തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ആവശ്യപ്പെട്ടതിനാലാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു. അന്ന് അവരെ മുഖത്ത് നോക്കി വർഗ്ഗീയ വാദികളെന്ന് താൻ വിളിച്ചു. എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ വാദികള്‍ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ജമാഅത്തെ നേതാക്കളെ കണ്ടത്. കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ട് കണ്ടു, അവർ പ്രശ്നക്കാർ ആണെന്ന് അവരോട് തന്നെ പറഞ്ഞിട്ടുണ്ട്. ഗുഡ് സർട്ടിഫിക്കറ്റ് നല്‍കിയതിന്റെ കാരണം യുഡിഎഫ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 1992 ല്‍ കോണ്‍ഗ്രസ് സർക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു.
ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996 ല്‍ ജമാ അത്തെ ഇസ്ലാമി എല്‍ഡിഎഫിന് ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയെന്ന് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം നല്‍കി. ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എല്‍ഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ എല്‍ഡിഎഫിന് ബന്ധമുണ്ടായത് ജമാത്തെ ഇസ്ലാമിയുമായി നേരിട്ടെന്നും എന്നാല്‍ യുഡിഎഫിന് വെല്‍ഫയർ പാർട്ടിയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതികരിച്ചു. ജമാഅത്തെ എല്‍ഡിഎഫ് ബന്ധം മറക്കരുതെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
SUMMARY: Chief Minister confirms meeting with Jamaat-e-Islami; meeting was held at AKG Center














