തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പോലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടിരുന്നു. ഇതിനിടെയാണ് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ രണ്ടുപേര്‍ പിടിയിലാകുന്നത്.
അതേ സമയം, രാഹുലിനെതിരായ രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്. ഈ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യേപക്ഷ നാളെ കോടതി പരിഗണിക്കും. അന്വേഷണ സംഘത്തില്‍ നിന്ന് തന്നെ വിവരം ചോരുന്നതാണ് രാഹുലിന് സഹായകമാകുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പുതിയ സംഘത്തെ നിയോഗിച്ചത്.
SUMMARY: Two people arrested for helping Rahul Mangkootatil to hide














