ബെംഗളൂരുവിൽ നാളെ മുതൽ അഞ്ച് ദിവസത്തേക്ക് മദ്യനിരോധനം

ബെംഗളൂരു: ബെംഗളൂരുവിൽ എല്ലാ വൈൻ ഷോപ്പുകളും ബാറുകളും പബ്ബുകളും നാളെ മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു. ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലും നടക്കാനിരിക്കുന്നതിനാൽ ജൂൺ ഒന്നിനും നാലിനും ഇടയിലും, ആറിനുമായിരിക്കും മദ്യവിൽപന നിരോധിക്കുക.
കർണാടകയിലെ സിറ്റിങ് അംഗങ്ങൾ വിരമിച്ചതിനെത്തുടർന്ന് ഒഴിവ് വരുന്ന നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 3ന് നടക്കും. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ ജൂൺ ആറിന് നടക്കും.
കർണാടക നോർത്ത്-ഈസ്റ്റ് ബിരുദധാരികളുടെ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. ചന്ദ്രശേഖർ ബി. പാട്ടീൽ, കർണാടക സൗത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ്സിലെ അയനുരു മഞ്ജുനാഥ, ബെംഗളൂരു ഗ്രാജ്വേറ്റ്സിലെ എ. ദേവഗൗഡ, കർണാടക സൗത്ത്-ഈസ്റ്റ് ടീച്ചേർസിലെ ഡോ. വൈ.എ. നാരായണസ്വാമി, കർണാടക സൗത്ത്-വെസ്റ്റ് ടീച്ചേർസിലെ എസ്.എൽ.ഭോജെ ഗൗഡ കർണാടക സൗത്തിലെ മാരിതിബ്ബെ ഗൗഡ എന്നിവരാണ് വിരമിക്കുന്നത്.