ലൈംഗികാതിക്രമ കേസ്; 31ന് തിരിച്ചെത്തിയില്ലെങ്കിൽ പ്രജ്വലിനെതിരെ കർശന നടപടിയെന്ന് മന്ത്രി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ശേഷം രാജ്യം വിട്ട എംപി പ്രജ്വൽ രേവണ്ണ 31ന് തിരിച്ചെത്തിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പിൽ ഹാജരാകുമെന്ന് രേവണ്ണ വീഡിയോ പ്രസ്താവന പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പരമേശ്വരയുടെ പരാമർശം.
ഇന്ത്യയിലെത്തുമ്പോൾ രേവണ്ണയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രജ്വൽ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ വീഡിയോകൾ ഏപ്രിലിലാണ് പ്രചരിച്ചത്. തൊട്ടുപിന്നാലെ ഇയാൾ ജർമ്മനിയിലേക്ക് കടക്കുകയായിരുന്നു. നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ചാണ് പ്രജ്വൽ ഇത്രയും നാൾ മാറിനിന്നത്.
പ്രജ്വലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന എസ്ഐടിയുടെ അപേക്ഷയെത്തുടർന്ന് മെയ് 18 ന് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ലുക്ക് ഔട്ട് സർക്കുലറിന് പുറമെ ഇൻ്റർപോളിൻ്റെ ബ്ലൂ നോട്ടീസും ഇയാൾക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്.