മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ പിജി ഉടമയ്ക്ക് പിഴ ചുമത്തി

ബെംഗളൂരു: മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ പിജി ഉടമയ്ക്ക് ബിബിഎംപി പിഴ ചുമത്തി. ബൈതരായണപുര കട്ടിഗനഹള്ളി മെയിൻ റോഡിലുള്ള പേയിംഗ് ഗസ്റ്റ് ഉടമക്കാണ് പിഴ ചുമത്തിയത്. അയൽവാസിയുടെ വീട്ടിലേക്ക് പിജി ഉടമ മാലിന്യം വലിച്ചെറിഞ്ഞത്. 5,000 രൂപയാണ് പിഴ ചുമത്തിയത്.
ബിബിഎംപി ചട്ടങ്ങൾ പാലിക്കാതെ നിരന്തരമായി പിജി ഉടമ തങ്ങളുടെ വീട്ടുവളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നതായി ബിബിഎംപിക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.
പിജി അന്തേവാസികൾ ശുചിത്വം പാലിക്കുന്നില്ലെന്നും മാലിന്യ സംസ്‌കരണ നിയമങ്ങൾ പാലിക്കുന്നില്ലെന്നും മുമ്പും പരാതി ഉയർന്നിരുന്നു. അന്തേവാസികൾ ജനാലകളിൽ നിന്ന് മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും സമീപത്തെ കെട്ടിടത്തിൻ്റെ വളപ്പിലേക്ക് വലിച്ചെറിയുന്നതായി അയൽവാസികൾ ബിബിഎംപിയോട് പലതവണ പരാതിപ്പെട്ടിരുന്നു.