സൗജന്യ ഡെന്റൽ ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: സോണൽ തലത്തിൽ സൗജന്യ ഡെന്റൽ ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങി ബിബിഎംപി. എട്ട് സോണുകളിലായി ഓരോ ഡെന്റൽ ക്ലിനിക് വീതം ആരംഭിക്കാനാണ് പദ്ധതി.
പരീക്ഷണാടിസ്ഥാനത്തിൽ ഡെൻ്റൽ ക്ലിനിക്കുകൾ തുറക്കുന്നതിനുള്ള നിർദേശം ബിബിഎംപി തയ്യാറാക്കിയിട്ടുണ്ട്. ദന്തസംബന്ധമായ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരുടെ ക്ഷേമത്തിനായാണിത്. ഡെൻ്റൽ ക്ലിനിക്കുകൾ തുറക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പ്രത്യേക ബോധവത്കരണം നടത്തുമെന്നും ബിബിഎംപി ചീഫ് ഹെൽത്ത് ഓഫീസർ ഡോ. സയ്യിദ് സിറാജുദ്ദീൻ മദീനി പറഞ്ഞു.
സർക്കാർ ആശുപത്രികൾക്ക് തുല്യമായി ദന്തസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്ക് സൗജന്യ ദന്തചികിത്സ ലഭ്യമാക്കുമെന്ന് ചീഫ് ഹെൽത്ത് ഓഫീസർ അറിയിച്ചു. ക്ലിനിക്കുകളിൽ ദന്തഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനായി ഡെൻ്റൽ കോളേജുകളുമായി ചർച്ച നടത്തിവരികയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഫിസിയോതെറാപ്പി സൗകര്യം വേണമെന്നും നിർദേശമുണ്ട്. ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും ഒരു ഡെൻ്റൽ ക്ലിനിക്കും ഫിസിയോതെറാപ്പി സൗകര്യവും തുറക്കാനും പദ്ധതിയുണ്ട്.
എന്നാൽ ബിബിഎംപി ചീഫ് കമ്മീഷണറുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്ന് ചീഫ് ഹെൽത്ത് ഓഫീസർ പറഞ്ഞു. നഗരത്തിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ബിബിഎംപി 275 കോടി രൂപ അനുവദിച്ചു.
പുതിയ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ഈ ഫണ്ട് വിനിയോഗിക്കും. ബിബിഎംപി ചീഫ് കമ്മീഷണറുടെ അനുമതി ലഭിച്ചാലുടൻ ഡെൻ്റൽ ക്ലിനിക്കുകളും ഫിസിയോതെറാപ്പി സൗകര്യങ്ങളും ആരംഭിക്കുമെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരാൽകർ വികാസ് കിഷോർ പറഞ്ഞു.