അൾട്രാസൗണ്ട് മുറികളിൽ ഗർഭിണികളുടെ ബന്ധുക്കൾക്ക് പ്രവേശനം നിയന്ത്രിക്കും

ബെംഗളൂരു: കൗൺസിലിംഗ് സെൻ്ററുകളിലോ ക്ലിനിക്കുകളിലോ ആശുപത്രികളിലോ ഗർഭിണികളുടെ ഭർത്താക്കന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ അൾട്രാസൗണ്ട് മുറിയിൽ പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിക്കുമെന്ന് ആരോഗ്യ – കുടുംബ ക്ഷേമ വകുപ്പ് അറിയിച്ചു. ഗർഭിണികളുടെ ബന്ധുക്കൾ ഭ്രൂണത്തിൻ്റെ ലിംഗഭേദം നിർണ്ണയിക്കാൻ അൾട്രാസൗണ്ട് ഉപയോഗിച്ച് വീഡിയോകൾ റെക്കോർഡ് ചെയ്യുകയും ദൃശ്യങ്ങൾ മറ്റുള്ളവർക്ക് പങ്കുവെക്കുകയും ചെയ്ത സംഭവങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഇത്, പ്രി-കൺസെപ്ഷൻ ആൻഡ് പ്രീ-നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്‌സ് (പിസി-പിഎൻഡിടി) ആക്ട് പ്രകാരമാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഹെൽത്ത് ക്ലിനിക്കുകൾ, ലബോറട്ടറികൾ, പിസി – പിഎൻഡിടി ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കൗൺസിലിംഗ് സെൻ്ററുകൾ എന്നിവിടങ്ങളിലെ അൾട്രാസൗണ്ട് മുറികളിൽ അധിക മോണിറ്ററുകൾ സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.