പ്രജ്വൽ രേവണ്ണ റിമാൻഡിൽ; ഏഴ് ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരു: ലൈംഗികാതിക്ര കേസില്‍ അറസ്റ്റിലായ ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ബെംഗളുരുവിലെ ജനപ്രതിനിധികളുടെ കോടതിയാണ് ജൂണ്‍ ആറ് വരെ കസ്റ്റഡി അനുവദിച്ച് ഉത്തരവിട്ടത്.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലുമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി 15 ദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഒറ്റദിവസത്തെ കസ്റ്റഡി നല്‍കിയാല്‍ മതിയെന്നായിരുന്നു പ്രജ്വലിന്റെ അഭിഭാഷകന്റെ വാദം.
പ്രജ്വലിനെതിരെയുള്ള എല്ലാ കേസുകളും കെട്ടിച്ചമച്ചതാണെന്നും മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാൽ ലൈംഗികാതിക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യംവിട്ട പ്രജ്വല്‍ ഇതുവരെ അന്വേഷണത്തിനു ഹാജരാകാതിരുന്നത് തീർത്തും ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രജ്വൽ ജര്‍മനിയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ബെംഗളൂരുവില്‍ എത്തിയതോടെയായിരുന്നു അറസ്റ്റിലായത്. തുടര്‍ന്ന് ഉച്ചയോടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.