“കാന്താര”- ദൈവമായി രൂപാന്തരപ്പെടുന്ന തുളുനാടൻ പഞ്ചുരുളി ഭൂതകോലങ്ങൾ

ജോമോൻ സ്റ്റീഫൻ

കാന്താര എന്ന സംസ്കൃത വാക്കിന്റെ അർഥം കാട് അഥവാ നിഗൂഢ വനം എന്നാണ്. സിനിമയിലെ കാഴ്ചകൾ തുടങ്ങുന്നതും കാടിന്റെ പശ്ചാത്തലത്തിൽ നിന്നുതന്നെ. കാടും മണ്ണും മനുഷ്യനും അനുഷ്ഠാനങ്ങളും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന പ്രകൃതി കേന്ദ്രികൃതമായ ഉൾകാഴ്ചകളിൽ നിന്നുമാണ് കാന്താര സിനിമ രൂപം പ്രാപിക്കുന്നത്.

1870 കളിലെ ഫ്യൂഡൽ വ്യവസ്ഥയിൽ നിന്നും ചിത്രം ആരംഭിക്കുന്നു. മനസ്സമാധാനം തേടിയലഞ്ഞ രാജാവ്, നിരവധിയായ യാത്രകൾക്കൊടുവിൽ നിബിഡവനത്തിലെത്തുന്നു. കാടിന്റെ ആവാസവ്യവസ്ഥയിൽ ദേവചൈതന്യത്തെ രാജാവ് നേരിൽ കാണുന്നു. ഗോത്ര നിവാസികളുടെ ആരാധനാ മൂർത്തിയായ ഭൂതക്കോലത്തിനോട്, തനിക്ക് സന്തോഷവും മനസ്സമാധാനം തരൂ എന്ന് രാജാവ് അപേക്ഷിക്കുന്നു. കാടിന്റെ നിശബ്ദതയിൽ ഗർജനം കണക്കെ അലറിയാണ്‌, ഭൂതക്കോലമായ പഞ്ചുരുളി രാജാവിന്റെ അഭ്യർത്ഥനയോട് പ്രതികരിക്കുന്നത്. വനസമ്പത്തും, അവിടത്തെ മണ്ണും, അതിന്റെ സമൃദ്ധി മുഴുവനും കാടിന്റെ മക്കൾക്ക് നല്കണമെന്ന് പഞ്ചുരുളി രാജാവിനോട് ആവശ്യപ്പെടുന്നു.

ഫ്യൂഡൽ വ്യവസ്ഥയിലെ വർഗപരമായ മനുഷ്യ ബന്ധങ്ങളിലെ മാറ്റങ്ങൾ സിനിമ പരാമർശിക്കുന്നു. 1870 ൽ നിന്നും 1970 ൽ എത്തുമ്പോൾ, രാജാവിന്റെ പിൻഗാമികൾ എങ്ങനെ ഭൂമി വീണ്ടെടുക്കാൻ ശ്രമിക്കുന്നു എന്നതാണ് സിനിമ കാണിക്കുന്നത്. കാടും മണ്ണും ഗോത്ര സംസ്കൃതിയും തമ്മിലുള്ള ബന്ധങ്ങളെ, ആധുനിക ജന്മിത്ത വ്യവസ്ഥിയെ പ്രതിനിധാനം ചെയ്യുന്ന പുതു തലമുറ നിഷേധിക്കുന്നു . ഗോത്ര സംഹിതയിലെ, മനുഷ്യനും ദൈവവും തമ്മിലുള്ള അനിഷേധ്യ വിശ്വാസ ബന്ധങ്ങളെ കേവലം ഭൂതവേഷം കെട്ടുന്ന കോലക്കാരൻ മാത്രമായി അവർ കാണുന്നു, ചോദ്യം ചെയ്യുന്നു.

അതിനോട് പഞ്ചുരുളി ശക്തിയായി പ്രതികരിക്കുന്ന രംഗം സിനിമയുടെ തുടക്കത്തിൽ ദൃശ്യ ചാരുതയാർന്നതാണ്. “കോലക്കാരനാണ് പറയുന്നതെങ്കിൽ ‘എന്നെ നിങ്ങൾക്ക് കാണാം’ എന്നും അല്ല ദൈവമാണ് പറയുന്നതെങ്കിൽ ‘എന്നെ കാണില്ല’ എന്നും മൊഴിഞ്ഞതിനുശേഷം പഞ്ചുരുളി ഭൂതകോലം, കാട്ടിലേക്ക് ഓടി കൂരിരുട്ടിൽ കാടിന്റെ ആത്മാവിൽ അലിഞ്ഞ് അപ്രത്യക്ഷനാവുകയാണ്. കോലം കൈയാളുന്ന അഗ്നികുണ്ഡം കാട്ടിലെ ഇരുട്ടിൽ വരയ്ക്കുന്ന വൃത്തം ഒന്നാതരം ദൃശ്യ ആവിഷ്കാരവും അനുഭവും പ്രേക്ഷകന് നൽകുന്നു.

തുളു നാടൻ സംസ്കൃതി കാഴ്ചകൾ

കേരളത്തിലെ കാസർഗോഡ് മുതൽ തീരദേശ കർണാടകയിലെ കുന്ദാപുര വരെയുള്ള പ്രദേശമാണ് തുളുനാട് എന്ന് അറിയപ്പെടുന്നത്.മംഗലാപുരവും ഉടുപ്പിയുമെല്ലാം ഈ ഭൂ പ്രദേശത്തിൽ ഉൾപ്പെടും. അറബി കടലിനും പശ്ചിമ ഘട്ട മലനിരകൾക്കിടയിലുള്ള പ്രകൃതി സുന്ദരമായ കാർഷിക സമൃദ്ധിയുള്ള ഭൂമി.

തുളുനാട്ടിലെ കാർഷിക സമൃദ്ധിയുടെ നേർകാഴ്ചകൾ സിനിമ ഭംഗിയായി ആവിഷ്കരിക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ, കാടും മണ്ണും മനുഷ്യനും അവരുടെ ഗോത്രവും, വിശ്വാസ സംഹിതയായ ദൈവ കോലങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധങ്ങളും ആവാസ വ്യവസ്ഥയുമാണ് സിനിമയുടെ ഇതിവൃത്തം.

തുളുനാട്ടിലെ ഭൂഉടമസ്ഥരായ പ്രമാണിമാർ സംഘടിപ്പിക്കുന്ന “കമ്പള” എന്ന കന്നുകാലിയോട്ട മത്സരത്തിലെ അതിമനോഹരമായ കാഴ്ചകളിൽ നിന്നുമാണ് കാന്താര നായക കഥാപാത്രം ശിവ രംഗ പ്രവേശനം ചെയ്യുന്നത്.

നായക കഥാപാത്രമായ ശിവ കമ്പാല മത്സരങ്ങളിലെ ചാമ്പ്യനാണ്. കാർഷിക ഗ്രാമത്തിൽ ജീവിക്കുന്ന ഇയാള്‍ കൂട്ടുകാരുമൊത്ത് വേട്ടയ്ക്ക് പോയും, കാട്ടിലെ തടി മുറിച്ചും, തല്ലുണ്ടാക്കിയും, ഭുവുടമയുടെ വിശ്വസ്ഥനായി നിന്നും ജീവിതം ആഘോഷിക്കുന്നവനാണ്.

നാടും കാടും ചേർന്ന് കിടക്കുന്ന ഗ്രാമീണ മനുഷ്യജീവിത പരിസരത്തിൽ നിന്നുമാണ് ശിവ എന്ന കഥപാത്ര ത്തെ കേന്ദ്രബിന്ദുവാക്കി സിനിമ മുന്നേറുന്നത്. വനഭൂമിയെ ആശ്രയിച്ചാണ് ഗ്രാമവാസികൾ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിച്ചിട്ടുള്ളത് . എന്നാൽ വനഭൂമി സംരക്ഷിക്കാനെത്തുന്ന വനപാലകരുമായി ഗ്രാമീണർ നിരന്തരം സംഘർഷത്തിൽ ഏർപ്പെടുന്നു . വനപാലകരുമായുള്ള വാക്കുതർക്കങ്ങളിൽ, തന്റെ സുഹൃത്തുക്കൾ, ഗ്രാമീണർ, കുടുംബങ്ങൾ എന്നിവർക്കൊപ്പം ശിവയും അണിചേരുന്നു.

കാന്താരയിലെ നായകൻ ശിവ, തങ്ങളെ കുടിയൊഴിപ്പിക്കാൻ വരുന്ന ഫോറെസ്റ്റ് ഉദ്യോഗസ്ഥനോട് പറയുന്നത്, “സർക്കാർ വരുന്നതിനും മുൻപെ ഇവിടെയുള്ള ഞങ്ങളാണ് ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ. ഞങ്ങളുടെ ഭൂമി കയ്യടക്കിയ നിങ്ങളല്ലേ ഇവിടെ നിന്നും പോകേണ്ടത്” എന്നാണ്.

നാട്ടുകാരിയും ശിവയുടെ കാമുകിയുമായ ലീല ഫോറെസ്റ്റ് ഗാർഡായി പരിശീലനം കഴിഞ്ഞു, നാട്ടു പ്രമാണിയുടെ ശുപാർശയിൽ ഫോറെസ്റ്റ് ഓഫീസിൽ ജോലിയിൽ പ്രവേശിക്കുന്നു. ഭൂമി അളന്നു വേലികെട്ടി തിരിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു, ജോലിയുടെ ഭാഗമായി ലീലക്ക് വീട്ടുകാരുടെയും ഗ്രാമീണരുടെയും താല്പര്യത്തിന് വിരുദ്ധമായി നിൽക്കേണ്ടി വരുന്നു, അങ്ങിനെ സങ്കീർണ്ണമായ ഒരുപാട് മുഹൂർത്തങ്ങളിലൂടെ കഥ വികസിക്കുന്നു.

ഭൂമിയുടെ നേരവകാശികളും അത് കവർന്നെടുക്കാൻ ശ്രമിക്കുന്ന ഉടമസ്ഥ വർഗ്ഗവും തമ്മിലുള്ള പോരാട്ടത്തിൽ ഗോത്ര വംശ വിശ്വാസങ്ങളും മിത്തുകളും കടന്നു വരുന്നതും, ഉഗ്രരൂപം പ്രാപിച്ചു തിന്മക്കെതിരെ നന്മയുടെ ആത്യന്തിക വിജയം പ്രഖ്യാപിക്കുന്നതാണ് സിനമയുടെ കഥാ തന്തു.

സിനിമയിലെ വർഗ ബന്ധങ്ങൾ

ഗ്രാമീണ ജീവിത അന്തരീക്ഷത്തിൽ അടിസ്ഥാന വർഗവും ഉടമ വർഗ്ഗവും തമ്മിലുള്ള ബന്ധങ്ങൾ സിനിമ അടയാളപ്പെടുത്തുന്നുണ്ട് . പഞ്ചുരുളി കോലം കെട്ടിയാടുന്ന കുടുംബ പശ്ചാത്തലവും ഗ്രാമീണർക്കിടയിൽ സ്വാധിനവുമുള്ള ശിവ എന്ന കഥ പാത്രത്തെ ഒരേ സമയം തന്ത്രപൂർവം കൂടെ നിറുത്തുവാനും എന്നാൽ ഇല്ലായ്മ ചെയ്യാനും സിനിമയിലെ പ്രതിനായക വേഷത്തിൽ അവതരിക്കുന്ന ഫ്യൂഡൽ ജന്മി ശ്രമിക്കുന്നു. സാധാരണ അടിസ്ഥാന ഗ്രാമീണ മനുഷ്യ ജീവങ്ങളിൽ ഫ്യൂഡൽ വ്യവസ്ഥിതി എങ്ങെനെ ഇടപെടുന്നു എന്നും അടിസ്ഥാന വർഗത്തിന്റെ ഭൂമിയും അവകാശങ്ങളും കൗശലപൂർവ്വം കവർന്നെടുക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളും ഫ്യൂഡൽ ജീവിത പരിസരങ്ങളും കൃത്യമായി സിനിമ വരച്ചു കാണിക്കുന്നുണ്ട്.

ഫ്യൂഡൽ ജന്മിത്വ വ്യവസ്ഥിതിക്കും, സവർണ്ണ ബ്രാഹ്മണ്യ അധിപത്യത്തിനും എതിരെയുള്ള അലർച്ചകളാണ് ഓരോ കോലങ്ങളും, അവയുടെ കെട്ടിയാട്ടങ്ങളും. അത് അത്ര പെട്ടന്ന് അംഗീകരിക്കാൻ നവ ഹിന്ദുത്വവാദികൾ തയ്യാറല്ല എന്നതിന് തെളിവാണ് ‘കാന്താര’ സിനിമയിലെ ഭൂതകോല ആവിഷ്കാരത്തിനെതിരെയുള്ള വിമർശനങ്ങൾ.

സിനിമയിൽ കാണിക്കുന്ന ഭൂതക്കോലം ഹിന്ദുസംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും അത് ഹിന്ദുക്കൾ ഇന്ത്യയിൽ വരുന്നതിന് മുന്നേ രാജ്യത്തെ ആദിവാസികൾക്ക് ഇടയിലുണ്ടായിരുന്ന ആചാരമാണ് എന്നൊക്കെ ചില ഹിന്ദുത്വ അനുകൂല വാദികൾ ആക്ഷേപിക്കുന്നത്.

കീഴാളന്റെ പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും കഥയും ചരിത്രവും ഐതിഹ്യങ്ങളുമാണ് ഓരോ തെയ്യങ്ങളും കളിയാട്ടങ്ങളും ദൈവകോലങ്ങളും വിളിച്ചു പറയുന്നത് , കാന്താരയും അതുപോലൊരു പോരാട്ടത്തിന്റെ കഥയാണ് പറഞ്ഞത്.

ദൈവരൂപം പ്രാപിക്കുന്ന ഭൂതകോലങ്ങൾ

അനീതിയെ അരിഞ്ഞു തള്ളുന്നതാണ് ഓരോ ഭൂത കോല സങ്കൽപ്പങ്ങൾ.അടിയാള വർഗ സാംസ്കാരികതയും അവരുടെ ദൈവ പരികല്പനകളും ലയിച്ചു ചേരുന്ന ഭൂതകോല കളിയാട്ടങ്ങളിൽ വെറും സാധാരണക്കാരനായ കോലക്കാരൻ ശക്തിയും ഉഗ്ര രൂപ പ്രതാപവുമുള്ള ദൈവമായി പരകായ പ്രവേശനം നടത്തുകയാണ്.

കേരള ഫോക്‌ലോർ എന്ന പുസ്തകത്തിൽ പഞ്ചുരുളിയോട് സാമ്യമുള്ള തെയ്യത്തെ കുറിച്ചുള്ള ഒരു നിരീക്ഷണമുണ്ട്. തെയ്യത്തിന്റെ ആരാധനയിലൂടെ ഗ്രാമീണ ജനങ്ങൾ സ്വയം ശക്തി സംഭരിക്കുകയാണ് ചെയ്യുന്നത്. പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു തലമുറയുടെ സ്വരം തെയ്യത്തിൽ നിലീനമായിട്ടുണ്ട്.

“ദൈവമെന്ന” സങ്കല്പത്തെ കോലമെന്ന യാഥാർഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കഴിയുമെന്നും അസാധാരണ ശക്തി പ്രഭാവത്തോടെ ശത്രുക്കളെയും നേരിടുമെന്നും അവസാനം എല്ലാം ശരിയാകുമെന്ന ശുഭാപ്തി വിശ്വാസം ഗ്രാമീണരുടെ മനസ്സിലേക്ക് എത്തിക്കുന്നവരാണ് ഭൂതഗണകോലങ്ങൾ.

‘കാന്താരാ ‘ യിൽ സിനിമയുടെ ക്ലൈമാക്സ് സീനിൽ ശിവയുടെ കഥാപാത്രം പറയുന്നതും ചെയ്യുന്നതും അത് തന്നെയാണ്. നീതിയുടെ സംരക്ഷണത്തിനായി ഉഗ്രരൂപം പ്രാപിക്കുന്ന,ശത്രു നിഗ്രഹം നടത്തുന്ന, ദൈവസങ്കല്പ മൂർത്തിയുടെ അവതാര പ്രകടനം.

അവസാന രംഗങ്ങൾ ഒരു പക്ഷെ അതിഭാവുകത്വം നിറഞ്ഞതായി പ്രേക്ഷകന് അനുഭവപ്പെട്ടേയ്ക്കാം.എന്നാൽ കഥ ഉൾക്കൊള്ളുന്ന പരികല്പനാ ഭാവങ്ങളിൽ, നടനരീതികളുടെ അതിമാനുഷിക വേഷ പകർച്ചയുള്ള സീനുകൾ, അവസാന രംഗങ്ങളിൽ സൃഷ്ടിച്ചെ മതിയാവുകയുള്ളു. മിഥ്യയും യാഥാർഥ്യവും കൂടി കുഴയുന്ന വല്ലത്തൊരു ദൃശ്യാനുഭവം.

രൗദ്ര ഭാവങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന നടന സൗകുമാര്യത്തിന്റെയും ഭാവ പകർച്ചയുടെയും വൃജംഭരിതമായ ആട്ടങ്ങളും അലർച്ചങ്ങളും മുഴങ്ങുന്നു.

സിനിമ അവസാനിക്കുന്നത്, ശിവയുടെ കഥാ പാത്രം കാടിന്റെ ഇരുട്ടിലേക്ക് ഓടിമറയുന്ന ദൃശ്യത്തോടെയാണ് . എന്നാൽ അവിടെ അച്ഛനും മകനുമാകുന്ന രണ്ടു ഭൂതക്കോലങ്ങൾ ഒന്നിക്കുന്ന, ഒരുമിച്ചെത്തുന്ന മനോഹരവും അർത്ഥ ഗംഭീരമായ ഒരു കാഴ്ചയാണ് അഭ്രപാളിയിൽ പ്രേക്ഷകൻ കാണുന്നത്.

സിനിമയുടെ വിജയം

തുളുനാട്ടിലെ ഒരു ഗ്രാമവും, കാടും , അവിടത്തെ ജനങ്ങളെയും പഞ്ചുരുളി എന്ന ദൈവകോലത്തെയും ചേർത്ത് നിർത്തി അവതരിപ്പിച്ച കഥ, വലിയ വിജയം നേടിയിരിക്കുകയാണ്. സ്വന്തം സ്വത്വത്തിലേക്കുള്ള മനുഷ്യന്റെ അന്വേഷണവും മടക്കവും ഒക്കെയായി ഈ സിനിമയെ വ്യാഖ്യാനിക്കാം . ഒരു മിത്തിനെ വളരെ മനോഹരമായി വർത്തമാന ജീവിത സാഹചര്യങ്ങളിലേക്ക്‌ വിളക്കി ചേർക്കാൻ സിനിമക്ക് കഴിഞ്ഞു. ഇന്ത്യൻ ഗ്രാമങ്ങളിൽ ഇപ്പോഴും തുടരുന്ന മണ്ണിന്റെ അധിനിവേശത്തിലേക്കും ഉടമസ്ഥതക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ രാഷ്ട്രീയത്തിലേക്കും ഒക്കെ സിനിമ ആസ്വാദകനെ കൊണ്ടുപോകാൻ സംവിധായകൻ ഋഷഭ് ഷെട്ടിക്ക് കഴിഞ്ഞു. നായകൻ, സംവിധായകൻ, എഴുത്തുകാരൻ, എന്ന നിലയിൽ സിനിമയുടെ മൂന്നു മേഖലയിലും വലിയ വിജയം തന്നെയാണ് ഋഷഭ് ഷെട്ടി നേടിയത്.

ഒരു കാലഘട്ടത്തിൽ ,രാജ്‌കുമാർ കുടുംബത്തിന് ചുറ്റും കറങ്ങിയിരുന്ന കന്നഡ സിനിമ വേലിക്കെട്ടുകൾ ഭേദിച്ച്, പുതിയൊരു ലോകത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.
കെജിഎഫ് സീരീസിലൂടെ ദേശിയ ശ്രദ്ധ പിടിച്ചു പറ്റിയ സാൻഡൽ വുഡ് സിനിമാലോകത്തെ മറ്റൊരു ഉത്സവ കാഴ്ചയായി കാന്താര മാറി എന്നതിൽ സംശയമില്ല.
കലയും, വിശ്വാസവും ആചാര സംസ്കൃതികളും കൃത്യമായി ചേര്‍ത്ത് പാകപ്പെടുത്തിയ കാന്താര എന്ന സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കപ്പുറം എത്തിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം