ഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഇടക്കാല ജാമ്യം തേടി ജെഎന്‍യു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ഇടക്കാല ജാമ്യം തേടിയത്. ഡല്‍ഹിയിലെ കര്‍ക്കദൂമ കോടതിയിലാണ് അപേക്ഷ നല്‍കിയത്. അപേക്ഷ ഡിസംബര്‍ 11ന് പരിഗണിക്കാനായി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സമീര്‍ ബാജ്പേയ് ഷെഡ്യൂള്‍ ചെയ്തു.
ഡിസംബര്‍ 27ന് നടക്കുന്ന സഹോദരിയുടെ വിവാഹത്തിനായി ഡിസംബര്‍ 14 മുതല്‍ 29 വരെ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഉമര്‍ ഖാലിദിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതേസമയം കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ ഉമര്‍ ഖാലിദ് സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
ഇത് പരിഗണിക്കവെ ഡല്‍ഹി പോലിസ് ജാമ്യത്തെ എതിര്‍ക്കുകയും ഖാലിദിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ജാമ്യാപേക്ഷയില്‍ സുപ്രിം കോടതിയില്‍ വാദം തുടരുകയാണ്. 2020 സെപ്തംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു അറസ്റ്റ്.
SUMMARY: Umar Khalid files interim bail application to attend sister’s wedding














