മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍ തിളങ്ങിയ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് കാമി കൗശല്‍. സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് ആരംഭിച്ച കാമിനിയുടെ കലാജീവിതം ബോളിവുഡിന്റെ എല്ലാ വളര്‍ച്ചകളും മാറ്റങ്ങളും സാക്ഷ്യം വഹിച്ചതാണ്.
പാകിസ്താനിലെ ലാഹോറിലാണ് നടിയുടെ ജനനം. ഇന്ത്യന്‍ ബ്രയോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത സസ്യശാസ്ത്രജ്ഞന്‍ പ്രൊഫ. ശിവ് റാം കാശ്യപിന്റെ മകളാണ്. 1946-ല്‍ ചേതന്‍ ആനന്ദിന്റെ ‘നീച്ചേ നഗര്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാംദിയോര്‍ പുരസ്‌കാരം നേടി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്. മോണ്ട്രിയാല്‍ ഫിലിം ഫെസ്റ്റിവലില്‍ കാമിനിയുടെ പ്രകടനത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു.
ഏഴ് പതിറ്റാണ്ട് നീണ്ടതാണ് കാമിനിയുടെ അഭിനയ ജീവിതം. ദിലീപ് കുമാര്‍, രാജ് കപൂര്‍ തുടങ്ങി ആമിര്‍ ഖാനും ഷാഹിദ് കപൂറും വരെയുള്ള ബോളിവുഡിലെ ഇതുവരെയുള്ള തലമുറകള്‍ക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട് കാമിനി കൗശല്‍. ആഗ്, ഷഹീദ്, നദിയാ കെ പാര്‍ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. 40-കളില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളായിരുന്നു.
ദോ ബായ്, ശഹീദ്, സിദ്ധി, ശബ്‌നം, ബഡേ സര്‍ക്കാര്‍, ജെയ്‌ലര്‍, ആര്‍സൂ, നദിയാ കെ പാര്‍ തുടങ്ങിയ സിനിമകളില്‍ നായികയായി കയ്യടി നേടി. 1963-ഓടെ സ്വഭാവ വേഷങ്ങളിലേക്ക് മാറി. ‘ദോ രാസ്‌തേ’, ‘പ്രേം നഗര്‍’, ‘മഹാചോര്‍’ തുടങ്ങിയ സിനിമകളില്‍ തുടര്‍ന്നും തിളങ്ങി. കരിയറിന്റെ അവസാന വര്‍ഷങ്ങളില്‍, ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്‌സ്പ്രസ്’, ഷാഹിദ് കപൂറിന്റെ ‘കബീര്‍ സിംഗ്’ തുടങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളിലും അവര്‍ അഭിനയിച്ചു. ആമിര്‍ ഖാന്റെ ‘ലാല്‍ സിങ് ഛദ്ദ’യിലെ അതിഥിവേഷത്തിലാണ് അവര്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്.
SUMMARY: Legendary actress Kamini Kaushal passes away













