ലൈംഗികാതിക്രമ കേസ്; മടക്ക യാത്ര റദ്ദാക്കി പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ കീഴടങ്ങാതെ എംപി പ്രജ്വൽ രേവണ്ണ. ഇന്ത്യയിലേക്കുള്ള മടക്ക യാത്ര പ്രജ്വൽ വീണ്ടും റദ്ദാക്കി. ഇന്നലെ അർധരാത്രിയോടെ പ്രജ്വൽ മടങ്ങിയെത്തുമെന്ന് അഭ്യൂഹം പ്രചരിച്ചെങ്കിലും അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. പുലർച്ചെ 12.30ന് ബെംഗളൂരുവിൽ എത്തുന്ന ലുഫ്താൻസ വിമാനത്തിൽ ബുക്ക് ചെയ്തിരുന്ന ടിക്കറ്റാണു റദ്ദാക്കിയത്.
മെയ് 7നു ശേഷം പ്രജ്വൽ രാജ്യത്ത് തിരിച്ചെത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് ടിക്കറ്റ് റദ്ദാക്കിയിരുന്നു. നിലവിൽ പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്നുതന്നെ അറസ്റ്റ് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).
പ്രജ്വലിന് എതിരെ ലൈംഗിക പീഡനത്തിനു 3 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 2 തവണ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടും കീഴടങ്ങാത്തതിനാൽ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസും പുറത്തിറക്കിയിട്ടുമുണ്ട്.