ഐപിഎൽ 2024; ലഖ്‌നൗവിനോടും തോറ്റു, സീസണിൽ മടങ്ങി മുംബൈ ഇന്ത്യൻസ്

ഐപിഎൽ 2024 സീസണിലെ തങ്ങളുടെ അവസാന മത്സരവും തോറ്റ് മുംബൈ ഇന്ത്യൻസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനോട് 18 റൺസിനാണ് മുംബൈ തോറ്റത്. ലഖ്നൗ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനേ സാധിച്ചുള്ളൂ. സീസണിലെ മുംബൈയുടെ 10-ാം തോൽവിയായിരുന്നു ഇത്. ഇതോടെ നാല് മത്സരങ്ങൾ ജയിച്ച് എട്ടു പോയന്റുമായി അവസാന സ്ഥാനക്കാരായി മുംബൈയുടെ സീസൺ അവസാനിച്ചു. 14 കളികളിൽ നിന്ന് 14 പോയന്റ് നേടി ആറാം സ്ഥാനത്തെത്തിയ ലഖ്നൗ പ്ലേ ഓഫ് കാണാതെ പുറത്തായി.
മികച്ച തുടക്കത്തിനു ശേഷമാണ് മുംബൈ മത്സരം കൈവിട്ടത്. 38 പന്തിൽ നിന്ന് മൂന്ന് സിക്സും 10 ഫോറുമടക്കം 68 റൺസെടുത്ത രോഹിത് ശർമയാണ് ടീമിന്റെ ടോപ് സ്കോറർ. 20 പന്തിൽ നിന്ന് 23 റൺസെടുത്ത ഡെവാൾഡ് ബ്രെവിസിനെ കൂട്ടുപിടിച്ച് രോഹിത് ഓപ്പണിങ് വിക്കറ്റിൽ 88 റൺസ് ചേർത്തിരുന്നു. എന്നാൽ പിന്നീട് വന്നവർക്കൊന്നും ടീമിനെ മുന്നോട്ടുനയിക്കാനായില്ല.
ഏഴാമനായി ഇറങ്ങിയ നമൻ ധീർ നടത്തിയ വെടിക്കെട്ടാണ് മുംബൈയുടെ തോൽവി ഭാരം കുറച്ചത്. വെറും 28 പന്തുകൾ കളിച്ച നമൻ അഞ്ചു സിക്സും നാല് ഫോറുമടക്കം 62 റൺസോടെ പുറത്താകാതെ നിന്നു. സൂര്യകുമാർ യാദവ് (0), നേഹൽ വധേര (1) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 13 പന്തിൽ നിന്ന് 16 റൺസെടുത്ത് മടങ്ങി. ഇഷാൻ കിഷൻ 14 റൺസെടുത്തു. ലഖ്നൗവിനായി രവി ബിഷ്ണോയിയും നവീൻ ഉൾ ഹഖും രണ്ടു വിക്കറ്റ് വീഴ്ത്തി