പ്രജ്വൽ രേവണ്ണക്കെതിരെ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ജെഡിഎസ്

ബെംഗളൂരു: ലൈംഗികാതിക്രമക്കേസ് നേരിടുന്ന ഹാസൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ജെഡിഎസ്. പ്രജ്വല് 400 സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ജെഡിഎസ് കർണാടക ഡിജിപി അലോക് മോഹന് പരാതി നൽകിയത്.
മുൻ എംഎൽസിയും പാർട്ടിയുടെ ബെംഗളൂരു സിറ്റി പ്രസിഡൻ്റുമായ എച്ച്.എം. രമേഷ് ഗൗഡയാണ് പരാതി നൽകിയത്. മേയ് രണ്ടിന് ശിവമോഗ, റായ്ച്ചൂർ ജില്ലാ ആസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. പ്രജ്വൽ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.
എന്നാൽ ഇത്തരത്തിൽ പ്രസ്താവന നടത്തുന്നതിന് പകരം അതിജീവിതകളുടെ വിവരങ്ങൾ പോലീസിന് കൈമാറാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് രമേശ് പരാതിയിൽ പറഞ്ഞു. പ്രജ്വലിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്താൻ രാഹുൽ ശ്രമിച്ചിരുന്നുവെന്ന് പരാതിയിൽ ആരോപിച്ചു. അന്വേഷണം പുരോഗമിക്കുന്ന കേസിൽ ഇത്തരം പ്രസ്താവനകൾ പൊതു പരിപാടിയിൽ പറയുന്നത് ശരിയല്ലെന്നും പരാതിയിൽ പറഞ്ഞു.