ഒരിക്കൽ ഒരിടത്ത്


അധ്യായം ആറ്

വിഷ്ണുവിനേക്കാള്‍ ഏറെ വയസ്സിനു മൂത്ത തായതു കോണ്ട് അച്ഛനു കൊടുക്കുന്ന ബഹുമാനവും, ആദരവുമാണ് ഏട്ടനോട്. മായയേയും മകളെപ്പോലെയാണ് ഏട്ടന്‍ കാണുന്നതെന്ന് ഉടന്‍ തന്നെ മനസ്സിലായി.
അമ്മയും, ബന്ധുക്കളും, വിഷ്ണുവും ഒക്കെ പകര്‍ന്ന സ്‌നേഹത്തിന്റെ തണലില്‍ മായ ആത്മവിശ്വാസത്തോടെ പെരുമാറി. സാവധാനം പഴയ മായയാവാനും കഴിഞ്ഞു.
മായയുടെ വരവോടെ, ഒരു ആളും അനക്കവുമൊക്കെയായി ഇല്ലത്ത് എന്ന് എല്ലാവരും പറഞ്ഞു.
അയല്ക്കാരും, വാല്യക്കാരും, അങ്ങിനെ ആരെങ്കിലുമൊക്കെ വരും.
എല്ലാവരോടും മായ കുശലം പറഞ്ഞു.
ഉണ്ണി നമ്പൂതിരിയുടെ വേളിയെ എല്ലവര്‍ക്കും നന്നെ ബോധിച്ചിരിക്ക്ണൂ.
ശരിക്കും ആര്യേ പ്പോലെ ത്തന്നെ.! സുഭദ്ര ച്ചിറ്റയാണു ആദ്യം കണ്ടു പിടിച്ചത്.
ആ വലിയ കണ്ണുകളും, സംസാരിക്കുമ്പോള്‍ ഉള്ള ആ തലവെട്ടലും ഒക്കെ ആര്യേപ്പോലെ ത്തന്നെ.!
അതു കേട്ടപ്പോള്‍ അമ്മയുടെ മുഖം വാടുന്നത് മായ ശ്രദ്ധിച്ചു.
ആര്യ അന്തര്‍ജ്ജനം ഏട്ടന്‍ തിരുമേനിയുടെ വേളിയായിരുന്നു. അവരെ കുറിച്ച് കേള്‍ക്കുന്നത് തന്നെ അമ്മക്ക് സങ്കടമാണത്രെ.
മായ ഓര്‍ത്തു. ”ആര്യ” എത്ര നല്ല പേര്. ! പേരു കേള്‍ക്കുമ്പോള്‍ തന്നെ ഒരു തരം പ്രൗഢി. എനിക്ക് ആ പേരു മതിയായിരുന്നു.
ഒരാഴ്ച്ചയായിട്ടും ഇല്ലം പൂര്‍ണ്ണമായും കണ്ടു കഴിഞ്ഞിട്ടില്ല.
ബന്ധുക്കള്‍ എല്ലാം ഒരു വിധം പിരിഞ്ഞപ്പോള്‍ മായ ഉറച്ചു. എല്ലാം ഒന്നു ചുറ്റി നടന്നു കാണണം.
എല്ലാം കാണിച്ചു തരാം എന്നു പറഞ്ഞു ഉണ്ണൂലി കൂടെ കൂടി.
മറ്റു ജോലിക്കാര്‍ ഉണ്ടെങ്കിലും, ഉണ്ണൂലിക്കാണ് അകത്തളത്തിലൊക്കെ സ്വാതന്ത്ര്യവും അധികാരവും.
നങ്ങേലിയുടെ മറ്റൊരു പതിപ്പ്. കണ്ടാലും ഏട്ത്തിയും അനിയത്തിയും പോലെയുണ്ട്.
മായ ചുറ്റും നോക്കി.
ഇത് ഞാന്‍ പഠിച്ച കോളേജ് പോലെയുണ്ടല്ലോ.
ഓരോ ഇടനാഴിയില്‍ നിന്നും ഒരു പാട് മുറികള്‍., പിന്നെ, മച്ച്,തട്ടും പുറത്തും ഇടനാഴിയിലേക്കും,വരാന്തയിലേക്കും തുറക്കുന്ന ഒരു പാട് മുറികള്‍. മുറികള്‍ മിക്കതും അടച്ചിട്ടിരിക്കുകയാണ്.
നടുമുറ്റം രണ്ടെണ്ണം. ഏതാണ്ട് ഒരേ പോലെ തോന്നിക്കുന്ന എടുപ്പുകളും കോവണികളും, തളങ്ങളും.
ഒരിക്കല്‍ അകപ്പെട്ടാല്‍ പുറത്തേക്കിറങ്ങാന്‍ കഴിയില്ലെന്നു തോന്നി ,മായക്ക്.!
ഏതോ മാന്ത്രികന്‍, മന്ത്ര വടിയാല്‍ തൊട്ടുയര്‍ത്തിയ സങ്കല്പ്പ കൊട്ടാരം പോലെ.
മായ നടന്നു തളര്‍ന്നു.
ഇതൊക്കെ കണ്ടതല്ലേ ഒരു ചുറ്റ്.?
അല്ലാ… അപ്രത്തല്ലേ കണ്ടത്.
ഒരു കോവിലകം തന്നെ.
പണ്ട്, രാജാക്കന്മാരും, നാടുവാഴികളും ഒക്കെ വാണിരുന്ന പ്രതാപവും, ആനക്കൊട്ടിലും, കഥകളിയും, പാട്ടും, കളമെഴുത്തും, ഉത്സവങ്ങളും, …അങ്ങിനെ ഉണ്ണൂലിയുടെ അതിശയോക്തി യോടെയുള്ള ഓരോ കഥകളും കേട്ടു നടന്ന മായ ഓര്‍ത്തു.
ഇവള്‍ നങ്ങേലിയേക്കാള്‍ കേമി തന്നെ.
അപ്പോള്‍ ഇതോ?
വലിയൊരു തളത്തില്‍, മങ്ങിയ ചിവരുകളില്‍ നാലു പാടും വലിയ എണ്ണഛായാ ചിത്രങ്ങള്‍. ആളുകള്‍ വ്യക്തമല്ല.
ഉണ്ണൂലി വെളിയില്‍ നിന്നു.
അവരൊക്കെ പൂര്‍വ്വികരായ നാടുവാഴികളാണ്.
അതിനു..ആരെയെങ്കിലും കണ്ടിട്ടു വേണ്ടേ. ഇതൊക്കെ ഒന്നു പൊടി തുടച്ചു വെച്ചാലെന്താ.?
വേണ്ട ..വേണ്ട.. ആത്തോലു പോരൂ.. അതൊന്നും പാടില്യാ.
അതിന്റെ, വശത്തെ മുറി ചാരിയിട്ടേയുള്ളു..
അങ്ങട്…പോണ്ടാ ട്ടോ.. അത് വല്യ തിരുമേനീടെ അറയാണ്..ആര്യ തമ്പുരാട്ടീടേം.
ഉണ്ണൂലി നെടുവീര്‍പ്പിട്ടു.
തമ്പുരാട്ടിയെക്കണ്ടാല്‍ അമ്പലത്തിലെ ദേവ്യന്നെ.! എന്തൊരു ചന്തം. ദാ..നോക്കൂ …മുടി ഇത്രക്കൊപ്പം.
അനിയന്‍ തിരുമേനിക്ക് ഏട്ത്തിയെ ജീവനായിരുന്നു. തമ്പുരാട്ടി ഇല്ലത്ത് വരുമ്പൊ തിരുമേനി സ്‌കൂളില്‍ പഠിക്ക്യായിരുന്നു. അപ്പോ നല്ല തടിയായിരുന്നു.
ആര്‍ക്ക്? മായ ചിരിച്ചു.
ഇവ്ടത്തെ തിരുമേനിക്കന്നെ.
ആര്യത്തമ്പുരാട്ടി സ്‌നേഹത്തോടെ ”വിണ്ണൂ”ന്നാ വിളിക്യാ..
ഞാനൊന്നു അകത്തു കയറി നോക്കട്ടെ.
അയ്യോ…വേണ്ടാ…ട്ടൊ.. തിരുമനി ക്കിഷ്ടാവില്ല്യ…..അട്യേനെ വഴക്ക് പറയും…ട്ടൊ.
മായ അതു ശ്രദ്ധിച്ചില്ല. പതുക്കെ വാതില്‍ തള്ളീ ത്തുറന്നു.

സമാന്യം വലിയ മുറി. എല്ലാം നല്ല അടുക്കും ചിട്ടയോടും കൂടി വെച്ചിരിക്കുന്നു.
ചപ്രമഞ്ച കട്ടില്‍ രണ്ടെണ്ണം. വലിയ മേശയും കസേരയും. അലമാരയും നിലക്കണ്ണാടിയും.
ഇതെല്ലാം, ചിലപ്പോള്‍ ആര്യ ഏട്ത്തി ഒതുക്കിവെച്ച അതേ മട്ടില്‍ തന്നെ സൂക്ഷിക്കുകയാവും. ഇപ്പോഴും അറയില്‍ ഒരു സ്ത്രീ സാന്നിദ്ധ്യം ഉള്ളത് പോലെയാണ് സാധനങ്ങള്‍ ഇരിക്കുന്നത്.!
ചുവരില്‍ വലിയ ഒരു ഫോട്ടോ. മായയുടെ കൗതുകം വര്‍ദ്ധിച്ചു.
ആര്യ ഏട്ത്തി.
ഒരു തുളസിമാല ചാര്‍ത്തിയ ഓര്‍മ്മ.
വെളിച്ചം പുറകില്‍ നിന്നായതു കൊണ്ട് ഫോട്ടോയുടെ ചില്ലില്‍ മായയുടെ മുഖമാണു പ്രതിഫലിച്ചത്.!
മായ വശത്തേക്ക് മാറി നിന്നു നോക്കി.
പറഞ്ഞുതു പോലെ അതിസുന്ദരി തന്നെ. പക്ഷെ ചിറ്റ പറഞ്ഞതു പോലെ , തന്റെ മുഖഛായയൊന്നും ഇല്ല.ആ വലിയ കണ്ണുകളും, നെറ്റിത്തടവും.. ഒരു ചെറിയ സാമ്യമുണ്ടെന്നു വേണമെങ്കില്‍ പറയാം.

നല്ല കനത്തില്‍ മഷിയെഴുതിയ കണ്ണൂകള്‍ക്ക് ഒരു പ്രത്യേക കറുപ്പും വശ്യതയും. ചുവന്ന കല്ലുള്ള പതക്കം ഇറുക്കി ക്കെട്ടിയ കഴുത്തിനു നല്ല വടിവും ഭംഗിയും.
ഉയര്‍ന്ന മാറത്ത് കെട്ടിയ കച്ചയുടെ പുറത്ത് ഭംഗിയായി നീളുന്ന കാശുമാല.
സാക്ഷാല്‍ രവിവര്‍മ്മ ചിത്രങ്ങളിലെ ഒരു അന്തര്‍ജ്ജനം.
വരപ്പിച്ചതാവണം. ചിത്രകാരന്‍ തന്റെ ചായങ്ങള്‍ കൊണ്ട് ഏട്ത്തിയുടെ സൗന്ദര്യം കൂട്ടിയിട്ടേ ഉണ്ടാവൂ.
എത്ര നേരം അങ്ങിനെ നോക്കി നിന്നൂന്ന് അറിയില്ല.
മായക്കുട്ടീടെ ഏട്ത്തിയാണ്.
ശബ്ദം കേട്ട് മായ അറിയാതെ ഞെട്ടി. ഏട്ടനാണ്!
മായ എന്തോ തെറ്റ് ചെയ്ത കുട്ടിയെ പ്പോലെ ഒതുങ്ങി മാറി നിന്നു. പക്ഷെ ഏട്ടന്റെ മുഖത്തെ പുഞ്ചിരി ധൈര്യം തന്നു.
വീണ്ടും ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് മായ ചോദിച്ചു.
ഒരു പാട് വര്‍ഷങ്ങളായോ ഏട്ത്തി മരിച്ചിട്ട്?
ഉത്തരം കിട്ടുന്നതിനു മുമ്പേ അമ്മ വന്നു.
കുട്ടീ ..വ്‌ടെ നിക്ക്വാ..?
ഉണ്ണീ വരും മ്പഴക്കും വൈകും ന്നു വായനശാലേലിക്ക് ഫോണുണ്ട്.
കുട്ടി പോയി ഊണു കഴിച്ചോളൂ.ഞാനൊന്നു കെടക്ക്വാ..
ഊണു കഴിഞ്ഞ്…., മായയും ഒരു പുസ്തകവും വായിച്ചു ഒന്നു കിടന്നു. പെട്ടന്നു ഉറങ്ങിപ്പോയി.
ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ് മുഖം കഴുകി കണ്ണാടിയില്‍ നോക്കി.
കൂടുതല്‍ ഉറങ്ങിയിട്ടാവാം, കണ്ണുകളും കവിളും ഒക്കെ ചീര്‍ത്തിരിക്കുന്നു.
ആര്യ ഏട്ത്തിയുടെ ഫോട്ടോ ഓര്‍മ്മ വന്നു. ആ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. ജീവന്‍ തുടിക്കുന്ന സാന്നിദ്ധ്യമുള്ള ഫോട്ടൊ.
പെട്ടന്നു മായക്ക് ഒരു കുസൃതി തോന്നി.
പെട്ടി തുറന്ന് ,ഒരു പതക്കം എടുത്ത് കഴുത്തിറുക്കി കെട്ടി.മുടി പുറകിലേക്ക് വലിച്ചു ചീകി ക്കെട്ടി. കണ്മഷിയെടുത്ത് കണ്‍തടത്തില്‍ പരക്കെ നല്ല കട്ടിയില്‍ എഴുതി. നെറ്റിയില്‍ വലിയ പൊട്ടും വെച്ച് ചന്ദനക്കുറിയും തൊട്ടു.
വീണ്ടും കണ്ണാടിയില്‍ അങ്ങിനെ നോക്കിയിരുന്നപ്പോള്‍ തോന്നി…, ഇപ്പോള്‍ സുഭദ്ര ച്ചിറ്റ പറഞ്ഞതു പോലെ ആര്യ ഏട്ത്തിയുടെ ഒരു ഛായയൊക്കെ ഉണ്ട്.
പെട്ടന്നു വിഷ്ണു കയറി വന്നപ്പോള്‍ മായ അറിയാതെ ഞെട്ടി.
ഞാനൊരു പാടു വൈകിയോ..?വിഷ്ണു കയ്യിലിരുന്ന ഫയല്‍ മേശപ്പുറത്ത് വെക്കുന്നതിനിടെ ചോദിച്ചു.
അതു കേള്‍ക്കത്തത് പോലെ മായ ചിരിച്ചു.
ദാ,…നോക്കൂ. ഇപ്പൊ എന്നെ ക്കണ്ടാല്‍ ആരെ പോലെയുണ്ട്.
അപ്പോഴാണ്, വിഷ്ണു മായയെ ശ്രദ്ധിച്ചത്.

അയ്യേ…ഇതെന്തു ഗോഷ്ടി…വൃത്തികേട്.

നോക്കു കുത്തി പോലെയുണ്ട്. !
ഒരു സൈന്റിസ്റ്റിന്റെ ഭാര്യയായി നാളെ ഡല്‍ ഹിയില്‍ താമസിക്കണ്ടവളാണ്. ഇങ്ങിനെ അന്തര്‍ജ്ജനം ചമയാനാ ഭാവം?
കണ്ണും മുഖവും ഒക്കെ കരിവാരിത്തേച്ച്….ഛെ..പോയി കഴുകി വരൂ. ഒരു വേഷം?!
വിഷ്ണു കളിയാക്കി.
മായ പൊട്ടിച്ചിരിച്ചു.
അതേയ്…, സുഭദ്ര ച്ചിറ്റ പറയ്യാ…എന്നെക്കണ്ടാല്‍ ആര്യ ഏട്ത്തീടെ പോലെയുണ്ട് എന്ന്
പിന്നേ…ആര്യ ഏട്ത്തീടെ ഏഴയലത്ത് വരില്യാ,..മായ.
പറഞ്ഞത് സത്യമല്ല എന്നൊരു പുഞ്ചിരി ഉണ്ടായിരുന്നു വിഷ്ണുവിന്റെ മുഖത്ത്.
മായ മുഖം കഴുകി, ചായയും കൊണ്ട് വന്നപ്പോള്‍ വിഷ്ണു എന്തോ എഴുതുകയായിരുന്നു.
കരിമഷിയൊക്കെ തേച്ചു കളയാന്‍ ഒരു പാട് സോപ്പ് ഉപയോഗിച്ചിട്ടാവാം ,മായയുടെ മൂക്കും, കണ്ണുകളും കവിളുകലും ഒക്കെ ചുവന്നു തുടുത്തിരുന്നു.
വിളര്‍ത്ത നെറ്റിയും, നനവാര്‍ന്ന ചുണ്ടുകളും… അവളെ അടക്കം വാരി പുണരാനുള്ള ആവേശത്തില്‍ വിഷ്ണു നോക്കിയിരുന്നു.
എന്താ..ങനെ നോക്കണെ വിണ്ണൂ..
വിണ്ണു വോ?
ആരാ ദൊക്കെ പറഞ്ഞു തന്നത്..? വികൃതീ?
അതൊക്കെ പറഞ്ഞു. ആരാ ങനെ…വിളിക്കാന്നും അറിയാം. അത്ര വിണ്ണ ക്കനായിരുന്നൂന്ന് ഇപ്പൊ കണ്ടാ ആരും പറയില്ല.വെറും എല്ല്.
എല്ലിന്റെ ശക്തി കാട്ടിത്തരട്ടെ. മായ നാണിച്ചു ചുവന്നു പോയി.
വിഷ്ണു, മായയെ വരിഞ്ഞു മുറുക്കി ചുംബിച്ചു ശാസം മുട്ടിച്ചു.

അവള്‍ വിഷ്ണുവിനോട് ചേര്‍ന്നിരുന്നു.
നിയ്ക്ക്, പക്ഷെ ആര്യ എന്നുള്ള പേരു ഇഷ്ടായി. എന്തൊരു ഗാംഭീര്യം. രാജ ജന്മം പോലെ.
എനിക്കും അങ്ങനെ വല്ല പേരും മത്യാര്‍ന്നു.
ങാ…ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ നമുക്ക് മാറ്റാം. വല്ല അലമേലു ന്നോ മറ്റോ.
ആങ്ങ്. ഞാന്‍ ഡല്‍ഹിക്ക് വിളിച്ചിരുന്നു. നമ്മുടെ താമസസ്ഥലമൊക്കെ ശരിയായിട്ടുണ്ട്.
അയ്യോ..അത്ര ദൂരത്തേക്കോ. ..പിന്നെ അമ്മത്തെക്കൊക്കെ ഒന്നു വരണമെങ്കിലോ..?
പിന്നേ…ഏഴു രാത്രിയും പകലും കപ്പലു കയറിവരണം.
അതല്ല..ഞാന്‍ ഇത്രയും ദൂരം എവിടെയും പോയിട്ടില്ല..മായ വിഷ്ണുവിന്റെ കഴുത്തിലേക്ക് മുഖം ചായ്ച്ചു.
ഇത്രയും ദൂരം ന്നല്ല…വീടിനു വെളിയില്‍ ഇറങ്ങിയിട്ടില്യാന്നു പറയൂ.
ഏതായാലും, നാളെ പാലക്കാട്ടോ..,മറ്റോ പോയി ഒരു ഷോപ്പിംഗ്. വിഷ്ണു മായയെ കെട്ടിപ്പിടിച്ചു.
ഈ കാട്ടു മാക്കാത്തിയുടെ വേഷമൊക്കെ ഒന്നു മാറ്റണ്ടേ.
ഡല്‍ഹിയില്‍ ചെല്ലണം .അപ്പോഴാണു മായക്ക് ഇതൊക്കെ മനസ്സിലാവുക.
എനിക്കിങ്ങനെ യൊക്കെ മതി. മായ ചിണുങ്ങി.
എന്നാലും ഇത്രവേഗം.
ഞാനിവടമൊന്നും കണ്ടിട്ടു പോലുമില്ല. മച്ചിലെ ജനാലയില്‍ കൂടി നോക്കുമ്പൊ തന്നെ അറിയാം.
ഈ പ്രകൃതി ഭംഗിയൊക്കെ ഒന്നു ചുറ്റി നടന്ന് കാണണം നിയ്‌ക്കെയ്.
ഓ വലിയ കവിയാണല്ലൊ അല്ലേ?
അതെ,..ന്താ കളിയാക്കണെ.. കോളേജില്‍ നിയ്ക്കാണു ഒന്നാം സമ്മാനം.അറിയ്യോ.?
നിങ്ങളൊക്കെ എന്ത് കവിത്യാ..എഴ്ത്വാ?
ആവര്‍ത്തന വിരസമായ വര്‍ണ്ണനകള്‍..
മായ പൊട്ടിച്ചിരിച്ചു.
അല്ലാ…അടച്ചിട്ട ലാബില്‍, തിരിച്ചറിയാന്‍ വയ്യാത്ത ഗന്ധങ്ങളും.. മടുപ്പിക്കുന്ന നിശ്ശബ്ദതയും..
വിഷ്ണു പൊട്ടി ച്ചിരിച്ചു.
മഠയി..ഞാനെന്താ വല്ല കെമിസ്റ്റ് ആണെന്നാണോ മായ കരുതിയത്?
സൈന്റിസ്റ്റ് എന്നു വെച്ചാല്‍ മായക്കെന്തറിയാം. എന്റെ പ്രോജക്ടുകളെ ക്കുറിച്ചു പറഞ്ഞാല്‍ മനസ്സിലാവുമോ .
അയ്യോ… വേണ്ടേയ്..അതോണ്ടന്യാ ഞാന്‍ ഡല്‍ഹിക്ക് ഇല്ല്യാന്നു പറഞ്ഞതും. മായയുടെ മുഖം കനത്തു.
വിഷ്ണു പൊട്ടിച്ചിരിച്ചു മായയെ കടന്നു പിടിച്ചു.
വാ ഇവിടെ….ശരി ശരി .പിണങ്ങണ്ട.
ഞാനും പാടത്തും കളപ്പുരയിലുമൊക്കെ പോയിട്ട് ഒരു പാട് നാളായി. ഇന്നിപ്പോള്‍ വൈകി. നാലെ ഉച്ച കഴിഞ്ഞാല്‍ പുറപ്പെടാം. പിടിവാശിക്കാരി.
ഇതിനു ശിക്ഷയുണ്ട് …ട്ടോ.. വിഷ്ണു കണ്ണടിച്ച് ചിരിച്ചു.
ഏതായാലും, ഇറങ്ങുമ്പോ കടലാസ്സും പേനയുമൊക്കെ എടുത്തോളൂ. ഒന്നു രണ്ട് കവിത തരപ്പെടാതിരിക്കില്ല്യാ.
വിഷ്ണൂ…!
വരാന്തയില്‍ ആളനക്കം.
മായ പെട്ടന്നു നാവ് കടിച്ചു സ്വയം വായ പൊത്തി.
പേരു വിളിക്കണത് അമ്മ കേള്‍ക്കണ്ട ഭഗവാനെ.!

തുടരും……..

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/

 

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!