എച്ച്. ഡി. രേവണ്ണയുടെ ജാമ്യം; പ്രത്യേക കോടതി വിധിയിൽ പിഴവ് കണ്ടെത്തി കർണാടക ഹൈക്കോടതി

ബെംഗളൂരു: ലൈംഗികാതിക്രമക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. രേവണ്ണക്ക് ജാമ്യം അനുവദിച്ച ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ വിധിയില്‍ പിഴവുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് കൃഷ്ണ. എസ്. ദീക്ഷിതിന്റെതാണ് നിരീക്ഷണം.
ഹർജി പരിഗണിക്കവെ രേവണ്ണക്ക് ജാമ്യം നല്‍കിയതില്‍ കോടതിക്ക് പിഴവ് പറ്റിയെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. മെയ് 13നാണ് ബെംഗളൂരുവിലെ പ്രത്യേക കോടതി രേവണ്ണക്ക് ജാമ്യം അനുവദിച്ചത്. ലൈംഗികാതിക്രമം നേരിട്ട ഇരയെ തട്ടിക്കൊണ്ട് പോയെന്ന കേസിലായിരുന്നു രേവണ്ണക്ക് പ്രത്യേക കോടതി ജാമ്യം നല്‍കിയത്. നിലവിൽ രേവണ്ണക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രേവണ്ണ നല്‍കിയ ഹർജിയില്‍ സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.
രണ്ട് ആള്‍ജാമ്യത്തോടൊപ്പം അഞ്ച് ലക്ഷം രൂപക്ക് വ്യക്തിഗത ബോണ്ട് നല്‍കുകയും അന്വേഷണ സംഘത്തോട് പൂര്‍ണമായും സഹകരിക്കാമെന്ന ഉറപ്പിന്മേലുമാണ് എച്ച് .ഡി. രേവണ്ണക്ക് ജാമ്യം അനുവദിച്ചത്. ഇതിനിടെ വിദേശത്ത് ഒളിവിലായിരുന്ന എച്ച്.ഡി. രേവണ്ണയുടെ മകനും എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. ജര്‍മനിയില്‍ നിന്ന് മടങ്ങിയെത്തും വഴി ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 27നാണ് പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് കടന്നത്. നയതന്ത്ര പാസ്പാര്‍ട്ട് ഉപയോഗിച്ചായിരുന്നു പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് കടന്നത്. തുടര്‍ന്ന് പ്രജ്വലിന്റെ പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാറിന്റെ നിര്‍ദേശാനുസരണം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രജ്വല്‍ രേവണ്ണ നാട്ടിലേക്ക് തിരിച്ചെത്തിയത്.