കനത്ത മഴ; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ തിരിച്ചുവിട്ടു

ബെംഗളൂരു: കനത്ത മഴ പെയ്തതിനെ തുടർന്ന് ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ തിരിച്ചുവിട്ടു. മഴ പെയ്തതോടെ വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ വെള്ളം കയറുകയും യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ലാൻഡിംഗ് സ്ട്രിപ്പ് രാത്രി 9.35 നും 10.29 നും ഇടയിൽ തകരാറിലായിരുന്നു. ഇതോടെ 17 വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടു. പതിമൂന്ന് ആഭ്യന്തര വിമാനങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളും ഒരു അന്താരാഷ്ട്ര കാർഗോ വിമാനവുമാണ് ചെന്നൈയിലേക്ക് തിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തിൽ 72.4 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. മെയ് 13 വരെ ബെംഗളൂരുവിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.