ന് മൌനം പറഞ്ഞു. അവര്‍ക്ക് പിന്നിൽ തുറന്നിട്ട വാതിലിനു മുകളിൽ ‘ഭരതന്‍ മേനോ൯ വലിയേടത്ത്’ എന്ന വലിയ ബോര്‍ഡ് എന്നെ തുറിച്ചുനോക്കിയിരുന്നു.

⏹️⏹️
കഥ -സന്താനഗോപാലം
വായിക്കാം :

സന്താനഗോപാലം

കഥ -ദേജാവു
വായിക്കാം :

ദേജാവു

കഥ -ഭരതന്‍
വായിക്കാം :

ഭരതന്‍

 

കഥ -മേലേടത്തേക്ക് ഒരു അതിഥി
വായിക്കാം :

മേലേടത്തേക്ക് ഒരു അതിഥി

കഥ -കണ്‍ട്രോള്‍ – ആള്‍ട്ട് – ഡിലീറ്റ്
വായിക്കാം :

കണ്‍ട്രോള്‍ – ആള്‍ട്ട് – ഡിലീറ്റ്

കഥ -ഡീല്‍
വായിക്കാം :

ഡീല്‍

കഥ -പപ്പയുടെ കാമുകി

വായിക്കാം :

പപ്പയുടെ കാമുകി

കഥ – മധുവന്തി

വായിക്കാം :

മധുവന്തി

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം