ബെംഗളൂരു: മാരക മയക്കുമരുന്നായ മെഥാംഫെറ്റാമൈൻ കൈവശം വെച്ചതിനും കടത്തിയതിനും വിദേശ പൗരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് മംഗളൂരു കോടതി കഠിനതടവും പിഴയും വിധിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശനിയാഴ്ച വിധി പ്രഖ്യാപിച്ചത്.
റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാൻ പൗരനായ ലുവൽ ഡാനിയേൽ ജസ്റ്റിൻ ബൗലോ എന്ന ഡാനിയും (25) കാസറഗോഡ് സ്വദേശികളായ കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലെ മുഹമ്മദ് റമീസ് (24), മൊഹിദ്ദീൻ റഷീദ് (24), അബ്ദുൽ റൗഫ് എന്ന ടഫ് റൗഫ് (35), തമിഴ്‌നാട് സ്വദേശിനിയായ സബിത എന്ന ചിഞ്ചു (25) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (NDPS) നിയമത്തിലെ സെക്ഷൻ 21 (സി) പ്രകാരമാണ് പ്രതികൾക്ക് കഠിനതടവ് ശിക്ഷ ലഭിച്ചത്. ജഡ്ജി ബസവരാജിൻ്റെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ലുവൽ ഡാനിയേൽ, മൊഹിദ്ദീൻ റഷീദ്, സബിത എന്നിവർക്ക് 12 വർഷം കഠിനതടവും 1,25,000 രൂപ വീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണം. മുഹമ്മദ് റമീസിന് 14 വർഷം കഠിനതടവും 1,45,000 രൂപ പിഴയും ലഭിച്ചു. പിഴ അടയ്ക്കാത്തപക്ഷം ആറ് മാസം കഠിനതടവ് അധികമായി അനുഭവിക്കേണ്ടി വരും. അബ്ദുൽ റൗഫിന് 13 വർഷം കഠിനതടവും 1,35,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അഞ്ച് മാസം അധിക തടവ് അനുഭവിക്കണം. മയക്കുമരുന്ന് കൈവശം വെച്ചതിന് പുറമെ, അത് ഉപയോഗിച്ചതിന് എൻഡിപിഎസ് ആക്ടിലെ സെക്ഷൻ 27 (ബി) പ്രകാരവും അഞ്ച് പ്രതികളെയും കോടതി കുറ്റക്കാരായി കണ്ടെത്തി. ഈ വകുപ്പനുസരിച്ച് ആറ് മാസം കഠിനതടവും 10,000 രൂപ പിഴയും ഓരോരുത്തർക്കും അധികമായി ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി കഠിനതടവ് അനുഭവിക്കണം.
2022 ജൂൺ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
SUMMARY: Drug trafficking case; Court sentences five people, including a Sudanese citizen and a Malayali, to rigorous imprisonment.














