ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114-ാം വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.
1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിൽ ജനിച്ച സാലുമരദ തിമ്മക്ക ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യയെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ അവർ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കുകയും അവയെ സ്വന്തം മക്കളെ പോലെ വളർത്തുകയുമായിരുന്നു. 2019ൽ സാലുമരദ തിമ്മക്കയെ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു.
ഗ്രാമീണ കർണാടകയെ ഹരിതാഭമാക്കുന്നതിനുള്ള പ്രതിബദ്ധത തിമ്മക്കയെ ദേശീയ പ്രശസ്തിയിലേക്ക് ഉയർത്തിയിരുന്നു. ബെംഗളൂരു സൗത്തിന്റെ ഭാഗമായ രാമനഗര ജില്ലയിലെ ഹുളിക്കലിനും കുഡൂരിനും ഇടയിലുള്ള 4.5 കിലോമീറ്റർ ദൂരത്തിൽ 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചതിന് ശേഷമാണ് അവർക്ക് ‘മരങ്ങളുടെ നിര’ എന്നർത്ഥം വരുന്ന ‘സാലുമരദ’ എന്ന പേര് ലഭിച്ചത്. . ‘വൃക്ഷ മാതാവ്’ എന്നറിയപ്പെട്ടിരുന്ന തിമ്മക്ക, തന്റെ മക്കളെപ്പോലെയാണ് മരങ്ങളെ വളർത്തിയിരുന്നത്. ഹംപി സർവകലാശാലയിൽ നിന്നുള്ള നഡോജ അവാർഡ് (2010), നാഷണൽ സിറ്റിസൺ അവാർഡ് (1995), ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് (1997) എന്നിവയുൾപ്പെടെ 12 പ്രധാന ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
SUMMARY: Padma Shri Salumaradha Thimmakka passes away













