ഐപിഎൽ 2024; ബെംഗളൂരു പുറത്ത്, ക്വാളിഫയറിന് യോഗ്യത നേടി സഞ്ജുവിന്റെ രാജസ്ഥാൻ

പ്ലേ ഓഫിലെ എലിമിനേറ്റർ മത്സരത്തിൽ ഫോമിലേക്ക് തിരിച്ചെത്തി രാജസ്ഥാൻ റോയൽസ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ക്വാളിഫയർ മാച്ചിന് യോഗ്യത നേടി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. തുടർച്ചയായ ആറ് മത്സരങ്ങളിൽ തോൽവി അറിയാതെ വന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റിന് കെട്ടുകെട്ടിച്ചാണ് ഐപിഎല്ലിലെ സെമി ഫൈനൽ എന്നറിയപ്പെടുന്ന ക്വാളിഫയർ മത്സരത്തിനുള്ള ടിക്കറ്റ് സഞ്ജുവും കൂട്ടരും എടുത്തത്.
ജയം അനിവാര്യമായിരിക്കെ സർവ്വ മേഖലകളിലും മേധാവിത്വം പുലർത്തിയാണ് രാജസ്ഥാൻ നിർണായക ജയം പിടിച്ചെടുത്തത്. കൂറ്റനടിക്കാരായ ആർസിബി താരങ്ങളെ വരുതിയിൽ നിർത്തുന്ന ബോളിങ് പ്രകടനമാണ് രാജസ്ഥാൻ ബോളർമാർ പുറത്തെടുത്തത്. മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനും രണ്ട് വിക്കറ്റെടുത്ത അശ്വിനും ട്രെൻഡ് ബോൾട്ടുമൊക്കെ ആർസിബിയെ റണ്ണെടുക്കാൻ അനുവദിക്കാതെ 172 റൺസിന് ഒതുക്കി.
മറുപടിയായി ഒരോവർ ശേഷിക്കെ 174/6 രാജസ്ഥാൻ ലക്ഷ്യം കണ്ടു. യശസ്വി ജെയ്സ്വാൾ (45), റിയാൻ പരാഗ് (36), ഹെറ്റ്മെയർ (26), ടോം കോഹ്ലർ (20), സഞ്ജു സാംസൺ (17), റോവ്മാൻ പവൽ (16) എന്നിവരെല്ലാം നിർണായക റൺസ് നൽകി. 24ന് വെള്ളിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ. ഇതിലെ എതിരാളികൾ ഫൈനലിൽ കൊൽക്കത്തയെ നേരിടും.