നമ്മ മെട്രോയുടെ നാഗസാന്ദ്ര – മാധവാര ലൈൻ ജൂലൈയിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ ജൂലൈ അവസാനത്തോടെ മാധവാരയിലേക്കും. മെട്രോയുടെ ഗ്രീൻ ലൈനിൽ ഉൾപ്പെടുന്ന നാഗസാന്ദ്ര – മാധവാര സ്ട്രെച്ച് ജൂലൈ അവസാനം തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. 3.7 കിലോമീറ്റർ ദൈർഘ്യമുള്ള സ്ട്രെച്ച് 2019ൽ തുറക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും വിവിധ കാരണങ്ങൾകൊണ്ട് നിർമാണം വൈകുകയായിരുന്നു. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നാഗസാന്ദ്ര – മാധവാര സ്ട്രെച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
മഞ്ജുനാഥ് നഗർ, ചിക്കബിദരികല്ലു, മാധവാര എന്നീ മൂന്നു സ്റ്റേഷനുകളാണ് പുതിയ സ്ട്രെച്ചിൽ ഉൾപ്പെടുന്നത്. 298 കോടി രൂപ ചെലവിട്ടാണ് നിർമാണം. മാധവാര സ്ട്രെച്ചിൻ്റെ ട്രാക്ക് നിർമാണം പൂർത്തിയായതായി ബിഎംആർസിഎൽ എംഡി എം. മഹേശ്വർ റാവു ദ പറഞ്ഞു. ട്രാക്ക് നിർമാണം പൂർത്തിയായതോടെ പാതയിൽ വരും മാസങ്ങളിൽ പരിശോധന നടക്കും. അതേസമയം സ്റ്റേഷനുകളുടെ നിർമാണപ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തി.
പെയിൻ്റിങ്, ഗ്രാനൈറ്റ് പതിക്കൽ, ഇലക്ട്രിക്കൽ – സിഗ്നലിങ് പ്രവൃത്തികൾ തുടങ്ങിയവയാണ് ഇനി നടക്കുക. നിർമാണപ്രവൃത്തികൾ ജൂണിൽ പൂർത്തിയാക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. പണി പൂർത്തിയാകുന്നതോടെ ട്രയൽ റൺ ആരംഭിക്കും. തുടർന്ന് മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറുടെ പരിശോധന നടക്കും.