ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ എഐ കാമറകൾ സ്ഥാപിക്കുന്നു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ്വേയുടെ ഇരുവശങ്ങളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ബെംഗളൂരു-നിദാഘട്ട, നിദാഘട്ട-മൈസൂരു ഭാഗങ്ങളിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലായി 60 കാമറകളാണ് സ്ഥാപിക്കുക.
ഹൈവേയിൽ കൃത്യമായ ഇടവേളകളിൽ, കാമറകൾ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പാനലുകളും ഇതിനായുള്ള പോളുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ ഓരോ വശത്തും അഞ്ച് കാമറകളും ലെയ്ൻ തിരിച്ചുള്ള സ്പീഡ് ലിമിറ്റ് ഇൻഡിക്കേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇത് എല്ലാത്തരം നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിന് ദേശീയ പാത വികസന അതോറിറ്റിയെ സഹായിക്കും.
ഫെബ്രുവരിയിലാണ് പാതയിലെ ആറ് സ്ഥലങ്ങളിൽ 3.6 കോടി രൂപ ചെലവിൽ എഐ അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) കാമറകൾ വിന്യസിക്കുന്നതിന് അതോറിറ്റി അംഗീകാരം നൽകിയത്. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായുള്ള ടെക്‌സൈഡൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് കാമറകൾ സ്ഥാപിക്കുന്നത്.