ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി കെഎസ്ആർടിസി

ബെംഗളൂരു: ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി കർണാടക ആർടിസി. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (കെഎസ്ആർടിസി) ബസ് ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് പിടിക്കപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് കെഎസ്ആർടിസി അധികൃതർ ജീവനക്കാർക്ക് നിർദേശം നൽകി. ബെംഗളൂരു-മൈസൂരു ആക്‌സസ് നിയന്ത്രിത ഹൈവേയിൽ 60 സിസിടിവി കാമറകൾ സ്ഥാപിച്ചതിന് പിന്നാലെ എല്ലാവിധ നിയമലംഘനങ്ങളും പിടികൂടുന്നുണ്ട്. മെയ് 12നാണ് ചന്നപട്ടണയിലെ ശ്രീ ചാമുണ്ഡേശ്വരി ഹോസ്പിറ്റലിന് സമീപം വാഹനമോടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിടികൂടിയത്. മൈസൂരു റൂറൽ ഡിവിഷനിൽ നിന്ന് ബസ് ഓടിക്കുന്ന ഹുൻസൂർ ഡിപ്പോയിലെ ജീവനക്കാരനാണ് ഡ്രൈവർ.
സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പോലും വാഹനം സ്ലോ ഡൗൺ ചെയ്തതിനു ശേഷം മാത്രമേ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കാവൂ എന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. അല്ലാത്തപക്ഷം ഡ്രൈവർമാരെ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നും അധികൃതർ വ്യക്തമാക്കി.