അറ്റകുറ്റപണി; നമ്മ മെട്രോ സർവീസ് ഒരു മണിക്കൂറോളം മുടങ്ങി

ബെംഗളൂരു: അറ്റകുറ്റപണി നടക്കുന്നത് കാരണം നമ്മ മെട്രോ സർവീസ് ഞായറാഴ്ച രാവിലെ ഒരു മണിക്കൂറോളം മുടങ്ങിയതായി ബിഎംആർസിഎൽ അറിയിച്ചു. എംജി റോഡിന് സമീപം അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലായിരുന്നു ഇത്. നാദപ്രഭു കെംപെഗൗഡ സ്റ്റേഷനും (മജസ്റ്റിക്) ഇന്ദിരാനഗറിനും ഇടയിലുള്ള സർവീസ് ആണ് മുടങ്ങിയത്.
രാവിലെ 6.50 മുതൽ 7.50 വരെ ഈ റൂട്ടിൽ സർവീസ് നിർത്തിവെച്ചു. അപ്രതീക്ഷിതമായി സർവീസ് നിർത്തിയതിനാൽ നിരവധി യാത്രക്കാർ അസൗകര്യം നേരിട്ടു. എന്നാൽ മറ്റെല്ലാ ലൈനുകളിലും രാവിലെ 7 മുതൽ ഷെഡ്യൂൾ പ്രകാരം മെട്രോ സർവീസുകൾ നടന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ബിഎംആർസിഎൽ അധികൃതർ ക്ഷമ ചോദിച്ചു.