ഒരിക്കൽ ഒരിടത്ത്

അധ്യായം അഞ്ച്
ഒരു പാട് കരഞ്ഞതിനാലാവാം, കാറിലിരുന്നു ഉറങ്ങിപ്പോയി. ആരോ തട്ടി ഉണര്‍ത്തിയപ്പോള്‍ മായ ഞെട്ടിയുണര്‍ന്നു ചുറ്റും നോക്കി.
ഇല്ലത്തിന്റെ പടിക്കലെത്തിക്കഴിഞ്ഞു. പടിപ്പുര മാളിക തന്നെ ഒരു കൊട്ടാരമട്ട്. പുതിയതായി വെള്ള പൂശിയ തിളക്കം.
ചടങ്ങുകളൊക്കെ വേഗം കഴിച്ചോളൂ.. നല്ല മഴ വരണുണ്ട്.
കൈകളില്‍ താലവും, മുഖത്ത് വധുവിനെ കാണാനുള്ള ആകാംക്ഷയുമായി പെണ്‍കുട്ടികള്‍ നിരന്നു നിന്നിരുന്നു. പട്ടു പാവാടയും, സെറ്റുമുണ്ടും മറ്റും അണിഞ്ഞ കുട്ടികള്‍, പല പ്രായത്തിലുള്ളവര്‍.
നടുമുറ്റം നന്നായി അണിഞ്ഞു അലങ്കരിച്ചിട്ടുണ്ട്.
എല്ലാ കണ്ണുകളും മായയുടെ മുഖത്തായിരുന്നു. മായക്ക് ആകപ്പാടെ ലജ്ജയും അത്ഭുതവും തോന്നി.
വധൂവരന്മാരെ സ്വീകരിച്ച്, ആദ്യം വരന്‍ അകത്തു കയറിയ ഉടന്‍ പതുക്കെ വാതില്‍ അടച്ചു.
മായ പരിഭ്രമിച്ചതു കണ്ട് എല്ലാവരും അടക്കിച്ചിരിച്ചു.
കുട്ടീ എനി ആ വാതിലു തള്ളീ തുറന്നോളൂ.
ഒരിക്കലും പ്രതീക്ഷിക്കാത്ത ആചാരങ്ങള്‍.
മായ, വിറക്കുന്ന കൈകളോടെ പതുക്കെ വാതില്‍ തള്ളി ത്തുറന്നു.
മഞ്ഞള്‍പ്പൊടി കൊണ്ടും, അരിമാവ് കൊണ്ടും അണിഞ്ഞ നിലം സുമംഗലിയെ സ്വീകരിക്കാന്‍ ശിരസ്സ് നമിച്ചു.
മായ, സാവധാനം വലത് കാലെടുത്തു വെച്ചു.
വധുവിന്റെ കാല്പ്പാദം ആദ്യമായി പതിഞ്ഞിടം …അരിമാവിലും മഞ്ഞള്‍പ്പൊടിയിലും തെളിഞ്ഞു.
വിവാഹ ജീവിതത്തിലേക്കുള്ള ആദ്യത്തെ നട.!
പെട്ടന്നു ഒരു മുന്നറിയിപ്പുമില്ലാതെ മഴ തുടങ്ങി.
അയ്യോ.. എനിപ്പോ മുല്ല ഭഗവതിക്ക് നേദിക്കലും, മംഗല ആതിര ചൊല്ലലും കൈകൊട്ടിക്കളിയും ഒക്കെ എപ്പഴാ..?
എല്ലാറ്റിനുമായി ഒരുങ്ങിയ നടുമുറ്റത്ത് മഴ തുള്ളിക്കളിച്ചു.
അതൊന്നും …ല്ലെങ്കിലും പ്പൊ സാരംല്യാ.. ഇനി മതി…. ദൊക്കെ.. വിഷ്ണു അക്ഷമനായി.
അല്ലെങ്കിലും വല്യ ആചാരങ്ങളൊന്നും അമ്മാത്ത് ശീലം ണ്ടാവില്യേനും. അഫന്‍ നമ്പൂതിരി പറഞ്ഞു.
മഴ തിമിര്‍ത്തു പെയ്യുകയാണ്. ശക്തിയായി വീശിയടിക്കുന്ന കാറ്റ്, മഴയെ ചായ്ച്ചും, ചരിച്ചും, വളച്ചൊടിച്ചും രസിക്കുന്നു. കാറ്റിന്റെ ശക്തിയില്‍, മുറ്റത്തും, തൊടിയിലും നിന്നിരുന്ന തെങ്ങുകളും, കവുങ്ങുകളും തലയറഞ്ഞ് പേയാട്ടം നടത്തി.
മുന്‍വശത്തെ പാടം തിമിര്‍ത്തു പെയ്യുന്ന മഴയിലൂടെ മങ്ങിയ ചിത്രമായി. നടവരമ്പത്ത് നിന്നിരുന്ന ആകാശം മുട്ടുന്ന പനകള്‍ ചപ്രത്തലയാട്ടി ഭയപ്പെടുത്തി.
പറമ്പിലും, പാടത്തും അലറിപ്പാഞ്ഞു വീശിയടിക്കുന്ന കാറ്റിനു ഒരു വല്ലാത്ത ഹുംങ്കാരമായിരുന്നു.
മിന്നലവസാനിക്കുന്നതിനൊപ്പം ഇടി.! കാതടപ്പിക്കുന്ന ഇടിമുഴക്കം എവിടെയോ പ്രതിധ്വനിച്ചു.
മായ ഭയന്നു. അമ്മാത്ത് ആയിരുന്നെങ്കില്‍ ഇപ്പോള്‍ കാതു പൊത്തിപ്പിടിച്ച് അച്ഛന്റെയും അമ്മയുടേയും നടുക്ക് ചെന്നിരുന്നേനെ.
കുട്ടി അറയിലേക്ക് പൊയ്‌ക്കോളൂ. എനീ..പ്പൊ ഒന്നും നോക്കണ്ട. വിഷ്ണുവിന്റെ അമ്മയാണ്. വയസ്സായെങ്കിലും, നല്ല കറൂത്ത പുരികങ്ങളും, കണ്ണുകളും.
വിഷ്ണുവിനു അമ്മയുടെ ഛായയാണെന്ന് തോന്നി. മായ അമ്മയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.
നല്ല മുഖശ്രീയുള്ള ഒരു പട്ടു പാവാടക്കാരി വന്ന് കൈ പിടിച്ചു.
അമ്മായി വരൂ.!
ജീവിതത്തിന്റെ ഒരു താളു മറിച്ചപ്പോള്‍ ഒരദ്ധ്യായം അവസാനിച്ച് അടുത്തത് തുടങ്ങുന്നു.എന്തെല്ലാം സ്ഥാനമാറ്റങ്ങളാണ് ?
”അമ്മായി..,ചിറ്റ,…ഏട്ത്തി…”
ഒരു കാഴ്ച വസ്തുവിനെപ്പോലെ എല്ലാവരും തന്നെത്തന്നെ നോക്കുന്ന തറിഞ്ഞ മായ, പാവാടക്കാരിയുടെ പിന്നാലെ ചെന്നു.
ഇടനാഴി കടന്നപ്പോള്‍, ചിരിച്ചു കൊണ്ട്, തിരിച്ചോടി പ്പോയ കുട്ടി വിളിച്ചു പറഞ്ഞു.
പൊക്കോളൂ…ട്ടോ..അറ്റം വരെ. അതാ.., അറ അവിടെയാണ്.
ഒരു പാട് ഒരുക്കങ്ങളൊക്കെ ചെയ്തു വെച്ചിരിക്കുന്ന മണിയറ കണ്ട് മായക്ക് പേടി തോന്നി.
അമ്മയെ കാണണം.
പെട്ടന്നു കറന്റ് പോയി. വൈകുന്നേരമാവുന്നതേയുള്ളുവെങ്കിലും മുറിയില്‍ നല്ല ഇരുട്ട്.
പിന്നെ.., ഒരു വിളക്കും കൊണ്ട് പ്രത്യക്ഷപ്പെട്ടത് വിഷ്ണുവായിരുന്നു.
പേടിച്ചോ ? ഇവിടെ ഒരു മഴ പെയ്താല്‍ മതി. അപ്പൊ പോകും കറന്റ്.
മായ ഒന്നും മിണ്ടിയില്ല.
ചെറിയ വിളക്കിന്റെ പ്രകാശത്തില്‍ വിഷ്ണു അടുത്തു വന്നു.
ഇതെന്റെ വീടാണ്, ഇവിടെ ഒളിച്ചിരിക്കാന്‍ പറ്റില്ലല്ലോ.
വിഷ്ണു …പതുക്കെ മായയുടെ മുഖം പിടിച്ചുയര്‍ത്തി.
മായ, തന്റെ വലിയ കണ്ണുകള്‍ ഉയര്‍ത്തി വിഷ്ണുവിനെ നോക്കി. മായയുടെ ഹൃദയ മിടിപ്പ് എതാണ്ട് വിഷ്ണുവിനു കേള്‍ക്കാം.
ഈ യുഗത്തിലും ഇങ്ങിനെയുള്ള പെണ്‍കുട്ടികള്‍ ഉണ്ടൊ.? താന്‍ കോളെജിലൊക്കെ പ്ഠിച്ച കുട്ടിയല്ലെ?.എന്തിനാ എന്നെയിങ്ങനെ ഭയക്കുന്നത്.? ഒന്നു പുഞ്ചിരിച്ചാല്‍ കുഴപ്പമൊന്നുമില്ല.
മായക്ക് പെട്ടന്നു ചിരി വന്നു.
വിഷ്ണു സാവധാനം മായയെ ചേര്‍ത്തു പിടിച്ചു.
ആദ്യമായി അനുഭവിക്കുന്ന പുരുഷ സാമീപ്യം ഒരുള്‍ക്കിടിലത്തോടെ മായ അനുഭവിച്ചു. അതിന്റെ കമ്പനമെന്നോണം പൊന്‍ വളകള്‍ കിലുങ്ങി.
വിഷ്ണു കളിയാക്കി.
ഈ കുടമണികളൊക്കെ അഴിച്ചുവെക്കണം ട്ടൊ..!
അവടെ…, വല്യമ്മാവന്‍ പറയ്ണ കേട്ടൂലോ. വല്യ വികൃതിയാണ് കാളക്കുട്ടന്റെ പോലേ… ന്നൊക്കെ.
കുറുമ്പ് കാണിച്ചാല്‍ മൂക്കു കുത്തി മുക്കയറിടും ഞാന്‍. അറിയ്യോ.
മായ ഉള്ളു തുറന്ന് ചിരിച്ചു.
മുറിയിലെ മങ്ങിയ വെളിച്ചത്തില്‍ മായ അതിസുന്ദരിയായി കാണപ്പെട്ടു. ചിരിക്കുമ്പോള്‍ വിരിഞ്ഞു മായുന്ന നുണക്കുഴികളുടെ ഇന്ദ്ര ജാലം.!
ഒരു പെണ്‍കുട്ടിയെ ഇങ്ങിനെ ആദ്യമായാണു ശ്രദ്ധിക്കുന്നത് എന്നു തോന്നി വിഷ്ണുവിന്. അല്ലെങ്കില്‍ അതിനുള്ള അവസരമുണ്ടായില്ല. എപ്പോഴും പഠിപ്പും ,പിന്നെ പി.എച്ച്.ഡി എടുക്കണം എന്ന വാശിയും.
മായയെ കണ്ടതു മുതല്‍ പിന്നെ ആ മുഖം മാത്രമായിരുന്നു മനസ്സില്‍.
പെട്ടന്നു കറന്റ് വന്നു.
ഉണ്ണീ..ഇപ്പൊ ത്തന്നെ കേറിയോ ഇതിന്റകത്ത്.?
ചിറ്റ വന്നു മായയുടെ കൈ പിടിച്ചു.
വരൂ….ആരൊക്കെയോ കാണാന്‍ വന്നിരിക്ക്ണൂ.
പിന്നെ വിഷ്ണുവിനെ കളിയാക്കി.
വേളിയെ ആരും കൊണ്ടോവൊന്നൂല്യാ…. .!
മായ നാണിച്ചു ചുവന്നു പോയി.
രാത്രിയായിട്ടും, മഴ ഒട്ടൊന്നു ശമിച്ചെങ്കിലും ഓര്‍ത്തും, മറന്നും എന്ന പോലെ പെയ്തുകൊണ്ടിരുന്നു.
മേല്‍ കഴുകി, ഒറ്റമുണ്ടുടുത്ത് കയറിവന്ന വിഷ്ണുവിനെ, അടുക്കളപ്പുറത്ത് സുഭദ്ര ച്ചിറ്റയുടെ കൂടെയിരുന്നിരുന്ന മായ ശ്രദ്ധിച്ചു.
ഷര്‍ട്ടിടുമ്പോള്‍ തീരെ മെലിഞ്ഞതായി തോന്നുമെങ്കിലും, അങ്ങിനെയല്ലെന്നു തോന്നി മായക്ക്.
വിഷ്ണു കണ്ണു കാണിച്ചു വിളിച്ചു. സ്വയമറിയാതെ വിഷ്ണുവിനെ നോക്കിക്കൊണ്ടിരുന്ന മായ ഒന്നു ഞെട്ടി. വയറ്റില്‍ നിന്നും തീയാളിയതു പോലെ.
അയ്യേ…, നാണക്കേടായിപ്പോയി. താന്‍ നോക്കിയിരുന്നുപോയത് കണ്ടിരിക്കണൂ.
ആ ഭസ്മം അങ്ങട് എടുത്ത് കൊടുക്കൂ കുട്ടീ. ചിറ്റ പറഞ്ഞു.
വിഷ്ണു മായയുടെ കയ്യിലെ അളുക്കിലെ ഭസ്മമെടുത്ത് മായയുടെ മുഖം കണ്ണാടിയാക്കി നെറ്റിയില്‍ തൊട്ടു.
മായയുടെ ഉള്ളീല്‍ തുളച്ചു കയറുന്ന നോട്ടവുമായി വിഷ്ണു പുഞ്ചിരിച്ചു കൊണ്ട് അകത്തു കയറിപ്പോയി.
ഊണിനു, സ്ത്രീകളൊക്കെ അടുക്കളയില്‍ തന്നെ ഇരുന്നു. മായ തമ്പുരാട്ടിക്ക് വിളമ്പാന്‍ മത്സരിക്കുന്ന വാല്യക്കാരത്തികള്‍. വിഷ്ണുവിനെ പിന്നെ കണ്ടില്ല.
പിന്നീട്, അറയിലേക്ക് ചെന്നപ്പോള്‍ വിഷ്ണു എന്തൊ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.
മായയെ കണ്ടപ്പോള്‍ പേന അടച്ചു എഴുന്നേറ്റു.
ഞാന്‍ വിചാരിച്ചു സുഭദ്ര ച്ചിറ്റയുടെ കൂടെയായിരിക്കും ഉറക്കം ന്ന്.!
ഫോര്‍മാലിറ്റീസ് ഒന്നും വേണ്ട. മായ കിടന്നോളൂ.
മായ ചുറ്റും നോക്കി.അത്രയൊന്നും വലുതല്ലാത്ത ഈ കട്ടിലില്‍ …ഈശ്വരാ..എന്തെല്ലാം പുതിയ അനുഭവങ്ങള്‍..
പെട്ടന്നു താനെന്തിനാണ് ഒരു വിവാഹത്തിനൊക്കെ മുതിര്‍ന്നതെന്ന് മായ അതിശയിച്ചു.
ഇവിടെ വാടോ..ഞാനൊന്നും ചെയ്യില്ല.
താളം തെറ്റി മിടിക്കുന്ന ഹൃദയം.
വിഷ്ണു ചരിഞ്ഞു കിടന്ന്,തന്റെ കോളേജിനെ പറ്റിയും റിസേര്‍ച്ചിനെ പറ്റിയും, ഡല്‍ഹിയെ പറ്റിയും ഒക്കെ സംസാരിച്ചു. അല്പ്പം മാറിക്കിടന്ന്, വിഷ്ണുവിനെ ഉറ്റുനോാക്കിക്കൊണ്ട് മായ എല്ലാം ശ്രദ്ധിച്ചു കേട്ടു.
തന്നെ ത്തന്നെ നോക്കിക്കൊണ്ട് കിടന്നിരുന്ന മായയുടെ സാമീപ്യം വമിപ്പിക്കുന്ന ഒരു പ്രത്യേക കാന്ത ശ്ശക്തിയാല്‍ വിഷ്ണുവിന്റെ ശബ്ദം വിറകൊണ്ടു.
പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്ന വിഷ്ണു പറയുന്നത് പലതും താന്‍ കേള്‍ക്കുന്നില്ല എന്നു മായക്കും തോന്നി.,മനസ്സിലാവാതെയും പതറി.
സാവധാനം..,വിഷ്ണുവിന്റെ പിന്നാലെ….അപരിചിതമായ ഏതോ ഒരു ശൂന്യതയില്‍ ചെന്നു പെട്ടതു പോലെ…,
ഭാരമില്ലാതെ…,സ്വയേഛയിലല്ലാതെ, ഇങ്ങിനെ പൊങ്ങിപ്പറക്കുന്ന മനസ്സ് തന്റെ നിയന്ത്രണത്തിലല്ല എന്നു മായയറിഞ്ഞു.
കുടമണികളൊക്കെ ഒന്നൊന്നായി അഴിച്ചു മാറ്റുന്ന ഗന്ധര്‍വ്വന്റെ മായാവലയത്തില്‍ അകപ്പെട്ട് മായ സാവധാനം അച്ഛനമ്മമാരേയും ജനിച്ചു വളര്‍ന്ന ഇല്ലത്തേയും ഒക്കെ മറക്കാന്‍ തുടങ്ങി.
ഒടുവില്‍ തന്നെത്തന്നേയും.
പുറത്ത്, തിമിര്‍ത്തു പെയ്തുകൊണ്ടിരിക്കുന്ന മഴ…,ഒടുവില്‍ ഇരയിമ്മന്‍ തമ്പിയുടെ രതിവര്‍ണ്ണനയുടെ ശ്രുതി മധുരമായ സംഗീതമായി നേര്‍ത്തു.!
വിഷ്ണുവിന്റെ ചുടുനിശ്വാസങ്ങള്‍ ഊതിയുണര്‍ത്തിയ ജ്വലിക്കുന്ന ഉലയില്‍, മായ എന്ന പെണ്‍കുട്ടി ഉരുകിയമര്‍ന്നപ്പോള്‍ പൊന്‍ തരികള്‍ ചിതറി.
ആ ഉലയില്‍ നിന്നും ഉയിര്‍ത്തെണീറ്റ തങ്ക വിഗ്രഹം ഒരു സമ്പൂര്‍ണ്ണ സ്ത്രീയായിരുന്നു.
ബ്രാഹ്‌മ മുഹൂര്‍ത്തത്തിലെപ്പോഴോ, ആലസ്യത്താല്‍ അവര്‍ മയങ്ങിയുറങ്ങിയപ്പോള്‍ ഗന്ധര്‍വ്വന്മാരും പാട്ടു നിര്‍ത്തി സുഖ നിദ്രയിലാണ്ടു.
രാവിലെ ഉറക്കമുണര്‍ന്ന മായ, അടുത്തു കിടന്നിരുന്ന പുരുഷനെ നോക്കി വിസ്മയിച്ചു . അവള്‍ പതുക്കെ എഴുന്നേറ്റ് ജനാല തുറന്നിട്ടു.
പുതു മഴയുടെ പുളകങ്ങളേറ്റു വാങ്ങി പൂര്‍വ്വാധികം സുന്ദരിയായ പ്രകൃതി.
ഇല്ലിമുളയുടെ കൂര്‍ത്ത ഇലത്തുമ്പുകളില്‍ വീഴാതെ ഇറ്റു നില്ക്കുന്ന മഴത്തുള്ളികള്‍ സൂര്യകിരണങ്ങളുടെ പ്രകാശത്തില്‍ മിന്നുന്ന രത്‌നങ്ങളായി.!
ബ്രാഹ്‌മ മുഹൂര്‍ത്തിന്റെ അവസാന യാമത്തില്‍, തിടുക്കപ്പെട്ട് വിടവാങ്ങിയ ഗന്ധര്‍വ്വന്റെ രത്‌നമാല, ഭൂമിപ്പെണ്ണിന്റെ മൂക്കുകുത്തിയിലുടക്കി പൊട്ടിച്ചിതറി വീണതായിരിക്കും.
കുളിച്ചു കയറിയ വൃക്ഷലതാദികളില്‍ പക്ഷികള്‍ പുതീയ പുളകത്തോടെ ചിലച്ചു.
മായ നിലക്കണ്ണാടിയില്‍ നോക്കി.
പുതിയ ശോഭയോടെ തിളങ്ങിയ പ്രകൃതിയെ പ്പോലെ അതിസുന്ദരിയായ മായ കണ്ണാടിയില്‍ സ്വയം നോക്കിയിരുന്നു.
⬛
തുടരും……..
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/