പ്രജ്വൽ രേവണ്ണയോട് ഇന്ത്യയിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ട് കുമാരസ്വാമി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന എംപി പ്രജ്വൽ രേവണ്ണയോട് ഇന്ത്യയിലേക്ക് മടങ്ങിവരാനും അന്വേഷണത്തെ നേരിടാനും ആവശ്യപ്പെട്ട് ജെഡിഎസ് നേതാവ് എച്ച്. ഡി. കുമാരസ്വാമി. എത്രയും പെട്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ ഹാജരായി നിരപരാധിത്വം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസ് അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, സിബിഐക്ക് കൈമാറണമെന്നും വീഡിയോകൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ബിജെപിയും ജെഡിഎസും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ തൻ്റെ കുടുംബാംഗങ്ങളുടെ ഫോണുകൾ സർക്കാർ ചോർത്തുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. എന്നാൽ കുമാരസ്വാമിയുടെ ഫോൺ ചോർത്തൽ അവകാശവാദങ്ങൾ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിരുന്നു.
ശിവകുമാറും ബിജെപി നേതാവ് ജി. ദേവരാജെ ഗൗഡയും തമ്മിലുള്ള ഓഡിയോ ടേപ്പുമായി ബന്ധപ്പെട്ട് ശിവകുമാറിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യർത്ഥിച്ചു. പ്രജ്വലിനെ പിടികൂടാൻ ഇൻ്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏപ്രിൽ 27നാണ് പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് കടന്നത്.