ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരു മരണം

ബെംഗളൂരു: എക്‌സ്‌പോർട്ട്‌സ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. അത്താണിക്കടുത്ത് ചിക്കട്ടിയിലാണ് സംഭവം. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ചോളം പോളിഷ് ചെയ്യുന്ന പ്രിയ എക്‌സ്‌പോർട്ട്‌സ് ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്
സ്‌ഫോടനത്തിൽ ഒരു സ്ത്രീ മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ശോഭ തേലി എന്ന യുവതിയാണ് മരിച്ചത്. ബോയിലറിലെ ഉയർന്ന മർദം മൂലമാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം കാരണം ഫാക്ടറിയുടെ ഭിത്തികൾ തകർന്നു.
എംഎൽഎ ലക്ഷ്മൺ സവാദിയുടെയും സാംഗ്ലിയിലെ വ്യവസായിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. പരുക്കേറ്റവരെ ചികിത്സയ്ക്കായി അത്താണി, മിറാജ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അത്താണി പോലീസ് കേസെടുത്തു.