ബെംഗളൂരുവിലെ ഗെയിമിംഗ് സോണുകളിൽ പരിശോധനക്ക് ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന എല്ലാ ഗെയിമിംഗ് സോണുകളിലും പരിശോധന നടത്താൻ ബിബിഎംപിയോട് നിർദേശിച്ച് സംസ്ഥാന സർക്കാർ. ഗെയിമിംഗ് സോണുകളിൽ മുൻകരുതൽ നടപടികൾ വിലയിരുത്താനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ബിബിഎംപി ഉദ്യോഗസ്ഥർ പ്രത്യേക കർമപദ്ധതി രൂപീകരിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകി.
ശനിയാഴ്ച വൈകുന്നേരം ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിംഗ് സോണിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒമ്പത് കുട്ടികളടക്കം 36 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബെംഗളൂരുവിലെ നിരവധി ജനപ്രിയ മാളുകളിലും മറ്റ് സ്ഥലങ്ങളിലും ഇത്തരം ഗെയിമിംഗ് സോണുകളുണ്ട്. ഇവിടെ സാഹസിക – കായിക പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇത്തരം സൗകര്യങ്ങളിൽ മതിയായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഗെയിം സോണുകളിലോ വിനോദ കേന്ദ്രങ്ങളിലോ തീപിടിത്തമോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ മതിയായ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം നിർദേശിച്ചു.