ബെംഗളൂരു വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശന നിരക്കിൽ മാറ്റം

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശന നിരക്കിൽ മാറ്റംവരുത്തി ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ). ക്യാബ് ഉൾപ്പെടെയുള്ള കൊമേഷ്യൽ വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും പ്രവേശന നിരക്കിലാണ് മാറ്റംവരുത്തിയിരിക്കുന്നത്. മേയ് 20 മുതൽ പ്രവേശന നിരക്കിലെ മാറ്റം പ്രാബല്യത്തിൽ വരും.
കെംപഗൗഡ വിമാനത്താവളത്തിൽ എത്തുന്ന ക്യാബ് ഉൾപ്പെടെയുള്ള കൊമേഷ്യൽ വാഹനങ്ങൾ (മഞ്ഞ നമ്പർ പ്ലേറ്റ്) ഏഴ് മിനിറ്റ് നേരംവരെ തുടരുന്നതിന് 150 രൂപ പ്രവേശന നിരക്കായി നൽകണം. ഏഴ് മിനിറ്റിന് മുകളിൽ തുടരുകയാണെങ്കിൽ 300 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങൾക്ക് (വെള്ള നമ്പർ പ്ലേറ്റ്) ഏഴ് മിനിറ്റ് വരെ തുടരുന്നതിന് നിരക്കില്ല. ഏഴ് മുതൽ 14 മിനിറ്റ് വരെ തുടരുന്നതിന് 150 രൂപ പ്രവേശന നിരക്കായി നൽകണം. ബസുകൾക്ക് 600 രൂപയാണ് പ്രവേശന നിരക്ക്. ടെംപോ ട്രാവലറുകൾക്ക് 300 രൂപയും.
ടെർമിനൽ ഒന്നിലെ ലെയിൻ മൂന്നിലൂടെയാണ് ബസുകൾക്കും ടെംപോ ട്രാവലറുകൾക്കുമുള്ള പ്രവേശനം. എന്നാൽ മുൻകൂറായി അറിയിക്കാതെ പ്രവേശന നിരക്ക് കൂട്ടിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രവേശന നിരക്ക് വിമാനത്താവള അധികൃതർ വീണ്ടും പരിശോധിക്കണമെന്നും, പുതിയ നിരക്ക് വളരെ കൂടുതലാണെന്നും വാഹന ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.