ഗംഗോത്രിയിലേക്കുള്ള ബസ് മറിഞ്ഞ് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ഗംഗോത്രിയിലേക്കുള്ള ബസ് മറിഞ്ഞ് അപകടം. കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. സിൽക്യാരയ്ക്ക് സമീപം അപകടം നടക്കുമ്പോൾ ബസിൽ നാൽപ്പത് തീർഥാടകർ ഉണ്ടായിരുന്നതായി ദുരന്ത നിവാരണ കൺട്രോൾ റൂം അറിയിച്ചു. യമുനോത്രിയിൽ നിന്ന് ഗംഗോത്രിയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്നു ബസ്.
എസ്‌ഡിആർഎഫ്, പോലീസ്, നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥരും നാട്ടുകാരും സംഭവസ്ഥലത്തെത്തി എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തി. അപകടത്തിൽ 15 പേർക്ക് നിസാര പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട ബസ് റോഡിൽ നിന്ന് മാറ്റി റൂട്ടിൽ ഗതാഗതം പുനസ്ഥാപിച്ചു.