ബെംഗളൂരുവിലെ ലഹരിപാർട്ടി; ഒരാൾ കൂടി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ നിശാപാർട്ടിക്കിടെ നടന്ന ലഹരിവേട്ടയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ പാർട്ടി സംഘാടകരിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസിലെ ആകെ അറസ്റ്റ് ആറ് ആയി ഉയർന്നു.
മെയ് 19ന് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആർ. ഫാംഹൗസിൽ നടന്ന പാർട്ടിക്കിടെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) റെയ്ഡ് നടത്തിയത്. പാർട്ടി നടന്ന ഫാംഹൗസിൽനിന്ന് എം.ഡി.എം.എ.യും കൊക്കെയ്നും ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തിരുന്നു.
ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നായി നൂറിലേറെ പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്. നടിമാരും മോഡലുകളും ടെലിവിഷൻ താരങ്ങളും ഉൾപ്പെടെയുള്ളവരും ഡി.ജെകളും ടെക്കികളുമാണ് പാർട്ടിയിലുണ്ടായിരുന്നത്. ബ്ലഡി മസ്കാര, റാബ്സ്, കയ്വി തുടങ്ങിയ ഡി.ജെകളാണ് പാർട്ടിയിലെ സംഗീതപരിപാടി നയിച്ചിരുന്നത്.
ഹൈദരാബാദ് സ്വദേശിയായ വാസു എന്നയാളാണ് ഫാംഹൗസിൽ പാർട്ടി സംഘടിപ്പിച്ചിരുന്നത്. ആന്ധ്രാപ്രദേശിൽനിന്ന് ഇയാൾ നേരിട്ടെത്തിയാണ് പാർട്ടിയുടെ സംഘാടനം ഉൾപ്പെടെ ഏകോപിപ്പിച്ചത്. സൺസെറ്റ് ടു സൺറൈസ് എന്ന് പേരിട്ട പാർട്ടിക്കായി ഏകദേശം 35 ലക്ഷമായിരുന്നു ചെലവ്.
പാർട്ടിയിൽ പങ്കെടുത്ത നടി ഹേമ ഉൾപ്പെടെ 86 പേരുടെ ലഹരി പരിശോധന ഫലവും പോസിറ്റീവ് ആണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ബെംഗളൂരൂവിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺകോഡിന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് റേവ് പാർട്ടി നടന്ന ജി.ആർ. ഫാംഹൗസ്.