ഐപിഎല്ലിൽ ചരിത്രമെഴുതി ഗില്ലും സുദര്‍ശനും; ചെന്നൈക്കെതിരേ ജയവുമായി ഗുജറാത്ത്

ശുഭ്മാൻ ഗില്ലിന്റെയും സായ് സുദർശന്റെയും വെടിക്കെട്ട് ഇന്നിങ്സിനുമേൽ പതറി ചെന്നൈ സൂപ്പർ കിങ്‌സ്. ഗുജറാത്ത് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യത്തിലേക്ക് എത്താനാകാതെ ചെന്നൈ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു.
പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുക ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിനെതിരിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തുകയായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും മതിലുകണക്കെ നിന്ന് സെഞ്ചുറി കുറിച്ചപ്പോൾ ഗുജറാത്ത് ഓപ്പണിങ് വിക്കറ്റിൽ നേടിയത് 210 റൺസ്. ഐ.പി.എൽ. ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് ഇനി ഗില്ലിന്റെയും സുദർശന്റെയും പേരുകളിൽ നിലനിൽക്കും.
മറുപടിയായി ചെന്നൈക്ക് വേണ്ടി ഡറിൽ മിച്ചലും (34 പന്തിൽ 63) മോയിൻ അലിയും (36 പന്തിൽ 56) പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിയില്ല. അവസാന ഓവറുകളിലെത്തി തകർത്തുകളിക്കുന്ന ധോണി ഗാലറിയെ ആവേശത്തിലാഴ്ത്തി. 11പന്തിൽ മൂന്ന് സിക്സും ഒരു ഫോറും സഹിതം 26 റൺസുമായി പുറത്താവാതെ നിന്നു.
ശുഭ്മാൻ ഗിൽ 25 പന്തുകളിൽ നിന്ന് ഫിഫ്റ്റിയും അടുത്ത 25 പന്തുകളിൽ സെഞ്ചുറിയും പൂർത്തിയാക്കി. സിമർജീത് സിങ്ങിന്റെ 11-ാം ഓവറിൽ ഇരുവരും മൂന്ന് സിക്സും ഒരു ഫോറും സഹിതം 23 റൺസ് നേടി. ഐ.പി.എലിൽ ഗില്ലിന്റെ ആറാം സെഞ്ചുറിയാണിത്. ഒമ്പത് സെഞ്ചുറികൾ നേടിയ കോഹ്ലിയും എട്ടെണ്ണം നേടിയ രോഹിത്തുമാണ് മുന്നിലുള്ളത്. ഗെയ്ക്വാദ്, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരും ആറ് സെഞ്ചുറികൾ നേടിയിട്ടുണ്ട്.