ഛണ്ഡീഗഢ്: 500 കോടി രൂപ ഉള്ളവർക്കെ മുഖ്യമന്ത്രിയാകാൻ സാധിക്കൂവെന്ന വിവാദ പരാമർശത്തെ തുടർന്ന് നവ്ജ്യോത് കൗർ സിദ്ദുവിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യയാണ് നവ്ജ്യോത് കൗർ.
പഞ്ചാബിന് വേണ്ടി എപ്പോഴും ശബ്ദിക്കുന്നവരാണ് ഞങ്ങൾ. എന്നാൽ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനാവശ്യമായ 500 കോടി രൂപ ഞങ്ങളുടെ പക്കലില്ല. എന്നായിരുന്നു നവ്ജ്യോത് കൗർ സിദ്ദുവിന്റെ പരാമർശം. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
ബിജെപിയും ആംആദ്മി പാർട്ടിയും ഇത് വൻതോതിൽ ചർച്ചയാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സമ്മർദ്ദമുയർന്നിരുന്നു. ഇതിനുപിന്നാലെയാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
അതേസമയം പ്രസ്താവന വലിയ വിവാദമായതോടെയാണ് കൗർ സോഷ്യൽ മീഡിയ വഴി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തൻ്റെ വാക്കുകൾ വളച്ചൊടിച്ചതിന്റെ ഞെട്ടലിലാണെന്നും കോൺഗ്രസ് പാർട്ടി ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും കൗർ വ്യക്തമാക്കിയിരുന്നു. വേറെ ഏതെങ്കിലും പാർട്ടിയിൽ പോയി മുഖ്യമന്ത്രിയാകുമോ എന്ന് ചോദിച്ചപ്പോഴാണ് ആ സ്ഥാനം കിട്ടാൻ വേണ്ടി കാശ് കൊടുക്കാൻ കയ്യിൽ പണമില്ല എന്ന് പറഞ്ഞതെന്നും കൗർ വിശദീകരിച്ചിരുന്നു.
SUMMARY:’ Remark of suitcase containing Rs 500 crore’; Congress suspends Navjot Kaur Sidhu














