ബെംഗളൂരുവിലെ നിശാ പാർട്ടി; ലഹരി ഉപയോഗിച്ച 86 പേർക്ക് നോട്ടീസ് അയച്ച് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാർട്ടിക്കിടെ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ 86 പേർക്കും നോട്ടീസ് അയച്ച് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണം എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തെലുഗു നടി ഹേമയ്ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ഇവർ ചോദ്യം ഹാജരായി ഇല്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. മെയ് 17നാണ് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫാം ഹൗസിൽ നടന്ന നിശാ പാർട്ടിയിൽ സിസിബി സംഘം റെയ്ഡ് നടത്തിയത്. തുടർന്ന് ഇവിടെനിന്നും വൻതോതിൽ ലഹരി മരുന്ന് കണ്ടെത്തിയിരുന്നു. ആന്ധ്രാപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള 25 സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പേരാണ് പാർട്ടിയിൽ പങ്കെടുത്തത്.
ഇവരുടെ രക്ത പരിശോധന നടത്തിയതിൽ നിന്നാണ് ലഹരി മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. നിലവിൽ മയക്കുമരുന്ന് എവിടെ നിന്നാണ് വാങ്ങിയത്, പാർട്ടി സംഘടിപ്പിച്ചത് ആരൊക്കെയാണ്, ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.