നികുതി അടക്കുന്നതിൽ വീഴ്ച; മന്ത്രി മാൾ വീണ്ടും അടച്ചു

ബെംഗളൂരു: 50 കോടി രൂപയുടെ വസ്തുനികുതി കുടിശ്ശിക വരുത്തിയതോടെ മല്ലേശ്വരത്തെ മന്ത്രി സ്‌ക്വയർ മാൾ വീണ്ടും അടച്ചു. മാൾ ബിബിഎംപിക്ക് 51 കോടി രൂപ നികുതി കുടിശ്ശിക നൽകാനുണ്ടെന്നും, പലതവണ നോട്ടീസ് നൽകിയിട്ടും കുടിശ്ശിക തീർക്കുന്നതിൽ പരാജയപ്പെട്ടെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
നികുതി അടക്കാത്തത് കാരണം കഴിഞ്ഞ മാസവും മാൾ ബിബിഎംപി സീൽ ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്ന് ഉത്തരവ് നേടിയ ശേഷമാണ് മാൾ പ്രവർത്തനം പുനരാരംഭിച്ചത്. രണ്ട് വർഷത്തിലധികമായി മാൾ നികുതി അടച്ചിട്ടില്ലെന്ന് ബിബിഎംപി കമ്മീഷണർ പറഞ്ഞു. അതേസമയം ബിബിഎംപി നടപടിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് മാൾ അധികൃതർ പറഞ്ഞു.